അങ്കം മുറുകുന്നു ;ചെയർപേഴ്‌സനാകാൻ ഷീജയും ബിൻസിയും;നഗരസഭാ ചെയർപേഴ്‌സൺ തെരെഞ്ഞെടുപ്പ്‌ തിങ്കളാഴ്‌ച;കോൺഗ്രസിൽ മുറുമുറപ്പ്‌ എൽഡിഎഫിന് പ്രതീക്ഷ

അങ്കം മുറുകുന്നു ;ചെയർപേഴ്‌സനാകാൻ ഷീജയും ബിൻസിയും;നഗരസഭാ ചെയർപേഴ്‌സൺ തെരെഞ്ഞെടുപ്പ്‌ തിങ്കളാഴ്‌ച;കോൺഗ്രസിൽ മുറുമുറപ്പ്‌ എൽഡിഎഫിന് പ്രതീക്ഷ

Spread the love

സ്വന്തം ലേഖകൻ

കോട്ടയം:
ചിത്രം തെളിഞ്ഞു. അങ്കത്തിനായി സാരഥികൾ റെഡി. കോട്ടയം നഗരസഭാ ചെയർപേഴ്‌സൺ തെരെഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി അഡ്വ.ഷീജ അനിൽ തന്നെ വീണ്ടും മത്സരിക്കും.

ശനിയാഴ്ച വൈകുന്നേരം ചേർന്ന എൽ.ഡി.എഫ് പാർലമെന്ററി പാർട്ടി യോഗമാണ് സ്ഥാനാർത്ഥിയായി അഡ്വ.ഷീജ അനിലിനെ തീരുമാനിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ദിവസം യു.ഡി.എഫ് പാർലമെന്ററി പാർട്ടി യോഗം ചേർന്ന്‌ മുൻ ചെയർപേഴ്‌സൺ ബിൻസി സെബാസ്റ്റിയനെ തന്നെ സ്ഥാനാർത്ഥിയാക്കാൻ ധാരണയിൽ എത്തിയിരുന്നു. അതേസമയം ബിൻസിയെ സ്ഥാനാർഥിയാക്കിയതിൽ കോൺഗ്രസിനുള്ളിൽ തന്നെ മുറുമുറുപ്പ്‌ തുടങ്ങിയിട്ടുണ്ട്‌.

അതിനാൽ പ്രശ്‌നമുണ്ടാകുമോ എന്ന ഭയത്തിൽ ആദ്യം തന്നെ യു.ഡി.എഫ് അംഗങ്ങൾക്ക് വിപ്പും നൽകി കഴിഞ്ഞു.

 നേരത്തെ എൽ.ഡി.എഫ് കൊണ്ടു വന്ന അവിശ്വാസ പ്രമേയത്തിലൂടെയാണ് ബിൻസി സെബാസ്റ്റ്യനെ ചെയർപേഴ്‌സൺ സ്ഥാനത്തു നിന്നും പുറത്താക്കിയത്.

എൽ.ഡി.എഫിന്റെ 22 അംഗങ്ങൾക്കൊപ്പം ബിജെപിയുടെ എട്ട് അംഗങ്ങളും അവിശ്വാസത്തെ പിൻതുണച്ച് രംഗത്ത് എത്തി. ഇതോടെ അവിശ്വാസം പാസായി. നവംബർ 15 തിങ്കളാഴ്ചയാണ് പുതിയ ചെയർപേഴ്‌സണനെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് നഗരസഭ കൗൺസിൽ ഹാളിൽ നടക്കുക.

രാവിലെ 11നാണ്‌ തെരെഞ്ഞടുപ്പ്‌.
എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി കഴിഞ്ഞ തവണയും മത്സരിച്ചത്‌ അഡ്വ.ഷീജ അനിൽ തന്നെയാണ്. കഴിഞ്ഞ തവണ ഷീജയ്ക്കും, ബിൻസിയ്ക്കും തുല്യ വോട്ട് ലഭിച്ചതിനെ തുടർന്നു നറക്കെടുത്താണ് ചെയർപേഴ്‌സണെ കണ്ടെത്തിയത്‌.

