
മുംബൈ പോലീസ് ചമഞ്ഞ് റിട്ടയേർഡ് സർക്കാർ ഉദ്യോഗസ്ഥനിൽ നിന്നും കോടികൾ തട്ടിയെടുത്ത സംഘത്തിലെ മുഖ്യപ്രതി പിടിയിൽ
പാലക്കാട്: മുംബൈ പോലീസ് ചമഞ്ഞ് കേന്ദ്ര സർക്കാരിലെ റിട്ടയേർഡ് ഉദ്യോഗസ്ഥനിൽ നിന്നും 1,35,50,000 രൂപ തട്ടിയെടുത്ത യുവാവ് അറസ്റ്റില്‍. കര്‍ണാടക ബീദര്‍ ജന്‍വാധ റോഡ് നവാദ് ഗിരി സച്ചിന്‍ (29) നെയാണ് പാലക്കാട് സൈബര്‍ ക്രൈം പോലീസ് അറസ്‌റ്റ് ചെയ്‌തത്.
ടെലികോം അധികൃതരെന്ന വ്യാജേന പരാതിക്കാരനെ ഫോണില്‍ ബന്ധപ്പെട്ടാണ് ഇയാൾ തട്ടിപ്പിന് തുടക്കമിട്ടത്. മുംബൈ പോലീസ് രജിസ്‌റ്റര്‍ ചെയ്‌ത കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ പരാതിക്കാരന്റെ മൊബൈല്‍ നമ്പര്‍, ആധാര്‍കാര്‍ഡ് തുടങ്ങിയവ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് വിശ്വസിപ്പിച്ച്, പോലീസ് വേഷം ധരിച്ച വീഡിയോ കോളില്‍ പ്രത്യക്ഷപ്പെട്ട് മുംബൈ പോലീസ് ഇന്‍സ്‌പെക്‌ടര്‍ ആണെന്നും ഡിജിറ്റല്‍ അറസ്‌റ്റ് ചെയ്‌തിരിക്കുകയാണെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തിയാണ് പണം തട്ടിയത്.
55 ലക്ഷം രൂപ ചെന്നെത്തിയ വ്യാജ വ്യാപാര സ്‌ഥാപനത്തിന്റെ പേരിലുണ്ടാക്കിയ ബാങ്ക് അക്കൗണ്ട് കൈകാര്യം ചെയ്‌ത സൈബര്‍തട്ടിപ്പ് ശൃംഖലയിലെ പ്രധാന പ്രതിയാണ് പിടിയിലായതെന്ന് പോലീസ് വിശദമാക്കുന്നത്. വിവിധ മൊബൈല്‍ നമ്പറുകള്‍, ബാങ്കിംഗ് ഇടപാട് വിവരങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇയാളെ പിടികൂടിയത്. പ്രതിയുടെ ഒരു അക്കൗണ്ടിലൂടെ മാത്രം നാലര കോടി രൂപയിലേറെ പണമിടപാട് നടന്നതായി രേഖയുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
