Wednesday, April 22, 2026

മുണ്ടത്തിക്കോട് അപകടത്തിൽപ്പെട്ടവർക്ക് ധനസഹായം പ്രഖ്യാപിച്ച് സർക്കാർ; മരിച്ചവരുടെ കുടുംബത്തിന് 14 ലക്ഷം രൂപ, പരുക്കേറ്റവർക്ക് 2 ലക്ഷം രൂപ

Spread the love

ഇന്നലെ തൃശൂർ മുണ്ടത്തിക്കോട് ഉണ്ടായ ദുരന്തത്തിൽ ധനസഹായം പ്രഖ്യാപിച്ച് സർക്കാർ. അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് 14 ലക്ഷം രൂപ നൽകും. സിഎംആർഡിഎഫിൽ നിന്നും 10 ലക്ഷം എസ്ഡ‍ിആർഎഫിൽ നിന്നും 4 ലക്ഷം രൂപയും നൽകും. പരുക്കേറ്റവർക്ക് രണ്ട് ലക്ഷം രൂപയും പ്രഖ്യാപിച്ചു. ചികിത്സ ചെലവ് മുഴുവൻ സർക്കാർ വഹിക്കും. പ്രത്യേക മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണവും ഉണ്ടാകും. ദുരന്തത്തിൽ മരിച്ചവരിൽ ഏഴ് പേരെ തിരിച്ചറിഞ്ഞു. ഇവരുടെ മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി. പരുക്കേറ്റ് ചികിത്സയിലുള്ള പതിമൂന്ന് പേരിൽ രണ്ട് പേർ വെന്റിലേറ്ററിലാണ്.

video
play-sharp-fill

തൃശൂർ പഴയന്നൂർ സ്വദേശി സുദർശനൻ, എടപ്പാൾ സ്വദേശി മണികണ്ഠൻ, പാലക്കാട് കുമരനെല്ലൂർ സ്വദേശി വാസുദേവൻ , കുണ്ടന്നൂർ സ്വദേശി സുവിൻ, കോട്ടപ്പുറം സ്വദേശി മണികണ്ഠൻ, ബിജീഷ്, കൊളത്തൂർ സ്വദേശി സുബ്രഹ്മണ്യൻ എന്നിവരുടെ മൃതദേഹങ്ങളാണ് ബന്ധുക്കൾക്ക് കൈമാറിയത്. അതേസമയം ഡിഎൻഎ പരിശോധനയ്ക്കായി രാജീവ് ഗാന്ധി ബയോ ടെക്നോളജിയിലെ ഏഴംഗസംഘം തൃശൂർ മെഡിക്കൽ കോളജിൽ എത്തി. മുപ്പതോളം ശരീരാവശിഷ്ടങ്ങൾ ഡിഎൻഎ പരിശോധനയ്ക്ക് വിധേയമാക്കും.