എന്നാൽ നറക്കെടുപ്പിൽ യുഡിഎഫ്‌ സ്ഥാനാർഥി ബിൻസി വിജയിച്ചു. എന്നാൽ, ഇക്കുറിയും രണ്ടു മുന്നണികൾക്കും ഒരു പോലെ തന്നെയാണ് വോട്ട് നിലയെങ്കിലും യുഡിഎഫിന്‌ 21 അംഗങ്ങളെ ഉള്ളൂ. യുഡിഎഫ്‌ റിബലായി നിന്ന്‌ മത്സരിച്ച ബിൻസിയെ ചെയർപേഴ്‌സൺ വാഗ്‌ദാനം ചെയ്‌താണ്‌ ഒപ്പം കൂട്ടിയത്‌.

എൽ.ഡി.എഫിന്‌ 22 അംഗങ്ങളും ഉണ്ട്‌.
യുഡിഎഫിലുള്ള കേരളകോൺഗ്രസുകാർ ചെയർപേഴ്‌സൺ അവകാശ വാദവുമായി രംഗത്ത്‌ എത്തിയത്‌ യുഡിഎഫിന്‌ തലവേദനയായി മാറിയിട്ടുണ്ട്‌.

ഒരംഗമുള്ള ഇവരെ ഈ ഭരണസമിതി അർഹിക്കുന്ന ഒരു പരിഗണനയും നൽകുന്നില്ലെന്ന്‌ കേരളകോൺഗ്രസ്‌ നിയോജകമണ്ഡലം യോഗം വിമർശനം ഉന്നയിച്ചിരുന്നു.
ഇതിനിടെ സി.പി.എം അംഗം ടി.എൻ മനോജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത് ഇടതു മുന്നണിയ്ക്ക് ആശങ്കയ്ക്കിടയാക്കിയിരുന്നു. എന്നാൽ, ഇദ്ദേഹം ആരോഗ്യ സ്ഥിതി വീണ്ടെടുത്തു. ഇതോടെ സി.പി.എം ക്യാമ്പ്‌ സജീവമായി.

കാലങ്ങൾക്ക്‌ ശേഷം നഗരസഭാ ഭരണം ഷീജയിലൂടെ തിരിച്ച്‌ പിടിക്കാൻ സാധിക്കുമെന്നാണ്‌ എൽഡിഎഫ്‌ പ്രതീക്ഷ.
കോട്ടയത്തെ ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ കരുത്തുറ്റ പോരാളിയാണ്‌ അഡ്വ.ഷീജ അനിൽ. വിവിധ സമര മുഖങ്ങളിലൂടെ നടത്തിയ പ്രവർത്തനം ഇവർക്ക്‌ മുതൽകൂട്ടുണ്ട്‌. ഡിഎൈഫ്‌ഐയുടെ വനിതാ നേതാവായും മഹിളാ അസോസിയേഷൻ നേതാവും കോട്ടയത്തുകാരുടെ കൂടെ എപ്പോഴും ഉള്ള വ്യക്തിയാണ്‌ ഷീജ.

തിങ്കളാഴ്ച്ച നടക്കുന്ന കോട്ടയം മുനിസിപ്പൽ ചെയർപേഴ്സൺ തെരഞ്ഞെടുപ്പിൽ ഐക്യജനാധിപത്യ മുന്നണി സ്ഥാനാർത്ഥിയായി ബിൻസി സെബാസ്റ്റ്യൻ മത്സരിക്കുമെന്നും; വിജയിക്കുമെന്നും ഡിസിസി പ്രസിഡന്റ്‌ നാട്ടകം സുരേഷ് പറഞ്ഞു.

അധർമ്മത്തിനെതിരെ ധർമ്മം നേടുന്ന വിജയമായിരിക്കും ഇതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മുൻസിപ്പൽ കൗൺസിലർമാരുടെ പാർലമെന്ററി പാർട്ടി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബിൻസിക്ക് അനുകൂലമായി വോട്ട് ചെയ്യണമെന്ന നിർദ്ദേശമടങ്ങിയ വിപ്പും അംഗങ്ങൾക്ക് നൽകി.