
ഇരുപതുകാരിയെ മര്‍ദ്ദിച്ച മണ്ണെടുപ്പ് സംഘത്തെ പിടികൂടാതെ പൊലീസ്; ഒത്തുകളിയെന്ന് ആരോപണം; പ്രതിഷേധം ശക്തം
സ്വന്തം ലേഖിക
മൂവാറ്റുപുഴ: അനധികൃത മണ്ണെടുപ്പ് ചോദ്യം ചെയ്ത ഇരുപതുകാരിയെ മര്‍ദ്ദിച്ച സംഭവത്തിലെ പ്രതികളെ അറസ്റ്റ് ചെയ്യാതെ പൊലീസ് ഒത്തുകളിക്കുകയാണെന്ന് ആരോപണം.
മണ്ണുമാഫിയയെ സംരക്ഷിക്കുന്നത് സിപിഎം ആണെന്നാണ് കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും ആരോപണം. ഇതിനെതിരെ പ്രതിക്ഷേധം ശക്തമാവുകയാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം പ്രതികള്‍ ഒളിവിലാണെന്നാണ് മൂവാറ്റുപുഴ പൊലീസിൻ്റെ വിശദീകരണം.
കേസെടുത്ത് മൂന്ന് ദിവസം കഴിഞ്ഞിട്ടും പൊലീസ് ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. പ്രതികളെ അറസ്റ്റു ചെയ്യാത്തത് സിപിഎം സമ്മര്‍ദ്ദം കൊണ്ടാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
മര്‍ദ്ദനമേറ്റത് ദളിത് പെണ്‍കുട്ടിക്കായതിനാല്‍ പ്രത്യേകം അന്വേഷിക്കണമെന്നാവശ്യപെട്ട് മൂവാറ്റുപുഴ എംഎല്‍എ മാത്യു കുഴല്നാടന് പട്ടികജാതി, പട്ടികവര്‍ഗ്ഗവകുപ്പ് മന്ത്രിയെ സമീപിച്ചു. ഇക്കാര്യത്തില്‍ പരിഹാരമുണ്ടായില്ലെങ്കില്‍ നിയമസഭയില്‍ വിഷയം അവതരിപ്പിക്കനാണ് മാത്യു കുഴല്‍നാടന്റെ തീരുമാനം.
സിപിഎം പ്രാദേശിക നേതാവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മണ്ണെടുപ്പിന് പിന്നിലെന്ന് ബിജെപിയും ആരോപിച്ചു. പ്രതികളെ രണ്ടു ദിവസത്തിനുള്ളില്‍ അറസ്റ്റു ചെയ്തില്ലെങ്കില്‍ ഡിവൈഎസ്പി ഓഫീസ് ഉപരോധിക്കാനാണ് ബിജെപിയുടെ തീരുമാനം. അതേസമയം മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നുണ്ടെന്നും പ്രതികളെ ഉടന്‍ പിടികൂടുമെന്നും പൊലീസ് വ്യക്തമാക്കി.