
അപവാദം പ്രചരിപ്പിച്ചത് ചോദ്യം ചെയ്തു ; വീട്ടമ്മയുടെ സ്കൂട്ടറിന് തീയിട്ട് അ യൽവാസി ; തീ അണയ്ക്കാതിരിക്കാൻ ടാങ്കിലെ വെള്ളം തുറന്നു വിട്ടു ; വീട്ടമ്മയുടെ പരാതിയിൽ യുവാവ് പിടിയിൽ
തിരുവനന്തപുരം:വാക്കുതർക്കത്തെ തുടർന്ന് വീട്ടമ്മയുടെ സ്കൂട്ടറിന് തീയിട്ട് അയൽവാസി. അപവാദം പ്രചരിപ്പിച്ചത് ചോദ്യം ചെയ്തതാണ് പ്രകോപനം എന്നാണ് വീട്ടമ്മയുടെ പരാതി. കഴക്കൂട്ടം കണിയാപുരം കണ്ടലിലാണ് സംഭവം. പുത്തൻകടവ് സ്വദേശിനി ഷാഹിനയുടെ വീട്ടിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന സ്കൂട്ടര്‍ കഴിഞ്ഞ ദിവസം കത്തി നശിച്ചിരുന്നു. രാത്രി പതിനൊന്ന് മണിയോടെ വീട്ടിനുള്ളിൽ പുക നിറഞ്ഞത് ശ്രദ്ധയിൽപ്പെട്ട വീട്ടുകാർ പുറത്തിറങ്ങി നോക്കിയപ്പോഴാണ് സ്കൂട്ടർ കത്തുന്നത് കണ്ടത്.രാത്രി തീയണക്കാതിരിക്കാൻ വീട്ടിലെ പൈപ്പ് തുറന്നുവിട്ട ശേഷമാണ് സ്കൂട്ടർ കത്തിച്ചത്.
വീട്ടുകാരുടെ ബഹളം കേട്ട് എത്തിയ നാട്ടുകാരാണ് തീ അണച്ചത്. ഇതിനിടെ സ്കൂട്ടർ പൂർണമായും കത്തി നശിച്ചു. സമീപവാസിയായ നൗഫൽ എന്ന യുവാവിനെതിരെ ഷാഹിന പോലീസിൽ പരാതി നൽകി. ഷാഹിന നാട്ടിൽ ബിസിനസ് നടത്തുകയാണ്. ഇവരുടെ ഭര്‍ത്താവ് വിദേശത്താണ്. കഴിഞ്ഞ കുറെ നാളുകളായി സമീപവാസിയായ നൗഫൽ തന്നെ കുറിച്ച് അപവാദം പ്രചരിപ്പിക്കുന്നതായി ഷാഹിന ആരോപിക്കുന്നു. ഇത്തരത്തിൽ സഹോദരന്‍റെ അടുത്ത് നൗഫൽ ഷാഹിനയെ കുറിച്ച് അപവാദം പറയുകയും തുടർന്ന് യുവാവ് ഇത് വിലക്കുകയും ചെയ്തു. ഇതോടെ നൗഫൽ യുവാവിനെ ബിയർ കുപ്പി കൊണ്ട് കാലിൽ അടിക്കുകയും മുഖത്തടിക്കുകയും ചെയ്തെന്നും പരാതിയില്‍ പറയുന്നു. ഈ സംഘര്‍ഷത്തിനിടെ പ്രദേശവാസികളാണ് നൗഫലിനെ പിടിച്ചുമാറ്റിയത്. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ ഷാഹിന, നൗഫൽ തന്നെ കുറിച്ച് അപവാദം പറയുന്നത് ചോദ്യം ചെയ്തു.
ഇതേതുടര്‍ന്ന് നൗഫൽ യുവതിയെ അസഭ്യം വിളിച്ചതായും പരാതിയില്‍ പറയുന്നു. ഇതിന് പിന്നാലെയാണ് രാത്രി വീട്ടുമുറ്റത്ത് വച്ചിരുന്ന സ്കൂട്ടർ കത്തിയതെന്ന് ഷാഹിന പരാതിയില്‍ പറയുന്നു. തന്നോടുള്ള വൈരാഗ്യം മൂലം നൗഫലാണ് സ്കൂട്ടര്‍ കത്തിച്ചതെന്ന് ഷാഹിന നല്‍കിയ പരാതിയില്‍ പറയുന്നു. സംഭവത്തിൽ മംഗലപുരം പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുകയാണ് . ആരോപണ വിധേയനായ നൗഫലിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തെങ്കിലും ഇയാളാണോ വാഹനം കത്തിച്ചതെന്ന് സ്ഥിതികരിച്ചിട്ടില്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group
