
കൊലക്കേസിൽ പരോളിലിറങ്ങി മുങ്ങിയ പ്രതി പൂജാരിയെ മണ്‍വെട്ടി കൊണ്ട് അടിച്ചു വീഴ്ത്തി കവർന്നത് അഞ്ചര പവൻ്റെ സ്വര്‍ണമാല; പിന്നിൽ വമ്പൻ പ്ലാനിംഗ്; ഒടുവിൽ പ്രതിയെ പൂജാരി തിരിച്ചറിഞ്ഞതോടെ പിടി വീണു….!
ആലപ്പുഴ: ക്ഷേത്രത്തിലെ പൂജാരിയെ മണ്‍വെട്ടി കൊണ്ട് അടിച്ചു വീഴ്ത്തി അഞ്ചര പവൻ സ്വര്‍ണമാല കവര്‍ന്ന കൊലക്കേസ് പ്രതി മൂന്ന് മണിക്കൂറില്‍ പിടിയിലായി.
ആര്യാട് തെക്ക് ചെമ്പത്തറ പടിഞ്ഞാറെ പുളിക്കീഴ് അജിത് (48) ആണ് നോര്‍ത്ത് പൊലീസിന്റെ പിടിയിലായത്. ചെമ്പത്തറ ക്ഷേത്രത്തിലെ പൂജാരിയായ കഞ്ഞിക്കുഴി കിഴക്കേ വേലിക്കകത്ത് രജികുമാര്‍ ഇന്നലെ രാവിലെ അഞ്ചരയോടെ ക്ഷേത്രത്തിലെത്തിയപ്പോഴാണ് സംഭവം.
ക്ഷേത്ര പരിസരത്തു പതുങ്ങിയിരുന്ന അജിത്ത് ചാടിവീണ് രജികുമാറുമായി വാക്കേറ്റമുണ്ടായി. തുടര്‍ന്ന് മണ്‍വെട്ടി കൊണ്ട് പൂജാരിയെ അടിച്ചുവീഴ്ത്തി മാല തട്ടിയെടുത്തെന്നാണ് കേസ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

മോഷണം നടത്തി മുങ്ങിയ പ്രതിയെ എട്ടരയോടെ ആലിശേരി ഭാഗത്തെ വാടക വീട്ടില്‍ നിന്നാണു പിടികൂടിയത്. മാല പൊട്ടിക്കാനായി പ്രതി ബോധപൂര്‍വം രജികുമാറുമായി തര്‍ക്കമുണ്ടാക്കിയതാണെന്ന് പൊലീസ് പറഞ്ഞു. 1991ല്‍ അവലൂക്കുന്ന് സ്വദേശി പത്മാക്ഷിയെ കൊലപ്പെടുത്തി സ്വര്‍ണമാല കവര്‍ന്ന കേസില്‍ ശിക്ഷയ്ക്കിടെ പരോളിലിറങ്ങി മുങ്ങിയതാണ് അജിത്ത്.
പ്രതിയുടെ കുടുംബ വീടിനടുത്താണു ക്ഷേത്രം. ഇവിടെ നിന്നു നേരത്തെ ഉരുളിയും മറ്റും മോഷണം പോയിരുന്നു. അതിനു പിന്നില്‍ താനും കൂട്ടാളികളുമാണെന്നു രജികുമാര്‍ പ്രചരിപ്പിച്ചെന്ന് ആരോപിച്ചും അതിനെ ചോദ്യം ചെയ്തുമാണു പ്രതി ആക്രമണത്തിനുള്ള സാഹചര്യമുണ്ടാക്കിയത്.
ക്ഷേത്രപരിസരത്തുണ്ടായിരുന്ന മണ്‍വെട്ടി കൊണ്ട് രജികുമാറിനെ ഒരു തവണ അടിക്കുകയും വീണ്ടും അടിക്കാനോങ്ങുകയും ചെയ്ത്, മാല പൊട്ടിക്കുകയായിരുന്നു. പ്രതിയെ രജികുമാര്‍ തിരിച്ചറിഞ്ഞത് അന്വേഷണം എളുപ്പമാക്കി. പരോളിലിറങ്ങി 4 മാസം മുൻപു മുങ്ങിയ പ്രതി പലയിടത്തായി താമസിച്ചിരുന്നതായി പൊലീസിനു വിവരം കിട്ടി. അവിടെയെല്ലാം അന്വേഷിച്ചപ്പോഴാണ് ഒന്നര മാസമായി ഇയാള്‍ ആലിശേരിയില്‍ രഹസ്യമായി താമസിക്കുന്നെന്ന് അറിഞ്ഞത്.
പൊലീസ് അവിടെയെത്തിയപ്പോള്‍ ഭാര്യയോടൊപ്പം പുറത്തുപോകാൻ ഒരുങ്ങുകയായിരുന്നു അജിത്ത്. പൊലീസിനെ കണ്ട് രണ്ടു വീടിന്റെ മതില്‍ ചാടി ഓടിയെങ്കിലും പൊലീസ് പിന്തുടര്‍ന്നു പിടികൂടി. സ്വര്‍ണമാല പ്രതിയില്‍നിന്നു കണ്ടെടുത്തു. എസ്‌ഐമാരായ പ്രദീപ്, സാനു, സിപിഒമാരായ സുജിത്ത്, സുഭാഷ്, ഷഫീഖ്, ജിനോ എന്നിവരാണു പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.