ഹോട്ടൽ ഐഡയിലെ മിസ്റ്റർ ഇന്ത്യയുടെ പീഡനം: യുവതി അപകടനില തരണം ചെയ്തു; മിസ്റ്റർ ഇന്ത്യ മുരളി കുമാർ റിമാൻഡിൽ: യുവതിയുടെ മൊഴി വീണ്ടുമെടുക്കാൻ പൊലീസ്; യുവതിയുടെ ചിത്രം പ്രചരിപ്പിച്ചവരെ തിരിച്ചറിഞ്ഞു

ഹോട്ടൽ ഐഡയിലെ മിസ്റ്റർ ഇന്ത്യയുടെ പീഡനം: യുവതി അപകടനില തരണം ചെയ്തു; മിസ്റ്റർ ഇന്ത്യ മുരളി കുമാർ റിമാൻഡിൽ: യുവതിയുടെ മൊഴി വീണ്ടുമെടുക്കാൻ പൊലീസ്; യുവതിയുടെ ചിത്രം പ്രചരിപ്പിച്ചവരെ തിരിച്ചറിഞ്ഞു

തേർഡ് ഐ ബ്യൂറോ

കോട്ടയം: നഗരമധ്യത്തിലെ ഹോട്ടൽ ഐഡയിൽ 22 കാരിയായ യുവതിയെ പീഡിപ്പിച്ച മിസ്റ്റർ ഇന്ത്യയെ പൊലീസ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പീഡനത്തിനിരയായി അമിത രക്തസ്രാവത്തെ തുടർന്നു കുടമാളൂരിലെ കിംസ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടിരിക്കുന്ന യുവതി അപകടനില തരണം ചെയ്തതായാണ് ആശുപത്രി വൃത്തങ്ങൾ നൽകുന്ന സൂചന. ഒരാഴ്ചയെങ്കിലും ചികിത്സയിൽ കഴിഞ്ഞെങ്കിൽ മാത്രമേ യുവതിയ്ക്ക് സാധാരണ ജീവിതത്തിലേയ്ക്കു തിരികെ എത്താൻ സാധിക്കൂ എന്നാണ് ഡോക്ടർമാർ നൽകുന്ന സൂചന. ഒരു മാസം വിശ്രമിച്ചെങ്കിൽ മാത്രമേ യുവതിയ്ക്ക് നടന്നു തുടങ്ങാൻ സാധിക്കൂ. അടുത്ത ഒരു മാസം പൂർണ വിശ്രമമാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്. ഇതിനിടെ സംഭവത്തിൽ യുവതി ആരോഗ്യ സ്ഥിതി വീണ്ടെടുത്ത ശേഷം വീണ്ടും പൊലീസ് മൊഴിയെടുക്കുമെന്നാണ് സൂചന. കഴിഞ്ഞ ദിവസം മൊഴിയെടുത്തെങ്കിലും യുവതിയുടെ ആരോഗ്യ സ്ഥിതി മോശമായതിനാൽ വിശദമായ മൊഴി രേഖപ്പെടുത്താൻ സാധിച്ചിരുന്നില്ല. ഇതേ തുടർന്നാണ് യുവതി ആശുപത്രി വിട്ട ശേഷം വീണ്ടും മൊഴി രേഖപ്പെടുത്തുന്നതെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ തേർഡ് ഐ ന്യൂസ് ലൈവിനോടു പറഞ്ഞു.
രണ്ടു ലക്ഷത്തോളം വായനക്കാരുമായി ജില്ലയിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന തേർഡ് ഐ ന്യൂസ് ലൈവാണ് നാവിക ഉദ്യോഗസ്ഥനും മിസ്റ്റർ ഇന്ത്യയുമായ കുടമാളൂർ സ്വദേശി മുരളികുമാറിന്റെ പീഡനം സംബന്ധിച്ചുള്ള വാർത്ത ആദ്യം പുറത്തു വിട്ടത്. ആഗസ്റ്റ് 30 വ്യാഴാഴ്ചയുണ്ടായ പീഡനപരാതി, പിറ്റേന്ന് വെള്ളിയാഴ്ച രാവിലെയാണ് തേർഡ് ഐ ന്യൂസ് ലൈവ് ആദ്യം പുറത്തു വിടുന്നത്. തുടർന്നാണ് സംഭവത്തിൽ മുരളികുമാറിനെതിരെ പീഡനത്തിനിരയായ യുവതിയുടെ പിതാവ് ജില്ലാ പൊലീസ് മേധാവിയ്ക്കു പരാതി നൽകുന്നത്. പിന്നീട് വെള്ളിയാഴ്ച വൈകുന്നേരത്തോടെ പൊലീസ് സംഘം യുവതിയുടെ മൊഴി രേഖപ്പെടുത്തി. പോസ്റ്റ് ഓഫിസ് ജംഗ്ഷനിൽ നിന്ന തന്നെ മയക്കുമരുന്ന് സ്േ്രപ ചെയ്ത് തട്ടിക്കൊണ്ടു പോയ ഒരു സംഘം പീഡിപ്പിക്കുകയായിരുന്നുവെന്ന് ആദ്യം മൊഴി നൽകിയ യുവതി, പിന്നീട് പൊലീസ് സംഘത്തിനു മുന്നിൽ മൊഴി മാറ്റുകയായിരുന്നു. തന്നെ ചായകുടിക്കാൻ ഹോട്ടലിലേയ്ക്കു വിളിച്ചു കൊണ്ടു പോയ മുരളികുമാർ, ഭക്ഷണം കഴിക്കാനെന്ന വ്യാജേനെ മുറിയ്ക്കുള്ളിൽ വിളിച്ചു കയറ്റി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് യുവതി രണ്ടാമത് പൊലീസിനു നൽകിയ മൊഴി. തുടർന്നാണ് മുരളിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തത്.
ഇതിനിടെ മുരളി പീഡനക്കേസിൽ റിമാൻഡ് ആയതു സംബന്ധിച്ചു വെസ്റ്റ് പൊലീസ് സംഘം നാവിക സേനയ്ക്കു റിപ്പോർട്ട് നൽകിയിട്ടുണ്ട്. ഇതേ തുടർന്നു നേവി മുരളിയ്‌ക്കെതിരായ അച്ചടക്ക നടപടികളും ഉടൻ ആരംഭിക്കും. ഇദ്ദേഹത്തെ സർവീസിൽ നിന്നു പിരിച്ചു വിട്ടേക്കുമെന്നാണ് പ്രാഥമിക സൂചന. ഡിവൈഎസ്പി ആർ.ശ്രീകുമാർ, സി.ഐ നിർമ്മൽ ബോസ്, എസ്.ഐ എം.ജെ അരുൺ എന്നിവരുടെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്. ഇതിനിടെ യുവതിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച സംഭവത്തിലും പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ജില്ലാ സൈബർ സെൽ ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്. ചിത്രം വാട്‌സ്അപ്പിൽ പ്രചരിപ്പിച്ച നൂറിലേറെ പേരെ തിരിച്ചറിഞ്ഞതായാണ് സൂചന. യുവതിയുടെ ഫെയ്‌സ്ബുക്ക് അക്കൗണ്ടിൽ നിന്നുള്ള ചിത്രങ്ങളും, മുരളി കുമാറും യുവതിയും ഒരു സ്വകാര്യ ചടങ്ങിൽ വച്ച് പകർത്തിയ ചിത്രങ്ങളുമാണ് സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുന്നത്.