
കൊല്ലത്തുനിന്ന് കാണാതായ നാലു വയസുകാരിയെ കണ്ടെത്തി; തട്ടികൊണ്ടുപോയ തമിഴ്നാട് സ്വദേശിനി കസ്റ്റഡിയിൽ; കുട്ടിയെ കണ്ടെത്തിയത് കെഎസ്ആർടിസി കണ്ടക്ടറുടെ ഇടപെടലിനെ തുടർന്ന്
പന്തളം: നാലു വയസുകാരിയെ കടത്തിക്കൊണ്ടു പോയ തമിഴ്‌നാട് സ്വദേശിയായ യുവതിയെയും കാണാതായ പെൺകുട്ടിയെയും പന്തളം പൊലീസ് സ്റ്റേഷനിൽ എത്തിച്ചു.
ഇന്ന് ഉച്ചക്ക് 12.30ഓടെ കൊട്ടാരക്കരയിൽ നിന്നും എറണാകുളത്തേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി സൂപ്പർ ഡീലക്‌സ് ബസിൽ യാത്ര ചെയ്യുന്നതിനിടയിൽ സംശയം തോന്നിയ കണ്ടക്‌ടർ ഇരുവരെയും പൊലീസിന് കൈമാറുകയായിരുന്നു.
കൊല്ലം കുന്നിക്കോട് വിളക്കുടി വാഹിദ മൻസിൽ സിയാനെ (നാല് വയസ്) ആണ് തമിഴ്‌നാട് സ്വദേശി തിങ്കളാഴ്‌ച വൈകുന്നേരം കടത്തിക്കൊണ്ടു പോയത്. അമ്മ സാഹിറിക്കൊപ്പം കൊല്ലം ബീച്ചിൽ എത്തിയ സിയാനയെ കെഎസ്ആർടിസി ബസ്റ്റാൻഡിൽ വച്ച്’കാണാതാവുകയായിരുന്നു. പന്തളത്തിന് സമീപത്തു നിന്നും പെൺകുട്ടിയുമായി ചെങ്ങന്നൂർ ഡിപ്പോയിലെ ബസിൽ കയറിയ തമിഴ്‌നാട് സ്വദേശിനി 30 രൂപ നൽകി തൃശ്ശൂരിലേക്ക് ടിക്കറ്റ് ആവശ്യപ്പെടുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവരുടെ പെരുമാറ്റത്തിലും കുഞ്ഞുമായുള്ള സാമ്യത്തിലും സംശയം തോന്നിയ കണ്ടക്‌ടറാണ് ഇരുവരെയും പൊലീസ് സ്റ്റേഷനിൽ എത്തിച്ചത്. ചൊവ്വാഴ്ച രാവിലെ പെൺകുട്ടിയെ കാണാതായ വിവരം ബന്ധുക്കൾ അറിയിച്ചതിനെ തുടർന്ന് കുന്നിക്കോട് പൊലീസ് തിരച്ചിൽ നടത്തി വരികയായിരുന്നു.
കളിപ്പാട്ടങ്ങളും ബിസ്‌കറ്റും നൽകി കുട്ടിയെ പന്തളം പൊലീസ് സ്റ്റേഷനിൽ സംരക്ഷിച്ചു വരികയാണ്. കുന്നിക്കോട്ടുള്ള ബന്ധുക്കളെ കുട്ടിയെ കണ്ടെത്തിയ വിവരം അറിയിച്ചിട്ടുണ്ട്.