play-sharp-fill
യൂട്യൂബറെ മർദിച്ച കേസ്; ഭാഗ്യലക്ഷ്മി ഉൾപ്പെടെ മൂന്ന് പേർക്കെതിരേ കുറ്റപത്രം സമർപ്പിച്ചു; ലാപ്‌ടോപ്പും മൊബൈലും പിടിച്ചുപറിച്ച കേസിൽ കൂട്ടുപ്രതികളായി ദിയ സനയും ശ്രീലക്ഷ്മി അറയ്ക്കലും; വിചാരണക്കായി 22ന് കോടതിയിൽ ഹാജരാകാൻ ഉത്തരവ്

യൂട്യൂബറെ മർദിച്ച കേസ്; ഭാഗ്യലക്ഷ്മി ഉൾപ്പെടെ മൂന്ന് പേർക്കെതിരേ കുറ്റപത്രം സമർപ്പിച്ചു; ലാപ്‌ടോപ്പും മൊബൈലും പിടിച്ചുപറിച്ച കേസിൽ കൂട്ടുപ്രതികളായി ദിയ സനയും ശ്രീലക്ഷ്മി അറയ്ക്കലും; വിചാരണക്കായി 22ന് കോടതിയിൽ ഹാജരാകാൻ ഉത്തരവ്

സ്വന്തം ലേഖകൻ

തിരുവനന്തപുരം: തിരുവനന്തപുരത്ത് യുട്യൂബറെ ആക്രമിച്ച കേസിൽ നടി ഭാഗ്യലക്ഷ്മി അടക്കം മൂന്നുപേർക്കെതിരേ പോലീസ്കുറ്റപത്രം സമർപ്പിച്ചു. തമ്പാനൂർ പോലീസാണ് തിരുവനന്തപുരം അഡീഷണൽ ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. ഭാഗ്യലക്ഷ്മിക്ക് പുറമേ ദിയ സന, ശ്രീലക്ഷ്മി അറയ്ക്കൽ എന്നിവരാണ് കേസിലെ മറ്റുപ്രതികൾ.

യൂട്യൂബറായ വിജയ് പി.നായരെ ലോഡ്ജിൽ അതിക്രമിച്ച് കയറി മർദിച്ചെന്നും ശേഷം ദേഹത്ത് മഷിയൊഴിച്ചെന്നുമാണ് കുറ്റപത്രത്തിൽ പറയുന്നത്. അതിക്രമിച്ചുകയറിയതിനും മർദിച്ചതിനും വധഭീഷണി മുഴക്കിയതിനുമാണ് കുറ്റം ചുമത്തിയിരിക്കുന്നത്. അതേസമയം, ഡിസംബർ 22-ന് ഭാഗ്യലക്ഷ്മി അടക്കമുള്ള പ്രതികൾ നേരിട്ട് ഹാജരാകണമെന്ന് കോടതി നിർദേശിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നേരത്തെ മൂന്നു പ്രതികളുടെയും മുൻകൂർ ജാമ്യഹർജി തിരുവനന്തപുരം രണ്ടാം അഡീ. ജില്ലാ സെഷൻസ് ജഡ്ജി ശേഷാദ്രിനാഥൻ തള്ളിയിരുന്നു. നിയമം കൈയിലെടുത്ത പ്രതികൾക്ക് ജാമ്യം നൽകി സ്വതന്ത്രരാക്കിയാൽ സമൂഹത്തിനത് തെറ്റായസന്ദേശം നൽകുമെന്നും മറ്റുള്ളവർക്ക് ഇത് പ്രചോദനമാകുമെന്നും കാണിച്ച്‌ ഹർജിയിൽ കക്ഷി ചേർന്ന മെൻസ് റൈറ്റ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യയും കോടതിയെ സമീപിച്ചിരുന്നു.

അക്രമാസക്തരായി 11.28 മിനിറ്റ് നേരം അക്രമം അഴിച്ചുവിട്ട് അത് ലൈവായി സമൂഹമാധ്യമത്തിലൂടെ പ്രക്ഷേപണം ചെയ്ത പ്രതികൾ നിയമവാഴ്ചയെ വെല്ലുവിളിക്കുകയാണ് ചെയ്തതെന്നും അസോസിയേഷൻ വാദിച്ചിരുന്നു. ജാമ്യാപേക്ഷയുമായി എത്തേണ്ടവർ ശുദ്ധമായ കരങ്ങളോടെയാണ് എത്തേണ്ടത്. നിയമത്തെയും നീതിന്യായ നിർവഹണ സിസ്റ്റത്തെയും ബഹുമാനിക്കാൻ താൽപര്യമില്ലാത്തവർക്ക് ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 438 പ്രകാരമുള്ള വിവേചനപരിഹാരത്തിന് അർഹതയില്ല. കണ്ണിന് കണ്ണ് , പല്ലിന് പല്ല് എന്ന നയം ആരംഭിച്ച്‌ എല്ലാവരും നിയമം കയ്യിലെടുത്താൽ സമൂഹത്തിൽ അരാജകത്വമുണ്ടാകും. കുറ്റവും ശിക്ഷയും ജനങ്ങൾ സ്വയം നടപ്പാക്കിയാൽ ജനങ്ങളുടെ സമാധാന ജീവിതം അസാദ്ധ്യമാകും. ഇത്തരം കേസുകളിൽ പ്രതികളെ സ്വതന്ത്രരാക്കി വിട്ടയച്ചാൽ സാധാരണക്കാർക്ക് നിയമത്തിലും കോടതിയിലുമുള്ള വിശ്വാസം നഷ്ടപ്പെടുമെന്ന മെൻസ് റൈറ്റ് അസോസിയേഷന്റെ വാദത്തെ സർക്കാരും പിൻ താങ്ങിയിരുന്നു.

