ഷാപ്പിനു മുന്നിലുണ്ടായ വാക്കേറ്റം കത്തിക്കുത്തിൽ കലാശിച്ചു; മാന്നാനത്ത് യുവാവ് കുത്തേറ്റു മരിച്ചു; മരിച്ചത് മാന്നാനം സ്വദേശിയായ പെയിന്റിംങ് തൊഴിലാളി; പ്രതികളിൽ ഒരാൾ കസ്റ്റഡിയിൽ
തേർഡ് ഐ ക്രൈം
കോട്ടയം: ഷാപ്പിനു മുന്നിലുണ്ടായ വാക്ക് തർക്കത്തെ തുടർന്നു പെയിന്റിംങ് തൊഴിലാളി കുത്തേറ്റു മരിച്ചു. മാന്നാനം നെടുംമ്പറമ്പിൽ സന്തോഷാ (47)ണ് മരിച്ചത്. സന്തോഷിനെ കുത്തിയെന്നു സംശയിക്കുന്ന പ്രതികളിൽ ഒരാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
ശനിയാഴ്ച വൈകിട്ട് ആറരയോടെ മാന്നാനം കുട്ടിപ്പടിയിൽ ഷാപ്പിനു മുന്നിലായിരുന്നു സംഭവം. ഷാപ്പിനു മുന്നിലെ റോഡിൽ സന്തോഷ് വീണു കിടക്കുന്നതു കണ്ട് നാട്ടുകാർ ഓടിയെത്തുകയായിരുന്നു. തുടർന്നു സന്തോഷിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തുടർന്നു നാട്ടുകാർ വിവരം അറിയിച്ചതോടെ ഗാന്ധിനഗർ സ്‌റ്റേഷൻ ഹൗസ് ഓഫിസർ ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്ത് എത്തി. തുടർന്നു പൊലീസ് നടത്തിയ പരിശോധനയിലാണ് പ്രതികളിൽ ഒരാളെന്നു സംശയിക്കുന്നയാളെ കസ്റ്റഡിയിൽ എടുത്തത്. തുടർന്നു, പൊലീസ് സംഘം മറ്റൊരു പ്രതിയ്ക്കായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
പെയിന്റിംങ് തൊഴിലാളിയായ സന്തോഷും, ഷാപ്പിലുണ്ടായിരുന്ന മറ്റു രണ്ടു പേരും തമ്മിൽ വാക്കേറ്റവും സംഘർഷവും ഉണ്ടാകുകയും ഇത് കത്തിക്കുത്തിൽ കലാശിക്കുകയുമായിരുന്നുവെന്നാണ് പൊലീസ് നൽകുന്ന സൂചന. വയറ്റിൽ ആഴത്തിലേറ്റ മുറിവാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. സന്തോഷിനെ മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. കസ്റ്റഡിയിൽ എടുത്തയാളെ പൊലീസ് ചോദ്യം ചെയ്യുകയാണ്.
സന്തോഷിന്റെ ഭാര്യ ജയശ്രി. അമ്മ കൗസല്യ. മകൻ അരവിന്ദ് സന്തോഷ്, മകൾ അഞ്ജന സന്തോഷ്. കേസിലെ കൂട്ടുപ്രതികൾക്കായും ബാക്കിയുള്ളവർക്കായും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ജില്ലാ പൊലീസ് മേധാവി ജി.ജയദേവും ഡിവൈ.എസ്.പി ആർ.ശ്രീകുമാറും സ്ഥലത്ത് എത്തിയിട്ടുണ്ട്.