മീനച്ചിലാറ്റിൽ കുളിക്കാൻ ഇറങ്ങിയവരെ നീർനായ് ആക്രമിച്ചു ; ശബരിമല തീർത്ഥാടകർ ഉൾപ്പെടെ നാല് പേർക്ക് കടിയേറ്റു

മീനച്ചിലാറ്റിൽ കുളിക്കാൻ ഇറങ്ങിയവരെ നീർനായ് ആക്രമിച്ചു ; ശബരിമല തീർത്ഥാടകർ ഉൾപ്പെടെ നാല് പേർക്ക് കടിയേറ്റു

Spread the love

സ്വന്തം ലേഖകൻ

പാലാ: മീനച്ചിലാറ്റിൽ കുളിക്കാൻ ഇറങ്ങിയവരെ നീർനായ് ആക്രമിച്ചു. ശബരിമല തീർത്ഥാടകർ ഉൾപ്പെടെ നാല് പേർക്കാണ് നീർനായയുടെ കടിയേറ്റത്. കടപ്പാട്ടൂർ ക്ഷേത്രക്കടവിൽ കുളിക്കാനിറങ്ങിയ രണ്ട് ശബരിമല തീർഥാടകരെയും നാട്ടുകാരായ രണ്ടാളുകളെയുമാണ് നീർനായ് കടിച്ചത്. സ്ത്രീകളുടെ കടവിൽ കുളിക്കാൻ എത്തിയ സ്ത്രീ നീർനായ ചീറിയടുക്കുന്നതുകണ്ട് ഓടിരക്ഷപെടുകയായിരുന്നു.

കടപ്പാട്ടൂർ മൂലയിൽ രാധാകൃഷ്ണൻ നായർ (55), ക്ഷേത്രപരിസരത്തെ വ്യാപരി എന്നിവർക്കാണ് നീർ നായയുടെ ആക്രമണമേറ്റത്. രാധാകൃഷ്ണൻ നായർ പാലാ ജനറൽ ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിലും എത്തി ചികിത്സ തേടി. നീർനായ് ശല്യം തടയാൻ നടപടി സ്വീകരിക്കേണ്ടത് വനം വകുപ്പ് അധികൃതരാണ്. എന്നാൽ സംഭവം സംബന്ധിച്ച് ക്ഷേത്രം അധികൃതരോ പൊലീസ് അധികൃതരോ ഇത് വനംവകുപ്പ് അധികൃതരെ അറിയിച്ചിട്ടില്ല. കഴിഞ്ഞ വർഷം മീനച്ചിലാറ്റിൽ കിടങ്ങൂരിലും നീർനായ് ആക്രമണം ഉണ്ടായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വെള്ളത്തിലും കരയിലും ജീവിക്കാൻ കഴിയുന്ന നീർനായ വെള്ളത്തിനടിയിൽ 15 മുതൽ 20 മണിക്കൂർ വരെ ശ്വാസം പിടിച്ച് കഴിയും. കൂടാതെ വെള്ളത്തിലൂടെ അതിവേഗത്തിൽ നീന്താൻ കഴിയുന്ന ഇവയെ തുരത്താൻ കഴിയാത്ത അവസ്ഥയാണ്. കൂട്ടമായി കഴിയുന്ന ഇവയുടെ പ്രധാന ആഹാരം മത്സ്യങ്ങളാണ്. മത്സ്യ ലഭ്യത കുറഞ്ഞാൽ കരയിൽ കയറി കോഴികളെയും മറ്റും പിടിച്ചു തിന്നുകയാണ് പതിവ്. കൂടാതെ ഉൾനാടൻ മത്സ്യ ബന്ധന തൊഴിലാളികളുടെ വലകളും ഇവ നശിപ്പുക പതിവായിട്ടുണ്ട്.

നദികളിലേക്ക് ചാഞ്ഞു നിൽക്കുന്ന പരുത്തികളും മുളങ്കാടുകളുമാണ് ഇവയുടെ ആവാസ കേന്ദ്രം. നായയുടെ രൂപത്തിലുള്ള ഇവയ്ക്ക് ഇരുട്ട് തവിട്ട് നിറമാണുള്ളത്. കൂർത്ത് മൂർച്ചയേറിയ വളഞ്ഞ പല്ലുകൾ ഉള്ളതിനാൽ ഇവയെ പിടികൂടാനോ നിർമ്മാർജ്ജനം ചെയ്യാനോ കഴിയാത്ത അവസ്ഥയാണ്.

പഴയ കാലങ്ങളിൽ ചുരുക്കം ചില സ്ഥലങ്ങളിൽ മാത്രം കണ്ടു വന്ന നീർനായ ഇപ്പോൾ നദികളിൽ എല്ലായിടത്തും ഇതിന്റെ സാന്നിധ്യമുണ്ട്. ഇതിന്റെ കടിയേറ്റവർക്ക് പേ വിഷബാധക്കെതിരെയുള്ള മരുന്നുകളാണ് ഉപയോഗിക്കുന്നത്. ഈ മരുന്നുകൾ പലപ്പോഴും താലൂക്ക് ആശുപത്രികളിലോ ഹെൽത്ത് സെന്ററുകളിലോ ലഭ്യമല്ലാത്തതിനാൽ കടിയേറ്റവർ മിക്കവാറും കോട്ടയം മെഡിക്കൽ കോളജിലാണ് ചികിത്സ തേടുന്നത്.ഇവയുടെ ആവാസം മൂലം നദികളിലെ മത്സ്യ സമ്പത്ത് കുറയാൻ കാരണമായിട്ടുണ്ട്‌