കസ്റ്റഡിയിൽ വെച്ച്‌ പ്രതികളെ ചോദ്യം ചെയ്യേണ്ട ആവശ്യമുണ്ട്. കൃത്യത്തിനുപയോഗിച്ച വാഹനം തൊണ്ടിയായി ഹാജരാക്കേണ്ടതുണ്ട്. പ്രതികൾ കൃത്യം ചെയ്തതിന്റെ സ്വയമായി ഉണ്ടാക്കിയ ഷൂട്ട് ചെയ്ത വീഡിയോ തെളിവ് , പ്രതികൾ കുത്യസ്ഥലത്തേക്ക് വന്നതിന്റെ സിസിറ്റി വി ഫൂട്ടേജ് എന്നിവ പിടിച്ചെടുത്ത് തൊണ്ടിയായി ഹാജരാക്കണമെന്ന അസോസിയേഷന്റെ വാദത്തിനെയും സർക്കാർ എതിർത്തില്ല. ഈ ഘട്ടത്തിൽ ജാമ്യം നൽകി സ്വതന്ത്രരാക്കിയാൽ അന്വേഷണത്തെ പ്രതികൂലമായി ബാധിക്കും. മുൻകൂർ ജാമ്യം അനുവദിച്ചാൽ പൊതുതാൽപര്യത്തിനും പൊതു നീതിക്കും പൊതുസമാധാനത്തിനും വിരുദ്ധമാകുമെന്നും അസോസിയേഷൻ വാദിച്ചിരുന്നു.

2020 സെപ്റ്റംബർ 26 നാണ് പ്രതികൾ സംഘം ചേർന്ന് വിജയ്. പി.നായരെ ആക്രമിച്ചത്. യൂട്യൂബ് ചാനലിൽ സ്ത്രീകൾക്ക് എതിരെ അശ്ലീല പരാമർശങ്ങൾ പോസ്റ്റ് ചെയ്‌തെന്നാരോപിച്ചായിരുന്നു ആക്രമണം. സംഘം ചേർന്ന് യൂട്‌ഊബർ നേമം തെന്നൂർ സ്വദേശി വിജയ്.പി.നായരെ മർദിക്കുകയും കറുത്ത മഷി ദേഹത്തൊഴിക്കുകയും മുണ്ടുരിഞ്ഞ് ചെറിയണം ദേഹത്ത് ഇടുകയും ചെയ്യുകയായിരുന്നു. 11.28 മിനിറ്റ് ദൈർഘ്യമുള്ള സംഭവം മുഴുവൻ ഫെമിനിസ്റ്റുകൾ വീഡിയോയിൽ പകർത്തുകയും ഇതിന്റെ ഫെയ്‌സ് ബുക്ക് ലൈവ് ദിയസന തന്റെ അക്കൗണ്ടിലൂടെ പങ്ക് വക്കുകയും ചെയ്തു. യൂട്യൂബ് ചാനലിൽ അപ് ലോഡ് ചെയ്ത് പ്രദർശിപ്പിക്കുകയും ചെയ്തു. വിജയ് താമസിക്കുന്ന തമ്ബാനൂർ ഗാന്ധാരി അമ്മൻകോവിൽ റോഡിലുള്ള ലോഡ്ജ് മുറിയിൽ അതിക്രമിച്ചു കടന്ന് കയറിയാണ് ആക്ടിവിസ്റ്റുകൾ പ്രതിഷേധം നടത്തിയത്.

തുടർന്ന് വിജയിന്റെ ലാപ്‌ടോപ്പ് , മൊബൈൽ ഫോൺ തുടങ്ങിയവ പിടിച്ചുപറിച്ചു കൊണ്ടു പോവുകയായിരുന്നു. തുടർന്ന് തമ്ബാനൂർ പൊലീസിൽ വിജയ് തങ്ങളെ മാനഭംഗപ്പെടുത്തണമെന്നുള്ള ഉദ്ദേശ്യത്തോടു കൂടി കൈയേറ്റവും ബലപ്രയോഗവും ചെയ്‌തെന്ന് കാട്ടി പരാതി നൽകി. പരാതിയിൽ തമ്ബാനൂർ പൊലീസ് ഇന്ത്യൻ ശിക്ഷാ നിയമത്തിലെ ജാമ്യമില്ലാ വകുപ്പായ 354 ചുമത്തി തമ്ബാനൂർ ക്രൈം 1764/2020 നമ്ബരായി കേസ് എടുക്കുകയായിരുന്നു. അന്ന് തന്നെ വിജയ്.പി. നായരുടെ പരാതിയിൽ ഭാഗ്യലക്ഷ്മിയടക്കം 3 ആക്ടിവിസ്റ്റുകളുടെ പേരിൽ തമ്ബാനൂർ പൊലീസ് ക്രൈം 1765/2020 നമ്ബരായി ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്തു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 452 (ദേഹോപദ്രവം ഏൽപ്പിക്കണമെന്ന ഉദ്ദേശ്യത്തോടെ ഒരുക്കം കൂട്ടിയുള്ള ഭവനഭേദനം), 294 (ബി) (അശ്ലീല പദപ്രയോഗം നടത്തൽ), 323 (ദേഹോപദ്രവം ഏൽപ്പിക്കൽ), 506 ( ഭീഷണിപ്പെടുത്തൽ), 392 (പിടിച്ചുപറിക്കൽ), 34 (കൃത്യത്തിന് പരസ്പരം ഉത്സാഹികളും സഹായികളുമായി നിന്ന് പ്രവർത്തിക്കൽ) എന്നീ വകുപ്പുകൾ 3 പേർക്കെതിരെ ചുമത്തിയാണ് കേസെടുത്തത്.