
മുണ്ടക്കയം: വിദേശ ജോലി വാഗ്ദാനം ചെയ്ത് നിരവധി ഉദ്യോഗാർത്ഥികളിൽ നിന്ന് കോടികൾ തട്ടിയ ട്രാവൽ ഏജൻസി ഉടമ മുങ്ങി.
മുണ്ടക്കയം കൂട്ടിക്കലിൽ പ്രവർത്തിച്ചിരുന്ന ഓർക്കിഡ് ട്രാവൽ ഏജൻസിയുടെ ഉടമ അനീഷ് ഉമർ ആണ് ഉദ്യോഗാർത്ഥികളുടെ പണവുമായി മുങ്ങിയത്.
പണം നഷ്ടപ്പെട്ട നിരവധി പേർ മുണ്ടക്കയം പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരിക്കുകയാണ്. എന്നാൽ തട്ടിപ്പുകാരനെ പിടികൂടാതെ തുടർ നടപടികൾ വൈകുകയാണ്.
പരാതിക്കാർ പറയുന്നതനുസരിച്ച്, കഴിഞ്ഞ ഏതാനും മാസങ്ങളായി ജോലി ലഭിക്കാത്തതും വിസ നടപടികൾ പൂർത്തിയാകാത്തതുമായ പ്രശ്നങ്ങൾ നിലനിന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് സ്ഥാപന ഉടമയായ അനീഷ് ഉമറുമായി ബന്ധപ്പെടാൻ പലതവണ ശ്രമിച്ചെങ്കിലും വ്യക്തമായ മറുപടി ലഭിച്ചില്ലെന്നാണ് ആരോപണം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ മൂന്ന് ദിവസങ്ങളായി സ്ഥാപനം അടഞ്ഞുകിടക്കുന്നതായും അനീഷ് ഉമറിനെ ഫോണിലൂടെയോ നേരിട്ടോ ബന്ധപ്പെടാൻ കഴിയാത്ത സാഹചര്യമാണുള്ളതെന്നും പരാതിക്കാർ പറയുന്നു. പണം നഷ്ടപ്പെട്ടതായി ആരോപിക്കുന്ന നിരവധി പേർ നേരത്തേ സ്ഥാപനത്തിലെത്തി വിവരങ്ങൾ തേടിയെങ്കിലും വ്യക്തമായ വിശദീകരണം ലഭിച്ചില്ല.
അതേസമയം, അനീഷ് ഉമറിനെ കോഴിക്കോട് നിന്ന് അറസ്റ്റ് ചെയ്തതായും ചില വാർത്തകൾ പ്രചരിക്കുന്നുണ്ടെങ്കിലും ഇതുസംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം ലഭ്യമായിട്ടില്ല.
ഇതിനുമുമ്പും സ്ഥാപനത്തിനെതിരെ നിരവധി പരാതികൾ ഉയർന്നിരുന്നുവെന്നും, രാഷ്ട്രീയ സ്വാധീനം മൂലം കാര്യമായ നടപടികൾ ഉണ്ടായില്ലെന്നുമുള്ള ആരോപണങ്ങളും ഉയരുന്നുണ്ട്. സംഭവത്തിൽ സമഗ്ര അന്വേഷണം നടത്താൻ പൊലീസ് തയ്യാറാകണമെന്ന് പരാതിക്കാർ ആവശ്യപ്പെടുന്നു.
വിദേശ ജോലി സ്വപ്നം കണ്ട് വീട് പണയപെടുത്തിയും കെട്ടുതാലി വരെ പണയം വച്ചുമൊക്കെ പണം വാങ്ങി നൽകിയവർ ഇന്ന് കടക്കാരായി മാറി. പലരും ആത്മഹത്യയുടെ വക്കിലാണ്.
കോട്ടയം നഗരത്തിലടക്കം സമാനമായ നിരവധി തട്ടിപ്പുകൾ അരങ്ങേറിയിട്ടുള്ളതാണ്. ഇപ്പോഴും ഇത്തരം കേസുകളിൽ മുങ്ങി നടക്കുന്നവരുണ്ട്. പണവും രാഷ്ട്രീയ ബന്ധങ്ങളും ഉപയോഗിച്ചാണ് തട്ടിപ്പുകാർ വിലസുന്നത്. ഇതാണ് ഇത്തരം കേസുകളിൽ മുങ്ങി നടക്കുന്നവർക്ക് രക്ഷ.







