മൈനാഗപള്ളിയിൽ വീട്ടമ്മയെ കാർ കയറ്റി കൊലപ്പെടുത്തിയ സംഭവം ; പരസ്പര വിരുദ്ധ മൊഴികള്‍ നൽകി പ്രതികൾ ; രക്ഷപ്പെടാനുള്ള തന്ത്രമെന്ന് അന്വേഷണസംഘം
കൊല്ലം : മൈനാഗപ്പള്ളി ആനുര്‍ക്കാവില്‍ തിരുവോണ ദിവസം വീട്ടമ്മയെ കാര്‍ കയറ്റിക്കൊന്ന കേസിലെ പ്രതികളായ അജ്മലും ഡോ.ശ്രീക്കുട്ടിയും പൊലീസ് കസ്റ്റഡി കാലാവധിയില്‍ നല്‍കിയത് പരസ്പര വിരുദ്ധമായ മൊഴികള്‍. മദ്യം കഴിക്കാന്‍ അജ്മല്‍ പ്രേരിപ്പിച്ചെന്നും സമ്മര്‍ദ്ദത്തെത്തുടര്‍ന്നാണ് മദ്യപിച്ചചതെന്നുമാണ് ശ്രീക്കുട്ടി മൊഴി നല്‍കിയിരിക്കുന്നത്.
എന്നാല്‍ ശ്രീക്കുട്ടി ആവശ്യപ്പെട്ടതു പ്രകാരമാണ് മദ്യം വാങ്ങി നല്‍കിയത് എന്നായിരുന്നു അജ്മലിന്റെ മൊഴിയും. പക്ഷേ, സംഭവം നടന്നതിന്റെ തലേദിവസം ഇരുവരും താമസിച്ച കരുനാഗപ്പള്ളിയിലെ ഹോട്ടല്‍ മുറിയില്‍ വച്ച്, രാസ ലഹരി ഉപയോഗിച്ചതിന്റെ ട്യൂബുകള്‍ വരെ പൊലീസിന് ലഭിച്ചിരുന്നു.പ്രതികളുടെ വൈദ്യ പരിശോധനാഫലത്തിലും രാസ ലഹരി ഉപയോഗിച്ചതായി തെളിഞ്ഞു.
പരസ്പരവിരുദ്ധമായ മൊഴികള്‍ രക്ഷപ്പെടാനുള്ള തന്ത്രത്തിന്റെ ഭാഗമാണെന്ന വിലയിരുത്തലിലാണ് അന്വേഷണസംഘം. ശ്രീക്കുട്ടി അജ്മലിനെ തള്ളിപ്പറയുമ്ബോള്‍ നിരപരാധിത്വം കണക്കിലെടുത്ത് വേഗം ജാമ്യം ലഭിക്കാന്‍ സാദ്ധ്യതയുണ്ട്. പുറത്തിറങ്ങിയ ശേഷം അജ്മലിനു വേണ്ടി രംഗത്തിറങ്ങുകയെന്നതാവാം ശ്രീക്കുട്ടിയുടെ ലക്ഷ്യമെന്നും നിയമവിദഗ്ദ്ധര്‍ പറയുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അപകടത്തിനിടെ കാര്‍ മുന്നോട്ടെടുക്കുമ്ബോള്‍, വീട്ടമ്മ വാഹനത്തിന്റെ അടിയിലാണെന്ന് കണ്ടിരുന്നില്ലെന്നാണ് അജ്മല്‍ പൊലീസിനോടു പറഞ്ഞത്. നാട്ടുകാര്‍ അസഭ്യം പറഞ്ഞു കൊണ്ട് ഓടിയെത്തിയപ്പോള്‍ മര്‍ദ്ദിക്കുമെന്ന ഭയം കൊണ്ടാണ് താന്‍ വാഹനം മുന്നോട്ടെടുത്തതെന്നും അജ്മല്‍ പറഞ്ഞു. അപകടത്തെ കുറിച്ച് ശ്രീക്കുട്ടിയും ഇതേ രീതിയിലുള്ള മൊഴിയാണ് നല്‍കിയത്.