പതിനാലുകാരുടെ കഞ്ചാവ് പാർട്ടി: പിടിച്ചെടുത്തത് ഏഴായിരം രൂപ വിലയുള്ള പിത്തള ഹുക്ക; റബർതോട്ടത്തിൽ നിന്നും പിടിയിലായത് സ്‌കൂൾ വിദ്യാർത്ഥികൾ

പതിനാലുകാരുടെ കഞ്ചാവ് പാർട്ടി: പിടിച്ചെടുത്തത് ഏഴായിരം രൂപ വിലയുള്ള പിത്തള ഹുക്ക; റബർതോട്ടത്തിൽ നിന്നും പിടിയിലായത് സ്‌കൂൾ വിദ്യാർത്ഥികൾ

സ്വന്തം ലേഖകൻ

കോട്ടയം: കഞ്ചാവ് വലിക്കാൻ റബർതോട്ടത്തിൽ പിത്തള ഹുക്കയുമായി കയറിയ വിദ്യാർത്ഥി സംഘത്തിലെ അഞ്ചു പേർ എക്‌സൈസ് സംഘത്തിന്റെ പിടിയിലായി. ഏഴായിരം രൂപയ്ക്ക് ഓൺലൈൻ വഴി വാങ്ങിയ ഹുക്കയുമായാണ് വിദ്യാർത്ഥി സംഘം കഞ്ചാവ് വലിക്കാൻ റബർ തോട്ടത്തിനുള്ളിലേയ്ക്ക് കടന്നത്. സംഭവത്തിൽ കസ്റ്റഡിയിലെടുത്ത വിദ്യാർത്ഥികളെ മാതാപിതാക്കളെ വിളിച്ചു വരുത്തി വിട്ടയച്ചു. ഇവരെ കൗൺസിലിംഗിനു വിധേയരാക്കാനാണ് എക്‌സൈസ് സംഘത്തിന്റെ തീരുമാനം.


ഞായറാഴ്ച ഉച്ചയോടെ ഏറ്റുമാനൂർ പള്ളിമല ഭാഗത്തെ റബർ തോട്ടത്തിലായിരുന്നു സംഭവം. കഞ്ചാവുമായി വിദ്യാർത്ഥി സംഘം സ്ഥിരമായി റബർതോട്ടത്തിൽ എത്തുന്നതായി എക്‌സൈസ് കണ്ടെത്തിയിരുന്നു. ഇവർ ഇവിടെ ഒത്തു ചേരുന്നത് കഞ്ചാവ് വലിക്കുന്നതിനായാണെന്ന് നാട്ടുകാർ പൊലീസിനെയും, എക്‌സൈസിനെയും നേരത്തെ തന്നെ അറിയിച്ചിരുന്നതുമാണ്. എന്നാൽ, ഇതുവരെയും കുട്ടിക്കഞ്ചാവുകാരെ പിടികൂടാൻ സാധിച്ചിരുന്നില്ല.
ഇന്നലെയും വിദ്യാർത്ഥി സംഘം റബർതോട്ടത്തിൽ എത്തിയതായി ഏറ്റുമാനൂർ എക്‌സൈസ് ഇൻസ്‌പെക്ടർ രാഗേഷ് ബി.ചിറയത്തിനു വിവരം ലഭിച്ചിരുന്നു. തുടർന്നു എക്‌സൈസ് സംഘം തന്ത്രപരമായി റബർ തോട്ടം വളഞ്ഞു. എക്‌സൈസിന്റെ തലവെട്ടം കണ്ടതും, കുട്ടികൾ ഓടിരക്ഷപെടൻ ശ്രമിച്ചു. പല വഴി വളഞ്ഞെത്തിയ സംഘം കുട്ടികളിൽ അഞ്ചു പേരെ നാടകീയമായി പിടികൂടി. ഇവിടെ നിന്നാണ് പിത്തളയിൽതീർത്ത ഹുക്ക അന്വേഷണ സംഘം കണ്ടെത്തിയത്.
തുടർന്നു ഇവരെ വിളിച്ചു നിർത്തി ചോദ്യം ചെയ്തതോടെയാണ് ഏഴായിരം രൂപ വിലയുള്ള ഹുക്ക ഓൺലൈൻ വഴിയാണ് വാങ്ങിയതെന്നു കണ്ടെത്തിയത്. കുട്ടികൾ ഓരോരുത്തരും സ്വന്തം നിലയിൽ ഷെയർ നൽകിയാണ് ഹുക്ക വാങ്ങുന്നതിനുള്ള പണം സ്വരൂപിച്ചത്. സിനിമയിൽ ഹുക്ക ഉപയോഗിച്ച് കഞ്ചാവ് വലിക്കുന്നതിന്റെ രസം പിടിച്ചാണ് ഇത് പണംകൊടുത്ത് വാങ്ങിയത്. എന്നാൽ, ഇവരിൽ നിന്നും കഞ്ചാവ് കണ്ടെത്താൻ സാധിച്ചിട്ടില്ല. സംഘത്തിലെ മറ്റുള്ള കുട്ടികളെയും ഇവർ കഞ്ചാവ് എത്തിക്കുന്നവരെയും കണ്ടെത്താൻ ശ്രമം ആരംഭിച്ചിട്ടുണ്ടെന്നു എക്‌സൈസ് ഇൻസ്‌പെക്ടർ രാഗേഷ് ബി.ചിറയത്ത് അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group