
മകനെ നേരില്‍ക്കണ്ടപ്പോള്‍ ഇടറിയ വാക്കുകള്‍ കൊണ്ട് അമ്മ ചേർത്തുനിർത്തി ; പുതുജന്മത്തെപ്പറ്റി പറഞ്ഞുതുടങ്ങിയപ്പോള്‍ മകനും വാക്കുകളിടറി ; കുവൈത്തിലെ തീപ്പിടിത്തത്തില്‍നിന്ന് രക്ഷപ്പെട്ട നളിനാക്ഷൻ മാസങ്ങൾക്ക് ശേഷം അമ്മയ്ക്ക് അരികിലെത്തി
സ്വന്തം ലേഖകൻ
തൃക്കരിപ്പൂർ: നിറഞ്ഞ കണ്ണുകളും പൂക്കളുമായി തന്നെ സ്വീകരിക്കാനെത്തിയ അമ്മയെ കണ്ടപ്പോള്‍ നളിനാക്ഷന്റെ ഹൃദയം നിറഞ്ഞു. കണ്ണുനിറഞ്ഞൊഴുകി. അമ്മ യശോദയെ ചേർത്തുനിർത്തി സ്നേഹം പങ്കുവെച്ചു. ഒളവറയിലെ ‘ടി.വി. നിവാസില്‍’ സന്തോഷവും ആശ്വാസവും അലയടിച്ചു. ഒളവറയിലെ ടി.വി. നളിനാക്ഷനിത് പുതുജന്മമാണ്. കുവൈത്തില്‍ തൊഴിലാളികള്‍ താമസിക്കുന്ന ഫ്ലാറ്റ് സമുച്ചയത്തിലുണ്ടായ തീപ്പിടിത്തത്തില്‍നിന്ന് രക്ഷപ്പെട്ട നളിനാക്ഷൻ രണ്ടുമാസത്തിനു ശേഷമാണ് അമ്മയ്ക്കരികിലെത്തുന്നത്.
മകനെ നേരില്‍ക്കണ്ടപ്പോള്‍ ഇടറിയ വാക്കുകള്‍കൊണ്ട് അമ്മ ടി.വി. യശോദ ചേർത്തുനിർത്തി. പുതുജന്മത്തെപ്പറ്റി പറഞ്ഞുതുടങ്ങിയപ്പോള്‍ നളിനാക്ഷന് വാക്കുകളിടറി. ഒരദ്ഭുതംപോലെ തിരിച്ചുകിട്ടിയ ജീവിതത്തെ കൈപിടിച്ചുയർത്തിയത് എൻ.ബി.ടി.സി. കമ്ബനി ഉടമയും സഹപ്രവർത്തകരുമാണെന്ന് നളിനാക്ഷൻ. ഒട്ടും പ്രതീക്ഷിക്കാതെ ഭാര്യ ബിന്ദുവിനെയും മകൻ ആദർശിനെയും കുവൈത്തില്‍ എത്തിച്ചതും നാട്ടിലെത്താൻ എല്ലാ സഹായവും ചെയ്തതും കമ്ബനി തന്നെ. നടക്കാൻ തുടങ്ങിയപ്പോള്‍ വീട്ടുകാരെ കാണാനുള്ള ആഗ്രഹത്തില്‍ നാട്ടിലെത്തിയതാണ് അദ്ദേഹം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

തീ കവർന്നെടുത്തത് പ്രിയപ്പെട്ടവരെയെന്ന് നളിനാക്ഷൻ പറഞ്ഞു. 13-ന് അപകടം നടന്ന് രണ്ടുമാസം തികയുകയാണ്. എന്നാലും പ്രിയപ്പെട്ടവരുടെ വേർപാടുണ്ടാക്കിയ മുറിവ് മാഞ്ഞിട്ടില്ലെന്നും നളിനാക്ഷൻ പറഞ്ഞു. ഏതാവശ്യത്തിനും വിളിച്ചിരുന്ന കേളു പൊന്മലേരിയും അടുത്തിടപഴകിയിരുന്ന എം.പി. രഞ്ജിത്തും ഇല്ലെന്ന എന്ന യാഥാർഥ്യം നളിനാക്ഷന് ഉള്‍കൊള്ളാനായിട്ടില്ല. വയക്കരയിലെ നിതിനെക്കുറിച്ച് പറഞ്ഞപ്പോള്‍ വാക്കുകളിടറി. പ്രിയപ്പെട്ടവൻ വരുന്നുണ്ടെന്നറിഞ്ഞ് ബന്ധുക്കളും സുഹൃത്തുക്കളും ഒന്നടങ്കമാണ് ഒളവറയിലെ വീട്ടിലെത്തിയത്.