
കൊല്ലം: മന്ത്രി കെ.ബി. ഗണേഷ് കുമാർ പ്രസിഡന്റായ എൻ.എസ്.എസ് പത്തനാപുരം താലൂക്ക് യൂണിയൻ പിരിച്ചുവിട്ടു.
ഭരണസമിതിയിലെ ഭൂരിഭാഗം അംഗങ്ങളും രാജിവെച്ചതിനെ തുടർന്ന് കോറം നഷ്ടപ്പെട്ടതോടെയാണ് രജിസ്ട്രാർ നടപടി സ്വീകരിച്ചത്.
പത്തൊമ്പത് അംഗങ്ങളുള്ള സമിതിയില്‍ പത്ത് പേരാണ് സ്ഥാനം ഒഴിഞ്ഞത്. യൂണിയന്റെ ചുമതല തങ്കപ്പൻ പിള്ള ചെയർമാനായുള്ള പുതിയ അഡ്‌ഹോക്ക് കമ്മിറ്റിക്ക് കൈമാറി.
ഗണേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയുടെ ഏകാധിപത്യ പ്രവണതകളില്‍ പ്രതിഷേധിച്ചാണ് അംഗങ്ങള്‍ രാജിവെച്ചതെന്നാണ് റിപ്പോർട്ടുകള്‍. പത്മ കഫേ നിർമ്മാണവുമായി ബന്ധപ്പെട്ട വിഷയങ്ങളിലടക്കം ഗണേഷ് കുമാറിനെതിരെ ആരോപണങ്ങള്‍ ഉയർന്നിരുന്നു.
അംഗങ്ങളുടെ വിയോജിപ്പുകളും ഭരണസമിതിക്കുള്ളിലെ ആഭ്യന്തര പ്രശ്നങ്ങളുമാണ് ഒടുവില്‍ കമ്മിറ്റിയുടെ തകർച്ചയില്‍ കലാശിച്ചത്. എന്നാല്‍ യൂണിയനുള്ളില്‍ യാതൊരു വിധത്തിലുള്ള പ്രശ്നങ്ങളുമില്ലെന്നായിരുന്നു ഗണേഷ് കുമാർ മുൻപ് പ്രതികരിച്ചിരുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഭരണസമിതി പിരിച്ചുവിട്ടെങ്കിലും താലൂക്ക് യൂണിയൻ ജനറല്‍ ബോഡിയില്‍ ഗണേഷ് കുമാർ തുടരും. നിലവിലെ പ്രതിസന്ധി പരിഹരിക്കാനായി നിയോഗിക്കപ്പെട്ട പുതിയ സമിതി ഇന്ന് വൈകുന്നേരത്തോടെ ചുമതലയേറ്റു. വരും ദിവസങ്ങളില്‍ എൻ.എസ്.എസ് നേതൃത്വത്തിന്റെ ഭാഗത്തുനിന്ന് കൂടുതല്‍ നടപടികള്‍ ഉണ്ടാകുമോ എന്നാണ് രാഷ്ട്രീയ-സാമൂഹിക മേഖലകള്‍ ഉറ്റുനോക്കുന്നത്.



