മുണ്ടക്കയം ഇടക്കുന്നത്ത് മരിച്ച ഓട്ടോ ഡ്രൈവർക്ക് കൊവിഡില്ല: ആശ്വാസത്തിൽ നാട്; മൃതദേഹം ബന്ധുക്കൾക്കു വിട്ടു നൽകും

മുണ്ടക്കയം ഇടക്കുന്നത്ത് മരിച്ച ഓട്ടോ ഡ്രൈവർക്ക് കൊവിഡില്ല: ആശ്വാസത്തിൽ നാട്; മൃതദേഹം ബന്ധുക്കൾക്കു വിട്ടു നൽകും

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം: മുണ്ടക്കയം ഇടക്കുന്നത് മരിച്ച ഓട്ടോഡ്രൈവർക്കു കൊവിഡില്ലെന്നു പരിശോധനാ ഫലം. കൊവിഡ് ബാധിച്ചാണ് ഇദ്ദേഹം മരിച്ചത് എന്ന വാർത്തകൾ പുറത്തു വന്നു പന്ത്രണ്ട് മണിക്കൂറിനു ശേഷമാണ് ഇദ്ദേഹത്തിനു കൊവിഡില്ലെന്ന പരിശോധനാ ഫലം പുറത്തു വരുന്നത്. ഇതോടെ ജില്ലയിൽ ആദ്യത്തെ കൊവിഡ് മരണമെന്ന ചീത്തപ്പേരും മാഞ്ഞു.

തിങ്കളാഴ്ച പുലർച്ചെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയാണ് കാഞ്ഞിരപ്പള്ളി മുണ്ടക്കയം ഇടക്കുന്നം പീടികയിൽ അബ്ദുൾ സലാം(72) മരിച്ചത്. ഇദ്ദേഹത്തെ കൊവിഡ് ലക്ഷണങ്ങളോടെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്. ശ്വാസ തടസവും, വൃക്കരോഗവും അനുഭവപ്പെട്ട ഇദ്ദേഹത്തിനു ന്യുമോണിയ ആണെന്നായിരുന്നു പ്രാഥമിക നിഗമനം. തുടർന്നു മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ കൊവിഡ് പോസ്റ്റീവാണ് എന്നു കണ്ടെത്തുകയും ചെയ്തിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതേ തുടർന്നു ഓട്ടോ ഡ്രൈവറായ ഇദ്ദേഹത്തിന്റെ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട ബന്ധുക്കൾ അടക്കം 48 പേരെ ക്വാറന്റയിനിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ, ഇദ്ദേഹത്തിന്റെ മരണ ശേഷം സാമ്പിളുകൾ എടുത്തു മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് കൊവിഡ് ബാധയില്ലെന്നു സ്ഥിരീകരിച്ചത്. മരണ ശേഷം ഇദ്ദേഹത്തിന്റെ ശ്രവം ശേഖരിച്ച ശേഷം അടിയന്തര പരിശോധന നടത്തുകയായിരുന്നു.

ഇദ്ദേഹത്തിനു കൊവിഡ് ലക്ഷണങ്ങളുണ്ടായിരുന്നു. ആദ്യത്തെ ആഴ്ച നടത്തിയ പരിശോധനയിൽ കൊവിഡ് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. എന്നാൽ, ഇദ്ദേഹത്തിന്റെ സമ്പർക്ക പട്ടികയിൽ ഒരിടത്തു പോലും കൊവിഡ് പോസിറ്റീവായ ഒരാളെ പോലും കണ്ടെത്താൻ സാധിച്ചിരുന്നില്ല. ഈ സാഹചര്യത്തിൽ കാഞ്ഞിരപ്പള്ളി മുണ്ടക്കയം മേഖലയിലെ ആരോഗ്യ പ്രവർത്തകർ അതീവ ജാഗ്രതയിലായിരുന്നു. ഇതിനിടെയാണ് ഇപ്പോൾ ഇദ്ദേഹത്തിന്റെ ഫലം നെഗറ്റീവാണ് എന്നു കണ്ടെത്തിയിരിക്കുന്നത്.

എന്നാൽ, ഇത്തരത്തിൽ ഫലം മാറിയത് എന്തുകൊണ്ടാണ് എന്നു കണ്ടെത്താൻ ഇനിയും സാധിച്ചിട്ടില്ല. ഗുരുതരമായ പിഴവാണ് ഇക്കാര്യത്തിൽ ആരോഗ്യ വകുപ്പിന്റെ ഭാഗത്തു നിന്നും ഉണ്ടായിരിക്കുന്നത്. ഓട്ടോ ഡ്രൈവറായ് അബ്ദുൾ സലാമിന് കൊവിഡ് പോസിറ്റീവ് ആണ് എന്നു കണ്ടെത്തിയതിനെ തുടർന്നു ഒരാഴ്ചയിലേറെയായി ഇദ്ദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. ഒരു നാട് മുഴുവൻ ഇദ്ദേഹത്തിനു കൊവിഡ് ബാധിച്ചു എന്ന ഭീതിയിലുമായിരുന്നു. എന്നാൽ, ഇത് തെറ്റാണ് എന്നു വന്നതോടെ ആശങ്കയിലാകുകയാണ് നാട്.

ചൊവ്വാഴ്ച മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനു ശേഷം ബന്ധുക്കൾക്കു വിട്ടു നൽകും. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കബറടക്കം നടത്തും.