
ആലപ്പുഴയിൽ ഗുരുതര വൈകല്യങ്ങളോടെ കുഞ്ഞ് ജനിച്ച സംഭവം: തിരുവനന്തപുരം എസ്എടിയിലെ ചികിത്സയിൽ തൃപ്തരല്ല, കുഞ്ഞിന്റെ അമ്മയുടെ ആരോഗ്യ സ്ഥിതി മോശമാണെന്നും കുടുംബം; കുഞ്ഞിനെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി
ആലപ്പുഴ: ആലപ്പുഴയിൽ ഗുരുതര വൈകല്യങ്ങളോടെ ജനിച്ച കുഞ്ഞിനെ വീണ്ടും വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. തിരുവനന്തപുരം എസ്എടിയിലെ ചികിത്സയിൽ തൃപ്തരല്ലെന്നും കുഞ്ഞിന്റെ അമ്മയുടെ ആരോഗ്യ സ്ഥിതി മോശമാണെന്നും കുടുംബം അറിയിച്ചിരുന്നു.
തുടർന്നാണ് ആശുപത്രി മാറ്റിയത്. ചികിത്സാ പിഴവ് പരാതിയിൽ ആലപ്പുഴ കടപ്പുറം ആശുപത്രിയിലെ രണ്ട് ഡോക്ടർമാർക്കെതിരെ ഇതുവരെ നടപടി എടുത്തിട്ടില്ല. സംഭവത്തില്‍ നേരത്തെ നാല് ഡോക്ടർമാർക്കെതിരെ കേസെടുത്തിരുന്നു.
ആലപ്പുഴ കടപ്പുറം സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ്മാരായ ഡോ ഷേർലി, പുഷ്പ എന്നിവർക്കും സ്വകാര്യ ലാബിലെ രണ്ട് ഡോക്ടർമാർക്കും എതിരെയാണ് കേസെടുത്തിരുന്നത്. ആലപ്പുഴ സൗത്ത് പൊലീസാണ് സംഭവത്തില്‍ കേസെടുത്തത്. ഇതിന് പിന്നാലെ ആരോഗ്യ വകുപ്പും അന്വേഷണം പ്രഖ്യാപിച്ചിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗുരുതര വൈകല്യങ്ങളാണ് നവജാത ശിശുവിന് ഉള്ളത്. കുഞ്ഞിന്റെ ചെവിയും കണ്ണും ഉള്ളത് യഥാസ്ഥാനത്തല്ല. വായ തുറക്കുന്നില്ല. മലർത്തികിടത്തിയാൽ കുഞ്ഞിന്റെ നാവ് ഉള്ളിലേക്ക് പോകും. കാലിനും കൈക്കും വളവുമുണ്ട്. ഗർഭകാലപരിചരണത്തിലും ചികിത്സയിലുമുണ്ടായ പിഴവാണ് കുട്ടിക്ക് ഗുരുതര വൈകല്യങ്ങളുണ്ടാകാൻ കാരണമെന്നായിരുന്നു കുടുംബത്തിന്റെ ആരോപണം.
സംഭവം വലിയ വിവാദമായതോടെ സർക്കാർ ഇടപെട്ടു. കുട്ടിയുടെ തുടർചികിത്സയെല്ലാം സൗജന്യമായിരിക്കുമെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് ഉറപ്പ് നൽകുകയും ചെയ്യുകയായിരുന്നു.