
ഫോട്ടോഷൂട്ടിനിടെ പുള്ളിപ്പുലികളുടെ ആക്രമണം; മോഡലിന്റെ തലയ്ക്കും കഴുത്തിനും ഗുരുതര പരിക്ക്; പുള്ളിപ്പുലികളുടെ ആക്രമണത്തിൽ നിന്ന് മോഡൽ രക്ഷപെട്ടത് തലനാരിഴക്ക്
സ്വന്തം ലേഖകൻ
ബെർലിൻ: ഫോട്ടോഷൂട്ടിനിടെ മോഡലിന് പുള്ളിപ്പുലികളുടെ ആക്രമണത്തിൽ ഗുരുതര പരിക്ക്. ജസീക്ക ലെയ്‌ഡോൽഫ് എന്ന മോഡലാണ് ഗുരുതര പരിക്കുകളോടെ രക്ഷപ്പെട്ടത്. കിഴക്കൻ ജർമനിയിലാണ് സംഭവം.
നെബ്രയിൽ പ്രായമേറിയ മൃഗങ്ങളെ സംരക്ഷിക്കുന്ന കേന്ദ്രത്തിലായിരുന്നു സംഭവം. ട്രോയ്, പാരിസ് എന്നീ പുലികളാണ് ജസീക്കയെ ആക്രമിച്ചത്. ജസീക്കയുടെ തലയ്ക്കും കഴുത്തിനും ഗുരുതര പരിക്കേറ്റു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പുലികൾ തന്റെ കഴുത്തിലും തലയിലും ചെവിയിലും കടിച്ചതായി ജസീക്ക ബിബിസിയോട് പ്രതികരിച്ചു. പുലികളെ സംരക്ഷിക്കുന്ന മേഖലയ്ക്ക് സമീപത്തേക്ക് മോഡലായ ജസീക്ക സ്വമേധയ ഇറങ്ങിയപ്പോഴാണ് ആക്രമണത്തിനിരയായത്.
ആക്രമണ സ്ഥലത്ത് നിന്ന് ഹെലികോപ്ടറിലാണ് ജസീക്കയെ ആശുപത്രിയിലേക്ക് മാറ്റിയത്. ബിർഗിറ്റ് സ്റ്റാച്ചേ എന്നയാളാണ് മൃഗങ്ങളെ സംരക്ഷിക്കുന്ന കേന്ദ്രത്തിന്റെ നടത്തിപ്പുകാരൻ.
പുലികൾ ആക്രമിക്കാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് കൊടുത്തിരുന്നുവെന്നും അത് അവഗണിച്ചാണ് അവയുടെ സമീപത്തേക്ക് ജസീക്ക പോയതെന്നുമാണ് സംഭവത്തെ കുറിച്ച് അദ്ദേഹം പ്രതികരിച്ചത്.
പ്രമുഖ മോഡലായ ജസീക്ക ലെയ്‌ഡോൾഫ് വെബ്‌സൈറ്റിൽ സ്വയം വിശേഷിപ്പിച്ചിരിക്കുന്നത് മൃഗസ്‌നേഹി എന്നാണ്. കുതിര, പ്രാവ്, പൂച്ചകൾ, മയിൽ, തത്ത തുടങ്ങിയ നിരവധി പക്ഷി മൃഗങ്ങളെ സംരക്ഷിക്കുന്നുണ്ടെന്നും അവരുടെ വെബ്‌സൈറ്റിൽ കൊടുത്തിട്ടുണ്ട്.