കുന്നത്ത്കളത്തിൽ ജ്വല്ലറി – ചിട്ടി തട്ടിപ്പ്: വിശ്വനാഥനും ഭാര്യയും അടക്കം മുഴുവൻ പ്രതികളും പിടിയിൽ

കുന്നത്ത്കളത്തിൽ ജ്വല്ലറി – ചിട്ടി തട്ടിപ്പ്: വിശ്വനാഥനും ഭാര്യയും അടക്കം മുഴുവൻ പ്രതികളും പിടിയിൽ

സ്വന്തം ലേഖകൻ

കോട്ടയം: ജില്ലയിൽ വൻകിട ജ്വല്ലറി – ചിട്ടി തട്ടിപ്പുകാരായ കുന്നത്ത്കളത്തിൽ ഗ്രൂപ്പിലെ മുഴുവൻ പ്രതികളെയും പൊലീസ് പിടികൂടി. ജ്വല്ലറി ഉടമ വിശ്വനാഥൻ, ഭാര്യ രമണി, മകൾ നീതു, മരുമകൻ ഡോ.ജയചന്ദ്രൻ എന്നിവരെയാണ് പൊലീസ് സംഘം തൃശൂരിൽ നിന്നും ഇരിങ്ങാലക്കുടയിൽ നിന്നുമായി അറസ്റ്റ് ചെയ്തത്. മകൾ നീതുവിനെയും മരുകമൻ ഡോ.ജയചന്ദ്രനെയും തിങ്കളാഴ്ച ഉച്ചയോടെ തൃശൂരിൽ നിന്നും പിടികൂടിയപ്പോൾ, വിശ്വനാഥനെയും ഭാര്യ രമണിയെയും ചൊവ്വാഴ്ച ഉച്ചയ്ക്ക് ഇരിങ്ങാലക്കുടയിലെ രഹസ്യ സങ്കേതത്തിൽ നിന്നുമാണ് പൊലീസ് സംഘം പിടികൂടിയത്. വെസ്റ്റ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ നാലു പേരെയും മുൻകൂർ ജാമ്യാപേക്ഷ ചൊവ്വാഴ്ച ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് ഇപ്പോൾ പൊലീസ് സംഘം ഇവരെ അരസ്റ്റ് ചെയ്തത്.
ആയിരം കോടിയുടെ നിക്ഷേപ തട്ടിപ്പ് നടത്തിയ ശേഷം പാപ്പർ ഹർജി നൽകിയ ശേഷം കഴിഞ്ഞ മാസമാണ് കുന്നത്ത് കളത്തിൽ ഗ്രൂപ്പ് സ്ഥാപനങ്ങൾ പൂട്ടി സ്ഥലം വിട്ടത്. ഇതിനു പിന്നാലെയാണ് ജില്ലയ്ക്ക് അകത്തും പുറത്തുമുള്ള ആയിരക്കണക്കിനു നിക്ഷേപകർ ഇരുവർക്കുമെതിരെ പൊലീസിൽ പരാതി നൽകിയത്. തുടർന്നു ജില്ലാ പൊലീസ് മേധാവി ഹരിശങ്കർ പ്രത്യേക അന്വേഷണ സംഘത്തിനു രൂപം നൽകിയിരുന്നു. തുടർന്നാണ് പൊലീസ് സംഘം അന്വേഷണം നടത്തുകയായിരുന്നു. സംഭവം നടന്ന് ഒരു മാസം നടന്നിട്ടും കുന്നത്ത്കളത്തിൽ ജ്വല്ലറി ഉടമയെയും കുടുംബത്തെയും അറസ്റ്റ് ചെയ്യാൻ സാധിക്കാത്തത് പൊലീസിന്റെ വീഴ്ചയാണെന്നു ആരോപണം ഉയർന്നിരുന്നു. ആയിരക്കണക്കിനു പേരാണ് ഇവരുടെ സ്ഥാപനത്തിൽ പണം നിക്ഷേപിച്ച് തട്ടിപ്പിനു ഇരയായിരുന്നത്.
തുടർന്നു നിക്ഷേപകർ ആക്ഷൻ കൗൺസിൽ രൂപീകരിച്ച് തട്ടിപ്പുകാർക്കെതിരെ കഴിഞ്ഞ ദിവസങ്ങളിൽ രംഗത്ത് വരികയും ചെയ്തിരുന്നു. ഇതിനു പിന്നാലെ ആക്ഷൻ കൗൺസിൽ നേതൃത്വത്തിൽ കളക്ടറേറ്റ് മാർച്ചും സമരപരിപാടികളും ആസൂത്രണം ചെയ്യുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ കുന്നത്ത്കളത്തിൽ ഗ്രൂപ്പ് മേധാവി അടക്കമുള്ളവരെ പൊലീസ് പിടികൂടിയിരിക്കുന്നത്. ഇന്ന് വൈകിട്ട് അഞ്ചു മണിയോടെ പിടിയിലായവരെയെല്ലാം കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ ഹാജരാക്കും. തുടർന്നാവും അറസ്റ്റ് രേഖപ്പെടുത്തുക. കഴിഞ്ഞ ദിവസം പ്രതികൾക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. പ്രതികൾ രാജ്യം വിടാതിരിക്കാൻ വിമാനത്താവളങ്ങളിലും കർശന നിർദേശം നൽകിയിരുന്നു. ഇതിനിടെയാണ് ഇപ്പോൾ നാലു പേരെയും അറസ്റ്റ് ചെയ്തിരിക്കുന്നത്.
ജില്ലാ പൊലീസ് മേധാവി ഹരിശങ്കർ, ഡിവൈഎസ്പിമാരായ ആർ.ശ്രീകുമാർ, സുരേഷ്‌കുമാർ, സിഐമാരായ നിർമ്മൽ ബോസ്, സാജു വർഗീസ്, എസ്.ഐമാരായ എം.ജെ അരുൺ. ടി.എസ് റെനീഷ്, എഎസ്‌ഐമാരായ ഷിബുക്കുട്ടൻ, ഐ.സജികുമാർ, സിവിൽ പൊലീസ് ഓഫിസർ പി.എൻ മനോജ്, സിപിഒമാരായ പ്രദീപ് വർമ്മ, കെ.ആർ ബൈജു എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.