
മുഖ്യമന്ത്രി തീരുമാനം വൈകുന്നതിൽ അതൃപ്തി പരസ്യമാക്കി യൂത്ത് ലീഗ്. തീരുമാനം വൈകുന്നത് അണികൾക്ക് അതൃപ്തി ഉണ്ടാക്കുന്നുവെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങൾ വ്യക്തമാക്കി.
അണികൾ വലിയ ആവേശത്തിൽ ആയിരുന്നു.ആവേശത്തിനൊത്ത് ആഘോഷിക്കാൻ പറ്റാത്ത സാഹചര്യം ഉണ്ടായിട്ടുണ്ട്. തീരുമാനം പെട്ടെന്ന് ഉണ്ടാകണം എന്നാണ് ആവശ്യം. വൈകരുത് എന്നാണ് അണികളുടെ വികാരം. മുഖ്യമന്ത്രിയായി ആരെ തീരുമാനിച്ചാലും പിന്തുണക്കും. അതാണ് മുസ്ലീം ലീഗിന്റെ പാരമ്പര്യം. വൈകിയെങ്കിലും ജനങ്ങൾക്ക് സ്വീകാര്യരായ ആൾ വരും എന്നാണ് പ്രതീക്ഷയെന്നും മുനവ്വറലി ശിഹാബ് തങ്ങൾ പറഞ്ഞു.
അതേസമയം തിരഞ്ഞെടുപ്പ് ഫലം വന്ന് ഒൻപത് ദിവസമായിട്ടും കേരളത്തിന്‍റെ മുഖ്യമന്ത്രിയെ തീരുമാനിക്കാൻ കഴിയാത്ത സാഹചര്യത്തിൽ മുസ്ലിം ലീഗ് അടിയന്തര യോഗം വിളിച്ചു. നാളെ 10 മണിക്ക് പാണക്കാട്ടാണ് മുസ്ലിം ലീഗ് നേതൃയോഗം നടക്കുക. മുഖ്യമന്ത്രിയെ സംബന്ധിച്ച് കോൺഗ്രസ് നിലപാടിൽ എന്തു സമീപനം സ്വീകരിക്കണമെന്ന് യോഗം ചർച്ച ചെയ്യും.
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുസ്ലിം ലീഗിന്‍റെ നിലപാടിന് അനുകൂലമല്ല കോണ്‍ഗ്രസിന്‍റെ തീരുമാനം എങ്കിൽ എന്ത് നിലപാട് സ്വീകരിക്കണം എന്നാണ് ചർച്ച ചെയ്യുക. ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ട ഒരാൾ മുഖ്യമന്ത്രിയാകണം എന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് ലീഗ്. മുഖ്യമന്ത്രി തീരുമാനം വൈകുന്നതിൽ ലീഗിന്‍റെ എംൽഎമാരടക്കം പരസ്യമായി രംഗത്തെത്തുന്ന സാഹചര്യം നിലവിലുണ്ട്. മുഖ്യമന്ത്രിയാരാകണമെന്ന കാര്യത്തിൽ പെട്ടെന്ന് തീരുമാനമുണ്ടായില്ലെങ്കിൽ പ്രത്യാഘാതം ഉണ്ടാകുമെന്നാണ് ലീഗ് നേതാക്കളുടെ മുന്നറിയിപ്പ്.







