കോട്ടയം നഗരസഭയുടെ മീൻ മാർക്കറ്റിന് സമീപം പുതിയ മീൻകട : കോടിമതയിൽ മീൻ വ്യാപാരികളുടെ പ്രതിഷേധം; മീൻ കട തുടങ്ങിയത് ഇറച്ചിക്കടയുടെ മറവിൽ: പ്രതിഷേധത്തെ തുടർന്ന് സ്റ്റോപ്പ് മെമ്മോ നൽകാനൊരുങ്ങി നഗരസഭ

കോട്ടയം നഗരസഭയുടെ മീൻ മാർക്കറ്റിന് സമീപം പുതിയ മീൻകട : കോടിമതയിൽ മീൻ വ്യാപാരികളുടെ പ്രതിഷേധം; മീൻ കട തുടങ്ങിയത് ഇറച്ചിക്കടയുടെ മറവിൽ: പ്രതിഷേധത്തെ തുടർന്ന് സ്റ്റോപ്പ് മെമ്മോ നൽകാനൊരുങ്ങി നഗരസഭ

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: നഗരസഭ കരാർ നൽകി പ്രവർത്തിപ്പിക്കുന്ന സ്ളോട്ടർ ഹൗസ് അടച്ച് പൂട്ടിയതിന് പിന്നാലെ നഗരസഭയുടെ മീൻ മാർക്കറ്റിന് സമീപം കോൾഡ് സ്റ്റോറേജ് പ്രവർത്തിപ്പിക്കാനുള്ള നീക്കം മീൻ കച്ചവടക്കാരുടെ പ്രതിഷേധത്തെ തുടർന്ന് തടഞ്ഞു. കട ഉദ്ഘാടനം ചെയ്യാനുള്ള നീക്കത്തിന് പിന്നാലെയാണ് പ്രതിഷേധവുമായി മീൻ കച്ചവടക്കാർ എത്തിയത്. മീൻ കച്ചവടക്കാരുടെ പ്രതിഷേധത്തെ തുടർന്ന് കോൾഡ് സ്റ്റോറേജിന് സറ്റോപ്പ് മെമ്മോ നൽകാൻ നഗരസഭ തീരുമാനിച്ചു.
വെള്ളിയാഴ്ച രാവിലെ എട്ടു മണിയോടെയായിരുന്നു സംഭവങ്ങളുടെ തുടക്കം. കോടിമത എം ജി റോഡരികിലെ ബിവറേജിന് മുന്നിലെ കെട്ടിടത്തിലാണ് കോൾഡ് സ്റ്റോറേജ് പ്രവർത്തനം ആരംഭിച്ചത്. ഇറച്ചിയും മീനും ഒന്നിച്ച് വിൽക്കുന്ന കട പ്രവർത്തനം ആരംഭിക്കാനായിരുന്നു നീക്കം. വിവരം അറിഞ്ഞ് നഗരസഭയുടെ മീൻ മാർക്കറ്റിലെ കച്ചവടക്കാർ പ്രതിഷേധവുമായി രംഗത്ത് എത്തുകയായിരുന്നു. തുടർന്ന് മീൻ മാർക്കറ്റിലെ വ്യാപാരികൾ കടയ്ക്ക് മുന്നിൽ പ്രതിഷേധവുമായി എത്തിയതോടെ ഇരു വിഭാഗവും വാക്കേറ്റവും സംഘർഷവും ഉണ്ടായി.
നഗരസഭയുടെ മീൻ മാർക്കറ്റ് ഇരിക്കുന്ന സ്ഥലത്തിന് സമീപം മറ്റൊരു മീൻ കടയ്ക്ക് അനുമതി നൽകരുതെന്ന് നേരത്തെ ഹൈക്കോടതി വിധിയുണ്ടായിരുന്നു. ഇത് ലംഘിച്ചാണ് നഗരസഭയുടെ മീൻ മാർക്കറ്റിന് നൂറ് മീറ്റർ മാത്രം അകലെയായി പുതിയ കട പ്രവർത്തനം ആരംഭിച്ചത്. തർക്കം സംഘർഷത്തിലേയ്ക്ക് എത്തും എന്ന സ്ഥിതി വന്നതോടെ പൊലീസ് പ്രശ്നത്തിൽ ഇടപെട്ടു. പുതിയ കടയുടെ ഉടമയോട് ലൈസൻസ് ഹാജരാകുവാൻ ആവശ്യപ്പെട്ടു. എന്നാൽ , ലൈസൻസ് ഹാജരാക്കാൻ സാധിച്ചില്ല. മീൻ വ്യാപാരികൾ പ്രതിഷേധവുമായി എത്തിയതോടെ നഗരസഭ കോൾഡ് സ്റ്റോറേജിന് സ്റ്റോപ്പ് മെമ്മോ നൽകാൻ തീരുമാനിക്കുകയായിരുന്നു.
എന്നാൽ , നഗരസഭ കരാർ നൽകി പ്രവർത്തിപ്പിച്ചിരുന്ന സ്ളോട്ടർ ഹൗസ് അടച്ച് പൂട്ടിയതും , നഗരപരിധിയിൽ കോൾഡ് സ്റ്റോറേജുകൾക്ക് ലൈസൻസ് നൽകുന്നതും നഗരസഭ , ആരോഗ്യ വിഭാഗം അധികൃതരുടെ ഗൂഡാലോചനയാണ് എന്നതാണ് സംശയം. മാലിന്യ സംസ്കരണ മാർഗങ്ങൾ ക്രമീകരിച്ച് നഗരത്തിൽ ആധുനിക അറവുശാല സ്ഥാപിക്കണമെന്ന ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പഴയ മാർക്കറ്റിന്റെ പ്രവർത്തനം നഗരസഭ അവസാനിപ്പിച്ചത്.
നഗരസഭയുടെ ഇറച്ചി മാർക്കറ്റ് പ്രവർത്തനം അവസാനിപ്പിച്ചതും ആധുനിക കശാപ്പ് ശാല തുറക്കാത്തതും , മാർക്കറ്റിന്റെ പരിസരങ്ങളിൽ പുതിയ കോൾഡ് സ്റ്റോറേജുകൾ ലൈസൻസ് പോലുമില്ലാതെ ആരംഭിക്കാൻ മൗനാനുവാദം നൽകിയതിനും പിന്നിൽ ഗൂഡാലോചനയുണ്ടെന്ന് മീറ്റ് ഇൻഡസ്ട്രീസ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എം.എ സലിം ആരോപിച്ചു. ഗാന്ധിനഗറിൽ ഒരു കോൾഡ് സ്റ്റോറേജിന് കോടതി ഉത്തരവ് ഉണ്ടായിട്ട് പോലും ലൈസൻസ് നൽകിയില്ല. ഒടുവിൽ കോടതിയലക്ഷ്യ കേസിലാണ് ലൈസൻസ് നൽകിയത്. ഈ നഗരസഭയുടെ മുക്കിന് തുമ്പിലാണ് അനധികൃത കോൾഡ് സ്റ്റോറേജ് പ്രവർത്തനം ആരംഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.