ഇനി വീട്ടുമുറ്റത്ത് ടൈൽ ഇടേണ്ട ; കർശന നിർദേശവുമായി നഗരസഭ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: നഗരത്തിൽ കെട്ടിട നിർമാണത്തിന് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി കോർപറേഷൻ. മഴവെള്ളം മണ്ണിലേക്കിറങ്ങുന്നത് തടയുംവിധം കെട്ടിട നിർമാണം കഴിഞ്ഞുള്ള തുറസായ സ്ഥലം പൂർണമായും ഇന്റർലോക്ക്, തറയോട്, ടൈൽ എന്നിവ പാകുന്നതിനും കോൺക്രീറ്റ് ചെയ്യുന്നതിനും നിരോധനം ഏർപ്പെടുത്തി. അതേസമയം, വെള്ളം ഭൂമിയിലേക്കിറങ്ങുന്ന തരത്തിലുള്ള തറയോട്, ഇന്റർലോക്ക് എന്നിവ പാകുന്നതിന് യാതൊരു തടസ്സവുമില്ല. കൗൺസിൽ യോഗം ഇന്നലെ ഈ നിയന്ത്രണങ്ങൾ അംഗീകരിച്ചു. സർക്കാരിന്റെ അനുമതി ലഭിച്ച ശേഷം ഇവ പ്രാബല്യത്തിൽ വരും.

3 സെന്റിന് മുകളിലുള്ള പ്ലോട്ടുകളിൽ നിർമിക്കുന്ന 50 ചതുരശ്ര മീറ്ററിൽ കൂടുതലുള്ള കെട്ടിടങ്ങൾക്ക് മഴവെള്ള സംഭരണിയും ഇതിലും കുറച്ച് വിസ്തീർണമുള്ള കെട്ടിടങ്ങളോടനുബന്ധിച്ച് മഴക്കുഴിയും നിർബന്ധമാക്കി. 60 ചതുരശ്ര മീറ്ററിൽ കൂടുതൽ വിസ്തീർണമുള്ള കെട്ടിടങ്ങളോടനുബന്ധിച്ച് മാലിന്യ സംസ്‌ക്കരണ സംവിധാനം ഉണ്ടെങ്കിൽ മാത്രമേ ഒക്കുപ്പൻസി സർട്ടിഫിക്കറ്റ് അനുവദിക്കുകയുള്ളൂ. പെർമിറ്റ് അപേക്ഷയോടൊപ്പം സമർപ്പിക്കുന്ന പ്ലാനിൽ മാലിന്യ സംസ്‌ക്കരണ സംവിധാനം സ്ഥാപിക്കുന്നത് എവിടെയെന്ന് രേഖപ്പെടുത്തണം. നിർമാണം പൂർത്തിയാക്കിയ ശേഷം ഉദ്യോഗസ്ഥർ പരിശോധിച്ച് ഉറപ്പാക്കിയ ശേഷമേ ഒക്കുപ്പൻസി സർട്ടിഫിക്കറ്റ് അനുവദിക്കുകയുള്ളൂ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കെട്ടിട നിർമാണത്തിലെ ക്രമക്കേടുകൾ ആദ്യമേ കണ്ടെത്തുന്നതിന് അടിസ്ഥാനം (ഫൗണ്ടേഷൻ) പൂർത്തിയായ ശേഷം ഇതിന്റെ ചിത്രം പകർത്തി കെട്ടിടം പണി തുടരുന്നതിനുള്ള അനുവാദത്തിനായി വീണ്ടും അപേക്ഷ നൽകണം. ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ സ്ഥല പരിശോധന നടത്തി ക്രമക്കേട് ഇല്ലെങ്കിൽ 14 ദിവസത്തിനകം തുടർ നിർമാണത്തിന് അനുമതി നൽകും.

നഗരത്തിലെ അനധികൃത കെട്ടിട നിർമാണങ്ങളുടെ എണ്ണവും ഇതു ക്രമവൽക്കരിക്കാൻ ഉദ്യോഗസ്ഥർ വ്യാപകമായി കൈക്കൂലി വാങ്ങുന്നതും ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് നിർമാണ പ്രവർത്തനങ്ങൾക്ക് കോർപറേഷൻ കർശന നിയന്ത്രണം ഏർപ്പെടുത്തുന്നത്. നഗരാസൂത്രണ സ്ഥിരം സമിതിയാണ് നിർദേശങ്ങൾ തയാറാക്കിയത്.