Wednesday, April 22, 2026

കനത്ത ചൂടിൽ കാർഷിക മേഖലയ്ക്ക് തകർച്ച: കൃഷികൾ ഉണങ്ങി നശിക്കുന്നു: വായ്പയെടുത്ത കർഷകൾ കടക്കെണിയിൽ.

Spread the love

കോട്ടയം: കനത്ത വേനല്‍ ചൂടില്‍ കാർഷിക മേഖലയ്ക്ക് തളർച്ച . ജില്ലയില്‍ പലയിടത്തും കൃഷികള്‍ ഉണങ്ങി നശിക്കുന്നു. കടുത്ത ചൂടില്‍ പുഴ, തോട്, കിണർ ഉള്‍പ്പെടെ വറ്റി വരണ്ടുതുടങ്ങിയതിനു പുറമേയാണു കൃഷികള്‍ ഉണങ്ങി നശിക്കുന്നത്.

video
play-sharp-fill

ജില്ലയില്‍ ഭൂരിഭാഗം കർഷകരുടെയും കാർഷിക വിളകള്‍ കരിഞ്ഞു തുടങ്ങി.
വാഴ, കാപ്പി, കുരുമുളക്, ഏലം, ജാതി, കൊക്കോ അടക്കമുള്ള കൃഷികളാണ് ഉണക്കു ബാധിച്ചു കരിഞ്ഞു നശിക്കുന്നത്. സാധാരണ വേനലിനെ പ്രതിരോധിക്കുന്ന പൂവൻ വാഴകള്‍ക്കും ഇത്തവണത്തെ കൊടുംചൂടില്‍ പിടിച്ചു നില്‍ക്കാനാകുന്നില്ല. കമുകു കർഷകരും പ്രതിസന്ധിയിലാണ്.

ലക്ഷങ്ങള്‍ വായ്പ എടുത്ത് രാപ്പകല്‍ അധ്വാനിച്ച്‌ വളർത്തിയെടുത്ത വാഴകള്‍ കുല വെട്ടുന്നതിന് മുൻപ് തന്നെ ഒടിഞ്ഞുവീഴുന്നത് കാണേണ്ടി വരുന്ന ദുരവസ്ഥയിലാണ് വാഴ കർഷകർ. വർധിച്ച്‌ വരുന്ന വേനല്‍ ചൂടില്‍ വെള്ളമില്ലാതെ വന്നതോടെയാണ് വാഴക്കുലകള്‍ വിളയുന്നതിന് മുൻപ് തന്നെ വാഴകള്‍ ഒടിഞ്ഞ് വീഴുന്നതെന്ന് കർഷകർ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിവിധ ബാങ്കുകളില്‍ നിന്നായി ലക്ഷത്തോളം രൂപ വായ്പയെടുത്ത് വാഴക്കൃഷി നടത്തിവരുന്ന കർഷകരും പ്രതിസന്ധിയിലാണ്. മുൻ വർഷങ്ങളില്‍ വേനല്‍ ഉണ്ടാകുമെങ്കിലും ഇടയ്ക്ക് പെയ്യുന്ന മഴ കർഷകർക്ക് ആശ്വാസം പകർന്നിരുന്നു. എന്നാല്‍ ഇത്തവണ മഴ പെയ്യാതെ വന്നതിനാല്‍ വാഴകള്‍ ഭൂരിഭാഗവും കുലച്ചതിനുശേഷം ഒടിഞ്ഞു പോവുകയാണ് ചെയ്തത്.
വാഴയിലെ ജലാംശം നഷ്ടപ്പെടുന്നതാണ് ഇത്തരത്തില്‍ വാഴ ഒടിയുന്നതിന് കാരണമാകുന്നതെന്ന് കർഷകർ പറയുന്നു. വേനല്‍ കടുത്തതോടെ സമാനതകളില്ലാത്ത പ്രതിസന്ധിയാണ് ഇത്തവണ ഹൈറേഞ്ചിലെ കർഷകരും നേരിടുന്നത്.

നനയ്ക്കാൻ സൗകര്യം ഇല്ലാത്ത തോട്ടങ്ങളെയാണ് വരള്‍ച്ച കൂടുതലായി ബാധിച്ചത്. എല്ലാ വിളകളും ഉണങ്ങി നശിക്കുന്ന അവസ്ഥയാണ് നിലവില്‍ ഉള്ളത് തെങ്ങുകളെ വരെ വരള്‍ച്ച ബാധിച്ചു. ചൂട് കൂടിയതോടെ മിക്ക സ്ഥലത്തും റബർ ടാപ്പിഗ് നിലച്ചു. വരുമാനം ഇല്ലാതെ കർഷകരും ജോലി ഇല്ലാതെ തൊഴിലാളികളും ദുരിതത്തിലായി.
ക്ഷീര കർഷകരും പ്രതിസന്ധിയില്‍

വയലുകളിലെ കുളങ്ങള്‍ വറ്റിയതും പുല്ല് കരിഞ്ഞുണങ്ങിയതും പോത്ത് വളർത്തുന്നവരെയും ദുരിതത്തിലാക്കിയിരിക്കുകയാണ്. ചൂട് കാരണം പാല്‍ കറവ കുറഞ്ഞതോടെ ക്ഷീര കർഷകരും പ്രതിസന്ധിയിലാണ്. പച്ചപ്പുല്ല് ലഭ്യമല്ലാത്തതിനാല്‍ കാലിത്തീറ്റയെ കൂടുതല്‍ ആശ്രയിക്കേണ്ട അവസ്ഥയിലാണ് ക്ഷീര കർഷകർ.

പുഴയില്‍ വെള്ളം കെട്ടിനില്ക്കുന്ന ഭാഗത്തെ കർഷകർക്കു മാത്രമാണ് അല്‍പ്പമാശ്വസമുള്ളത്. മഴ നേരത്തെ എത്തിയില്ലെങ്കില്‍ കർഷക ജീവിതങ്ങളും കരിഞ്ഞുണങ്ങും.