
കൊച്ചി രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് തുടക്കം; അഞ്ച് ദിവസം നീളുന്ന ചടങ്ങിന് സരിത തീയറ്ററില്‍ നടന്‍ മോഹന്‍ലാല്‍ തിരികൊളുത്തി
സ്വന്തം ലേഖകൻ
കൊച്ചി: അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് ഇന്ന് എറണാകുളത്ത് തുടക്കമായി. രാവിലെ 9-ന് സരിത തീയറ്ററില്‍ നടന്‍ മോഹന്‍ലാല്‍ മേള ഉദ്ഘാടനം ചെയ്തു.
കേരളത്തിന്റെ സിനിമാ തലസ്ഥാനമായ കൊച്ചിയില്‍ അഞ്ച് ദിവസം നീളുന്ന ചടങ്ങില്‍ സാംസ്‌കാരിക, മത്സ്യബന്ധന, യുവജനകാര്യവകുപ്പ് മന്ത്രി സജി ചെറിയാന്‍ അധ്യക്ഷത വഹിച്ചു. പ്രമുഖ എഴുത്തുകാരന്‍ എന്‍.എസ് മാധവന്‍ ചടങ്ങില്‍ മുഖ്യാതിഥിയായി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സരിത, സവിത, കവിത തീയറ്ററുകളിലായി നടക്കുന്ന മേളയില്‍ 26ാമത് ഐ.എഫ്.എഫ്.കെയില്‍ ശ്രദ്ധേയമായ 70ഓളം ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും.
ചടങ്ങിനുശേഷം ബംഗ്‌ളാദേശ്, സിംഗപ്പൂര്‍, ഖത്തര്‍ എന്നീ രാജ്യങ്ങളുടെ സംയുക്ത സംരംഭമായ ‘രെഹാന’ ഉദ്ഘാടന ചിത്രമായി പ്രദര്‍ശിപ്പിക്കും. സുവര്‍ണചകോരം ലഭിച്ച ‘ക്‌ളാരാ സോള’, പ്രേക്ഷകപ്രീതി ഉള്‍പ്പെടെ മൂന്ന് പുരസ്‌കാരങ്ങള്‍ ലഭിച്ച ‘കൂഴങ്കല്‍’, മികച്ച സംവിധായകനുള്ള രജത ചകോരം നേടിയ ‘കമീല കംസ് ഔട്ട് റ്റുനൈറ്റ്, ഫിപ്രസ്‌കി, നെറ്റ്പാക് പുരസ്‌കാരങ്ങള്‍ നേടിയ ‘ആവാസവ്യൂഹം’, ‘നിഷിദ്ധോ’, ‘കുമ്മാട്ടി’യുടെ റെസ്റ്ററേഷന്‍ ചെയ്ത പതിപ്പ് തുടങ്ങി 26ാമത് ഐ.എഫ്.എഫ്.കെയിലെ പ്രധാനപ്പെട്ട എല്ലാ ചിത്രങ്ങളും മേളയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
സംഘാടക സമിതി ചെയര്‍മാന്‍ ജോഷി, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്, സെക്രട്ടറി സി.അജോയ്, വൈസ് ചെയര്‍മാന്‍ പ്രേംകുമാര്‍, ആര്‍ട്ടിസ്റ്റിക് ഡയറക്ടര്‍ ബീനാപോള്‍ എന്നിവര്‍ ചടങ്ങിൽ പങ്കെടുത്തു.
രാജ്യാന്തര ഫിലിം ഫെസ്റ്റിവെലില്‍ പങ്കെടുക്കുന്ന സ്റ്റുഡെന്റ് ഡെലിഗേറ്റുകള്‍ക്കും ഒഫീഷ്യല്‍സിനും ഇന്ന് മുതല്‍ 5 വരെ കൊച്ചി മെട്രോയില്‍ സൗജന്യ യാത്രാസൗകര്യം ഏര്‍പ്പെടുത്തിയതായി കെഎംആര്‍എല്‍.