മൂന്നാർ അനധികൃത കെട്ടിട നിർമ്മാണം ; സർക്കാർ ഹൈക്കോടതി നിലപാടിനോപ്പം
സ്വന്തം ലേഖകൻ
തിരുവനന്തപുരം: മൂന്നാറിൽ പഞ്ചായത്തിന്റെ കെട്ടിടനിർമാണ പ്രവർത്തനങ്ങൾ സ്റ്റേചെയ്ത ഹൈക്കോടതി നിലപാടിനൊപ്പം സംസ്ഥാനസർക്കാർ. സ്റ്റേ നീക്കാൻ സർക്കാർ ഇടപെടണമെന്നഭ്യർഥിച്ച് മൂന്നാർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മുഖ്യമന്ത്രിക്കും റവന്യൂ മന്ത്രിക്കും നിവേദനം നൽകി. എന്നാൽ, അപ്പീൽ നൽകേണ്ടതില്ലെന്ന നിലപാടിലാണ് സർക്കാർ.
ഇതോടെ സർക്കാരും ദേവികുളം എം.എൽ.എ. എസ്.രാജേന്ദ്രനെ കൈവിട്ട മട്ടാണ്. നിയമപരമായ നിലപാടാണ് ഹൈക്കോടതിയുടേതെന്നായിരുന്നു റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്റെ പ്രതികരണം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കോടതിയിൽ സർക്കാരിന്റെ വാദങ്ങൾ
കൊച്ചി: ഹൈക്കോടതിയുടെ ഉത്തരവ് ലംഘിച്ചാണ് നിർമാണമെന്ന് ചൂണ്ടിക്കാട്ടി മൂന്നാർ വില്ലേജ് ഓഫീസർ 2019 ഫെബ്രുവരി അഞ്ചിന് സ്റ്റോപ്പ് മെമ്മോ നൽകി. അതിനുശേഷവും നിർമാണം നടന്നു. തുടർന്ന് മൂന്നാർ വില്ലേജിലെ സ്‌പെഷ്യൽ വില്ലേജ് ഓഫീസർ ഭൂസംരക്ഷണസേനാംഗങ്ങളെ പരിശോധനയ്ക്ക് നിയോഗിച്ചു. കരാറുകാരനും പഞ്ചായത്തംഗങ്ങളും അവരെ അധിക്ഷേപിച്ചു.
ദേവികുളം ഭൂരേഖ തഹസിൽദാർ ഉമാശങ്കർ സ്ഥലത്തെത്തി. മൂന്നാർ പഞ്ചായത്ത് പ്രസിഡന്റും അംഗങ്ങളുമുൾപ്പെടെ കുറെപ്പേർ അവിടെയുണ്ടെന്നറിഞ്ഞ് മൂന്നാർ പോലീസിനോട് സ്ഥലത്തെത്താൻ ഫോണിലൂടെ നിർദേശിച്ചു. നിർമാണം നിർത്തിവെപ്പിക്കുന്നതിനും ഉദ്യോഗസ്ഥർക്ക് പോലീസ് സംരക്ഷണത്തിനും മൂന്നാർ ഡിവൈ.എസ്.പി.ക്ക് സന്ദേശം നൽകി.
അതിനിടെ എം.എൽ.എ.യെത്തി. നിർമാണത്തിന് റവന്യൂ വകുപ്പിന്റെ എൻ.ഒ.സി. ആവശ്യമില്ലെന്നു പറഞ്ഞു. നിയമവശം മനസ്സിലാക്കാതെയാണ് സബ് കളക്ടറുടെ നടപടിയെന്ന് പ്രഖ്യാപിച്ചു. അദ്ദേഹത്തിന്റെ പ്രേരണയിലും പിന്തുണയിലും സാന്നിധ്യത്തിലും നിർമാണം തുടർന്നു.
എം.എൽ.എ., കരാറുകാരൻ, മൂന്നാർ പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി, ജില്ലാപഞ്ചായത്തംഗം എന്നിവർ നിർമാണം തുടരാൻ പ്രേരിപ്പിച്ചത് ഹൈക്കോടതിയുടെ 2010-ലെ ഉത്തരവിന്റെ ലംഘനമാണ്. കോടതിയുടെ ഉത്തരവിനെക്കുറിച്ച് അറിവുണ്ടായിട്ടും അത് ലംഘിച്ചത് കോടതിയലക്ഷ്യത്തിന് തുല്യമാണ്.
എം.എൽ.എ. സബ്കളക്ടറെ അധിക്ഷേപിച്ച് സംസാരിച്ചു
അനധികൃത നിർമാണം തടയാൻ ശ്രമിക്കവേ, മാധ്യമപ്രവർത്തകരുടെയും അവിടെ കൂടിയവരുടെയും സാന്നിധ്യത്തിൽ എസ്. രാജേന്ദ്രൻ എം.എൽ.എ. ദേവികുളം സബ്കളക്ടറെ അധിക്ഷേപിച്ച് സംസാരിച്ചെന്ന് സർക്കാർ. അനധികൃത നിർമാണത്തിനെതിരേ ദേവികുളം സബ് കളക്ടർ രേണുരാജ് നൽകിയ ഉപ ഹർജിയിലാണ് ഇക്കാര്യം പറയുന്നത്