
കോട്ടയം: നിർമാണ മേഖലയില്‍ ഇതര സംസ്ഥാന തൊഴിലാളികളുടെ കൂലി ഏകീകരിച്ചു സർക്കാരോ തദ്ദേശ സ്ഥാപനങ്ങളോ ഉത്തരവിറക്കണം, ആവശ്യം ഉന്നയിച്ചു കരാറുകാർ.
ഒരു ദിവസം 1500 മുതല്‍ 2000 രൂപവരെയാണ് ഇതര സംസ്ഥാന തൊഴിലാളികള്‍ ചോദിക്കുന്നത്.
ബംഗാളിലെ തെരഞ്ഞെടുപ്പിൻ്റെ ഭാഗമായി നാട്ടിലേക്ക് മടങ്ങിയവർ ഇപ്പോഴാണ് തിരിച്ചെത്തി തുടങ്ങിയത്. പലയിടത്തും തൊഴിലാളി ക്ഷാമം ഇപ്പോഴും രൂക്ഷമാണ്.
ഇതു മുതലെടുത്താണ് മടങ്ങിയെത്തുന്നവരും കൂലി കൂടുതല്‍ ചോദിക്കുന്നത്. മേസ്തിരിക്ക് 935 രൂപയും സഹായിക്ക് 845 രൂപയുമാണ് സർക്കാർ കൂലി നിശ്ചയിച്ചിരിക്കുന്നത്.
പക്ഷേ, മേസ്തിരിക്ക് പ്രതിദിനം 1100 രൂപയും സഹായിക്ക് 900 രൂപയുമാണ് ഇപ്പോള്‍ നല്‍കുന്നത്. പക്ഷേ ഇതുപോരാ എന്ന നിലപാടാണ് തൊഴിലാളികള്‍.
Whatsapp Group 1 | Whatsapp Group 2 |Telegram Group

1500 രൂപ കുറഞ്ഞതു കിട്ടണമെന്ന് തൊഴിലാളികള്‍ വാശി പിടിച്ചതോടെ കരാറുകാരും പ്രതിസന്ധിയിലായി.
കരാറുകാരില്‍ പലരും ഉടമകളുടെ കരാറുണ്ടാക്കി കെട്ടിടങ്ങളും വീടുകളും നിർമിക്കുന്നവരാണ്. അസംസ്കൃത വസ്തുക്കളുടെ വിലവർധനയും നികുതി വർധനയും മൂലം നിർമാണ ചെലവുയർന്നു.
കിലോക്ക് എട്ടു രൂപവരെയാണ് കോണ്‍ക്രീറ്റ് നിർമാണ പ്രവർത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്ന കമ്പിയുടെ വില വർധിച്ചത്.
സിമന്റ് ഉള്‍പ്പെടെയുള്ള നിർമാണ സാമഗ്രികളുടെ വിലയും കൂടി. ഇലക്ട്രിക്കല്‍ ഉല്‍പ്പനങ്ങള്‍ക്ക് തീവിലയാണ്. മണലും, എം. സാൻഡും ലഭിക്കുന്നതിനുള്ള ബുദ്ധിമുട്ടിനു പുറമെയാണിത്.
വില കൂടിയതോടെ കരാർ എടുത്ത തുകയ്ക്ക് നിർമാണ പ്രവർത്തനങ്ങള്‍ പൂർത്തിയിക്കാൻ സാധിക്കാതെ വരുന്നു.
ഈ ഘട്ടത്തില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ കൂലി കൂട്ടി ചോദിക്കുന്നത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നതെന്നും കരാറുകാർ പറയുന്നു.
കൂലി ഏകീകരിച്ചു സർക്കാരോ തദ്ദേശ സ്ഥാപനങ്ങളോ ഉത്തരവിറക്കണമെന്നാണ് കരാറുകാരുടെ ആവശ്യം.






