
കേരളത്തനിമ വിളിച്ചോതുന്ന കലാ ചാരുതയുടെയും, പൂച്ചെടികളുടെ മനോഹാരിതയും കൊണ്ട് കാഴ്ചയുടെ വസന്തമൊരുക്കി മുണ്ടക്കയം ബസ് സ്റ്റാൻഡ്
സ്വന്തം ലേഖകൻ
മുണ്ടക്കയം: പുതിയ മുഖം സ്വീകരിച്ച് മുണ്ടക്കയം ബസ് സ്റ്റാൻഡ്. ഗ്രാമപഞ്ചായത്ത് അധികൃതർ മുൻകൈയ്യെടുത്ത് രാഷ്ട്രീയ പാര്‍ട്ടികളുടെയും സംഘടനകളുടെയും കൊടികള്‍ കൊണ്ട് നിറഞ്ഞ സ്റ്റാൻഡിൽ നിന്ന് അവയെല്ലാം എടുത്ത് മാറ്റി കലാ ചാരുതയുടെ സാംസ്കാരിക തനിമ വിളിച്ചോതുന്ന ചുവര്‍ചിത്രങ്ങള്‍ നിറച്ചിരിക്കുകയാണ് ഇവിടെ. ആര് കണ്ടാലും ഒന്ന് നോക്കി നില്‍ക്കും. അതിമനോഹരമാണ് ഈ കാഴ്ചകള്‍.
പഴയതെല്ലാം പൊളിച്ചുമാറ്റി പുതിയതായി ഡിവൈഡര്‍ നിര്‍മ്മിച്ച് അതില്‍ വിവിധ ഇനം ചെടികളും നട്ടുപിടിപ്പിച്ചു.
കലാദേവി സാംസ്കാരിക സമിതിയുടെ കേരളത്തിലെ തന്നെ അറിയപ്പെടുന്ന ചുവര്‍ചിത്ര കലാകാരനായ മുരളിയാണ് മനോഹരമായ ഈ ചിത്രങ്ങള്‍ വരച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡിവൈഡറുകളുടെ മദ്ധ്യഭാഗത്തായി മനോഹരമായ പൂച്ചെടികളും വെച്ച് പിടിപ്പിച്ചിട്ടുണ്ട്. സമീപത്തെ ഓട്ടോറിക്ഷ തൊഴിലാളികളാണ് ഇതിന്റെ പരിപാലനം ഏറ്റെടുത്തിരിക്കുന്നത്.
എല്ലാ ദിവസവും വീടുകളില്‍ നിന്നും വെള്ളം എത്തിച്ച് നനച്ച് പരിപാലിക്കുന്നതും ഇവരാണ്. ഹൈറേഞ്ചിന്റെ കവാടമായ മുണ്ടക്കയത്തിന്റെ മുഖച്ഛായ തന്നെ മാറ്റുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചതായി സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സി.വി അനില്‍കുമാര്‍ പറഞ്ഞു.
ബസ് സ്റ്റാന്‍ഡിന്റെ മദ്ധ്യഭാഗത്തായി യാത്രക്കാര്‍ക്ക് തണലേകുന്ന കൂറ്റന്‍ ആല്‍മരം. ഇതിന് ചുറ്റുമതില്‍ നിര്‍മ്മിക്കുകയും, ടൈല്‍ പാകി യാത്രക്കാര്‍ക്ക് വിശ്രമിക്കുന്നതിനും സൗകര്യം ഒരുക്കുകയും ചെയ്തു. നിരവധി യാത്രക്കാര്‍ക്ക് ആണ് ഇതിന് ഗുണം ലഭിക്കുന്നത്.
ഒരുകാലത്ത് ഈ മരം വെട്ടിക്കളയാന്‍ ശ്രമം നടന്നെങ്കിലും പ്രതിഷേധത്തെത്തുടര്‍ന്ന് ഉപേക്ഷിക്കുകയായിരുന്നു. ഇവിടെയും ഔഷധച്ചെടികളും പൂച്ചെടികളും കൊണ്ട് നിറഞ്ഞിരിക്കുകയാണ്.പൊലീസ് സ്റ്റേഷന് സമീപമായി ചില്‍ഡ്രന്‍സ് പാര്‍ക്ക് അടക്കം നിരവധി വികസന പദ്ധതികളാണ് ഗ്രാമപഞ്ചായത്ത് നടപ്പിലാക്കുന്നത്.