കര്‍ഷകര്‍ ആശങ്കപ്പെടേണ്ടതില്ലെന്ന്​ മൃഗസംരക്ഷണവകുപ്പ്​

കര്‍ഷകര്‍ ആശങ്കപ്പെടേണ്ടതില്ലെന്ന്​ മൃഗസംരക്ഷണവകുപ്പ്​

സ്വന്തം ലേഖകൻ

കോട്ടയം: നിപ വൈറസ്​ വളര്‍ത്തുമൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക്​ വ്യാപിക്കുന്ന സാഹചര്യം ഇല്ലെന്നും കര്‍ഷകര്‍ ആശങ്കപ്പെടേണ്ടതില്ലെന്നും മൃഗസംരക്ഷണവകുപ്പ് അധികൃതർ അറിയിച്ചു. സംസ്ഥാനതലത്തിലും ജില്ലതലത്തിലും രോഗവ്യാപനം തടയുന്നതിനുള്ള നിരീക്ഷണസമിതികളും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ് ലൈന്‍, പൊതുജനങ്ങളുടെ സംശയദൂരീകരണത്തിനായി സ്​റ്റേറ്റ്​ ആനിമല്‍ ഡ്​റ്റസീസ് എമര്‍ജന്‍സി കണ്‍ട്രോള്‍ (നിപ വൈറല്‍ പനി) ഹെല്‍പ്പ് ലൈന്‍ (നമ്പര്‍ 0471 2732151) എന്നിവ രൂപവത്​കരിച്ചിട്ടുണ്ട്. രോഗം മൃഗങ്ങളെ ബാധിക്കുമെങ്കിലും വളര്‍ത്തുമൃഗങ്ങളില്‍ ഈരോഗം വന്നതായി ഇന്ത്യയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. നാടന്‍ ഫലങ്ങള്‍ ഭക്ഷിക്കുന്ന വവ്വാലുകളാണ് രോഗവാഹകര്‍. വവ്വാലുകള്‍ കടിച്ചതായി സംശയിക്കുന്ന ജാമ്പക്ക, പേരക്ക, മാങ്ങ തുടങ്ങിയ പഴവര്‍ഗ്ഗങ്ങള്‍ മനുഷ്യര്‍ കഴിക്കുകയോ വളര്‍ത്തു മൃഗങ്ങള്‍ക്ക് നല്‍കുകയോ ചെയ്യരുത്. വവ്വാലുകള്‍ കടിച്ച പഴവര്‍ഗങ്ങളിലൂടെയാണ് സാധാരണയായി രോഗവ്യാപനം നടക്കുന്നത്. രോഗവാഹകരായ വവ്വാലുകളുടെ വിസര്‍ജ്ജ്യം, ശരീരസ്രവങ്ങള്‍ എന്നിവയുമായുള്ള നേരിട്ടുള്ള സമ്പര്‍ക്കംമൂലമാണ് മനുഷ്യരിലേക്കും മൃഗങ്ങളിലേക്കും പടരുന്നത്.
മൃഗങ്ങളില്‍ ശ്വാസകോശ സംബന്ധമായ രോഗലക്ഷണങ്ങള്‍, വിഭ്രാന്തി, തുടങ്ങിയവ ശ്രദ്ധയില്‍പ്പെട്ടാല്‍ തൊട്ടടുത്ത മൃഗാശുപത്രിയുമായി ബന്ധപ്പെടണം. നിലവിലെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിന് കേന്ദ്രസര്‍ക്കാറി​െൻറ ഉന്നതതല സംഘം രോഗബാധിത പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തി രോഗപ്രതിരോധ പ്രവർത്തനം വിലയിരുത്തി​. രോഗവ്യാപനം തടയുന്നതിന്​ നടപടി ഏകോപിച്ചിട്ടുണ്ട്​. രോഗലക്ഷണങ്ങള്‍ സംശയിക്കപ്പെടുന്ന മൃഗങ്ങളുടെ സാമ്പിളുകള്‍ ശേഖരിച്ച് രോഗനിര്‍ണയത്തി​െൻറ പ്രാഥമിക പരിശോധന സംസ്ഥാനതല ഇൻസ്​റ്റിട്ട്യൂട്ടിലും ആവശ്യമെങ്കില്‍ രോഗസ്ഥിരീകരണത്തിനായി ഭോപ്പാലിലെ ഹൈ സെക്യൂരിറ്റി ലാബിലേക്ക്​ അയക്കുന്നതിനുമുള്ള സംവിധാനം മൃഗസംരക്ഷണ വകുപ്പ് ഏര്‍പ്പെടുത്തിയിട്ടുണ്ട്​.