video
play-sharp-fill

വാക്കിന്‍റെ അർത്ഥമറിഞ്ഞ് തന്നെയാണ് വിമർശിച്ചത്, പ്രസംഗത്തില്‍ ഖേദമില്ല ; തന്റേതായ രീതിയിലും ശൈലിയിലുമാണ്, അങ്ങനെ മാറാൻ പറ്റില്ല. ഓരോരുത്തര്‍ക്കും അവരുടെ രീതിയുണ്ട്; കേസുകളെ ഭയക്കുന്നില്ലെന്ന് എം എം മണി

വാക്കിന്‍റെ അർത്ഥമറിഞ്ഞ് തന്നെയാണ് വിമർശിച്ചത്, പ്രസംഗത്തില്‍ ഖേദമില്ല ; തന്റേതായ രീതിയിലും ശൈലിയിലുമാണ്, അങ്ങനെ മാറാൻ പറ്റില്ല. ഓരോരുത്തര്‍ക്കും അവരുടെ രീതിയുണ്ട്; കേസുകളെ ഭയക്കുന്നില്ലെന്ന് എം എം മണി

Spread the love

സ്വന്തം ലേഖകൻ

ഇടുക്കി: ഇടുക്കിയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഡീൻ കുര്യാക്കോസിനെതിരായ അധിക്ഷേപ പ്രസംഗത്തില്‍ ഖേദമില്ലെന്ന് സിപിഎം സംസ്ഥാന കമ്മിറ്റിയംഗം എം.എം.മണി .

വാക്കിന്‍റെ അർത്ഥമറിഞ്ഞ് തന്നെയാണ് വിമർശിച്ചത്. പ്രസംഗത്തില്‍ ഖേദമില്ല, അതില്‍ തിരുത്താനുമില്ല, തെരഞ്ഞെടുപ്പ് കമ്മീഷന് വേണമെങ്കില്‍ കേസ് എടുക്കാം. കേസിനെ ഭയക്കുന്നില്ല. കേസെടുത്താല്‍ നിയമപരമായി നേരിടുമെന്നും എം.എം.മണി പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

”ഇപ്പോ ദേ പൗഡറൊക്കെ പൂശി ഒരാളുടെ ഫോട്ടോ വച്ചിട്ടുണ്ട്, ഡീൻ. ശബ്ദിച്ചോ, ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും. ശബ്ദിച്ചിട്ടുണ്ടോ ഈ കേരളത്തിനു വേണ്ടി. നാടിനു വേണ്ടി പ്രസംഗിച്ചോ. എന്തുചെയ്തു? ചുമ്മാതെ വന്നിരിക്കുവാ, പൗഡറും പൂശി ബ്യൂട്ടിപാർലറില്‍ കയറി പടവും എടുത്ത് നടക്കുന്നു. ജനങ്ങള്‍ക്കൊപ്പം നില്‍ക്കാതെ ജനങ്ങള്‍ക്കു വേണ്ടി സംസാരിക്കാതെ നടക്കുന്നു. ഷണ്ഡൻ.

ഷണ്ഡൻമാരെ ഏല്‍പ്പിക്കുകയാ..എല്‍പിച്ചോ, കഴി‍ഞ്ഞ തവണ വോട്ടു ചെയ്തവരൊക്കെ അനുഭവിച്ചോ. പിന്നേം വന്നിരിക്കുവാ ഞാൻ ഇപ്പോ ഒലത്താം ഒലത്താമെന്ന് പറഞ്ഞ്. ഇപ്പോ നന്നാക്കും. നീതിബോധമുള്ളവരാണെങ്കില്‍ കെട്ടിവച്ച കാശു കൊടുക്കാൻ പാടില്ല.”- എന്നാണ് എം.എം.മണി പറഞ്ഞത്.

അതേസമയം ദേവികുളം മുൻ എംഎല്‍എ എസ്.രാജേന്ദ്രനെ എം.എം.മണി പരോക്ഷമായി വിമർശിച്ചു. എസ് രാജേന്ദ്രന് എല്ലാം നല്‍കിയത് പാർട്ടിയാണെന്ന് പറഞ്ഞ അദ്ദേഹം ഡീൻ കുര്യാക്കോസിനെതിരായ വിമര്‍ശനത്തില്‍ ഉറച്ചുനിന്നു. താൻ പറയുന്നത് തന്റേതായ രീതിയിലും ശൈലിയിലുമാണ്. അങ്ങനെ മാറാൻ പറ്റില്ല. ഓരോരുത്തര്‍ക്കും അവരുടെ രീതിയുണ്ട്. കേസുകളെ ഭയക്കുന്നില്ലെന്ന് പറഞ്ഞ അദ്ദേഹം തന്നെയും വിമര്‍ശിക്കുന്നില്ലേയെന്ന് ചോദിച്ചു.

താൻ ജില്ലാ സെക്രട്ടറിയായ കാലത്താണ് രാജേന്ദ്രനെ ജില്ലാ കമ്മിറ്റിയിലെടുത്തതെന്നും പറഞ്ഞ മണി, രാജേന്ദ്രൻ അത് മറന്നതു കൊണ്ടാണ് പാര്‍ട്ടിക്ക് നടപടി എടുക്കേണ്ടി വന്നതെന്നും വിമര്‍ശിച്ചു. പാര്‍ട്ടി നല്‍കിയത് എല്ലാം മറന്ന് പാർട്ടിക്കെതിരെ പ്രവർത്തിച്ചാല്‍ അതിനെ പിതൃരഹിത പ്രവർത്തനം എന്നാണ് പറയുക. അത് രാജേന്ദ്രനല്ല താൻ ചെയ്താലും മറ്റാര് ചെയ്താലും അങ്ങനെ തന്നെയാണ്. എസ് രാജേന്ദ്രൻ പാർട്ടിവിട്ട് പോകില്ലെന്നാണ് കരുതുന്നതെന്നും അദ്ദേഹം അഭിമുഖത്തില്‍ പറഞ്ഞു.