
നാട്ടകത്തെ കുടിവെള്ളപ്രശ്നം : ലഭ്യമായ ജലം കൃത്യമായ അളവിൽ വീതം വച്ച് നൽകി കുടിവെള്ളക്ഷാമം പരിഹരിക്കും ; അടിയന്തര നടപടികൾക്ക് മന്ത്രി റോഷി അഗസ്റ്റിന്റെ നിർദ്ദേശം
സ്വന്തം ലേഖകൻ
കോട്ടയം: ലഭ്യമായ ജലം കൃത്യമായ അളവിൽ വീതം വച്ച് നൽകി നാട്ടകം പ്രദേശത്തെ കുടിവെള്ളക്ഷാമം പരിഹരിക്കാൻ മന്ത്രി റോഷി അഗസ്റ്റിൻ നിർദ്ദേശം നൽകി. നാട്ടകം പ്രദേശത്തെ കുടിവെള്ളക്ഷാമം പരിഹരിക്കുവാൻ വേണ്ടി കോട്ടയം കളക്ടറേറ്റിൽ മന്ത്രി തലത്തിൽ നടത്തുന്ന അവലോകന യോഗത്തിൽ ആണ് അദ്ദേഹം ഇക്കാര്യം നിർദേശിച്ചത്.
കെ കെ റോഡ് ക്രോസിംഗിനായി കോൺക്രീറ്റ് ഡക്റ്റ് നിർമ്മിക്കുന്നതിന് മന്ത്രി നിർദേശിച്ചു. പിന്നീട് മറ്റാവശ്യങ്ങൾക്കും പ്രയോജനകരമായ രീതിയിൽ ആകും ഡക്ട് നിർമ്മിക്കുക.
Whatsapp Group 1 | Whatsapp Group 2 |Telegram Group

മണിപ്പുഴയിൽ ക്രോസ് ചെയ്യുന്നതിന് എച്ച് ഡി ഡി രീതിയിൽ പൈപ്പ് സ്ഥാപിക്കാനും തീരുമാനമായി. ഭൂമിക്ക് അടിയിലൂടെ തുരന്ന് പൈപ്പ് ഇടുന്നതാണ് ഇത്. ട്രാഫിക്കിനെ ബാധിക്കില്ല എന്നതാണ് ഇതിന്റെ പ്രയോജനം.
എൻ എച്ച് അധികൃതരുമായി ചേർന്ന് ഇന്നലെ തന്നെ സംയുക്ത പരിശോധന നടത്താനും മന്ത്രി നിർദേശിച്ചു. ഒരാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കുകയും പുതുക്കിയ നിർദ്ദേശം തയ്യാറാക്കുകയും അനുമതിക്കായി അപേക്ഷിക്കുകയും ചെയ്യണം എന്നും ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
നാഷണൽ ഹൈവേ മൂവാറ്റുപുഴ എക്സിക്യൂട്ടീവ് എൻജിനീയർ, എൻ.എച്ച് കൊല്ലം ഡിവിഷൻ പ്രതിനിധീകരിച്ച് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയാർ എന്നിവർക്ക് പുറമെ വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു. നാടകത്തെ ജനപ്രതിനിധികൾ മന്ത്രിയെ സന്ദർശിച്ച് നിവേദനം നല്കി. യോഗത്തിന് ശേഷം മന്ത്രി യോഗ തീരുമാനങ്ങൾ ഇവരെ അറിയിച്ചു.