
കോട്ടയം: കൊല്ലം ഹൈസ്‌കൂൾ ജംഗ്ഷനിൽ നിന്നും ആരംഭിച്ച് തമിഴ്നാട്ടിലെ ഡിൻഡിഗൻ വരെയുള്ള ദേശീയ പാത 183 റോഡ് ഗതാഗത മന്ത്രാലയത്തിൽ നിന്ന് (Ministry of Transport and Highways) ദേശീയപാതാ അതോറിറ്റി (National Highway Authority of India) ഏറ്റെടുത്തതായി ഫ്രാൻസിസ് ജോർജ് എം.പി അറിയിച്ചു.
കേരളത്തിലെ കൊല്ലം മുതൽ കുമളി വരെയുള്ള 216 കിലോമീറ്ററും കുമളി മുതൽ ഡിണ്ടിഗൽ വരെയുള്ള 134 കിലോമീറ്ററും ഉൾപ്പെടെ ആകെ 350 കിലോമീറ്ററാണ് പാതയുടെ ദൈർഘ്യം. ഇതുവരെ ഇരു സംസ്ഥാനങ്ങളിലെയും പൊതുമരാമത്ത് വകുപ്പിന്റെ മേൽനോട്ടത്തിലായിരുന്നു പ്രവൃത്തികൾ. ഇനി നിർമാണവും ആസൂത്രണവും എൻഎച്ച്എഐയുടെ നിയന്ത്രണത്തിലാകും.
കൊല്ലം കടവൂർ ബൈപാസ് ജംഗ്ഷൻ മുതൽ ചെങ്ങന്നൂർ വരെയുള്ള 54.37 കിലോമീറ്റർ നാലുവരിയാക്കുന്നതിന് കേന്ദ്രം 1663.15 കോടി രൂപ അനുവദിച്ചിട്ടുണ്ട്. നടപടികൾ പൂർത്തിയാക്കി ഉടൻ പ്രവൃത്തി ആരംഭിക്കും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ആഞ്ഞിലിമൂട് മുതൽ കുമളി വരെയുള്ള ഭാഗം നാലുവരിയാക്കുന്നതിനുള്ള പഠനത്തിന് പുതിയ കൺസൾട്ടൻസിയെ നിയമിക്കുമെന്നും എംപി പറഞ്ഞു. ഇതിനായുള്ള ടെൻഡർ ജൂലൈ 7ന് തുറക്കും. ഒരു വർഷമാണ് പഠനകാലാവധി.
നേരത്തെ നടന്ന പഠനത്തിൽ കോട്ടയം ഐഡ ജംഗ്ഷൻ മുതൽ മണ്ണാത്തിപ്പാറ വരെ പുതിയ ബൈപാസ് നിർമ്മിക്കണമെന്ന് ശുപാർശ ചെയ്തിരുന്നു. പുതിയ പഠനത്തിലും ഈ നിർദ്ദേശം ഉൾപ്പെടുത്താൻ ആവശ്യപ്പെടുമെന്ന് ഫ്രാൻസിസ് ജോർജ് കൂട്ടിച്ചേർത്തു.
കേന്ദ്ര സർക്കാർ അനുവദിച്ച 150 കോടി രൂപ ഉപയോഗിച്ച് ദേശീയ പാത 183 (കെ.കെ റോഡ് ) നവീകരിക്കുന്നതുമായി ബന്ധപ്പെട്ട സർവ്വേ നടപടികൾ തിങ്കളാഴ്ച ആരംഭിക്കുമെന്ന് ഫ്രാൻസിസ് ജോർജ് എം.പി. അറിയിച്ചു.
കോട്ടയം ഐഡ ഇംഗ്ഷൻ മുതൽ മണ്ണാത്തിപ്പാറ വരെയുള്ള ഭാഗമാണ് 10 മീറ്റർ വീതിയിൽ ടാർ ചെയ്ത നവീകരിക്കുന്നത്. നിലവിൽ 6 മീറ്റർ വീതിയിൽ ആണ് ടാറിങ്ങ് ഉള്ളത്. റോഡിൻ്റെ ഇരുവശങ്ങളും കോൺക്രീറ്റ് ചെയ്ത് ബലപ്പെടുത്തുക, ആവശ്യമായ സ്ഥലങ്ങളിൽ ബസ് ബേകൾ നിർമ്മിക്കുക എന്നിവയും നവീകരണത്തിൻ്റെ ഭാഗമായി നടത്തും
5 വില്ലേജുകളിലായി സ്ഥിതി ചെയ്യുന്ന റോഡിൻ്റെ ഇരുവശവും അളന്ന് അതിർത്തി നിശ്ചയിക്കുന്ന മുറക്ക് കല്ലുകൾ സ്ഥാപിക്കും
സർവ്വേ പൂർത്തിയാക്കുന്നതിനായി 9 അംഗ സർവ്വേ ടീമിനെ നിയമിക്കാൻ ജില്ലാ കളക്ടർ അധ്യക്ഷത വഹിച്ച യോഗത്തിൽ തീരുമാനമായി.
സർവ്വേ നടപടികൾ എത്രയും വേഗം പൂർത്തിയാക്കി നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചില്ലങ്കിൽ 2025-26 വർഷത്തെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച150 കോടി രൂപ നഷ്ടപ്പെടുന്ന സാഹചര്യമാണ് ഉള്ളതെന്ന് ഫ്രാൻസിസ് ജോർജ് എം.പി പറഞ്ഞു.







