
തിരുവനന്തപുരം വട്ടപ്പാറയിൽ നിന്നും കാണാതായ പ്ലസ് ടു വിദ്യാർഥിനിയെ കണ്ടെത്തി; വീടിന് അര കിലോമീറ്റര്‍ അകലെ കുറ്റിച്ചെടികള്‍ക്കിടയില്‍ തലപൊട്ടി ചോര വാര്‍ന്ന് അബോധാവസ്ഥയില്‍ നാട്ടുകാരാണ് പെൺകുട്ടിയെ കണ്ടെത്തിയത്
തിരുവനന്തപുരം: വട്ടപ്പാറ പെരുംകൂരില്‍ കഴിഞ്ഞ ദിവസം കാണാതായ പ്ലസ് ടു വിദ്യാർഥിനിയെ റോഡരികില്‍ തലപൊട്ടി ചോര വാര്‍ന്ന നിലയില്‍ കണ്ടെത്തി. വീടിന് അര കിലോമീറ്റര്‍ അകലെ കുറ്റിച്ചെടികള്‍ക്കിടയില്‍ തലപൊട്ടി ചോര വാര്‍ന്ന് അബോധാവസ്ഥയില്‍ നാട്ടുകാരാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്.
ബുധനാഴ്ച രാത്രി 9 നാണ് വട്ടപ്പാറ പെരുംകൂര്‍ സ്വദേശിനിയായ പ്ലസ് ടു വിദ്യാർഥിനിയെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കള്‍ വട്ടപ്പാറ പൊലിസില്‍ പരാതി നല്‍കിയത്. പൊലീസ് അന്വേഷണം നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല.
വ്യാഴാഴ്ച രാവിലെ 9.30 ന് വീടിന് അര കിലോമീറ്റര്‍ അകലെ കുറ്റിച്ചെടികള്‍ക്കിടയില്‍ നിന്നാണ് പെണ്‍കുട്ടിയെ നാട്ടുകാര്‍ കണ്ടെത്തിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ വട്ടപ്പാറ പൊലിസ് പെണ്‍കുട്ടിയെ ആദ്യം കന്യകുളങ്ങര സര്‍ക്കാര്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെത്തിച്ച് പ്രാഥമിക ചികിത്സ ലഭ്യമാക്കിയ ശേഷം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തെ കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തി വരുന്നതായി വട്ടപ്പാറ സി ഐ പറഞ്ഞു.
രാവിലെ അതുവഴി പോയവര്‍ ഞരക്കം കേട്ട് നോക്കിയപ്പോഴാണ് പെണ്‍കുട്ടിയെ കണ്ടത്. കാണാതായ ദിവസം കുട്ടി സ്‌കൂളില്‍ നിന്നും വീട്ടിലെത്തിയ ശേഷം വീടിന് പുറത്തേക്ക് പോയിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും കുട്ടിയെ കാണാതെ വന്നതോടെ വീട്ടുകാരും ബന്ധുക്കളും സമീപപ്രദേശങ്ങളില്‍ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്നാണ് മാതാവ് വട്ടപ്പാറ പൊലീസില്‍ പരാതി നല്‍കിയത്.