‘രണ്ട് മന്ത്രിമാര്‍ വരുന്ന പരിപാടിയാണ്; ഞായറാഴ്ച ഒരു കുടുംബശ്രീയും വെക്കണ്ട; എത്താത്ത കുടുംബശ്രീ അംഗങ്ങള്‍ക്ക് 100 രൂപ ഫൈന്‍’; വാര്‍ഡ് മെമ്പറുടെ ഭീഷണി സന്ദേശം പുറത്ത്; മന്ത്രിമാരുടെ പരിപാടിക്ക് വരുന്നതാണോ തങ്ങളുടെ ജോലിയെന്ന് കുടുംബശ്രീ അംഗങ്ങൾ; പിന്നാലെ വിവാദം

‘രണ്ട് മന്ത്രിമാര്‍ വരുന്ന പരിപാടിയാണ്; ഞായറാഴ്ച ഒരു കുടുംബശ്രീയും വെക്കണ്ട; എത്താത്ത കുടുംബശ്രീ അംഗങ്ങള്‍ക്ക് 100 രൂപ ഫൈന്‍’; വാര്‍ഡ് മെമ്പറുടെ ഭീഷണി സന്ദേശം പുറത്ത്; മന്ത്രിമാരുടെ പരിപാടിക്ക് വരുന്നതാണോ തങ്ങളുടെ ജോലിയെന്ന് കുടുംബശ്രീ അംഗങ്ങൾ; പിന്നാലെ വിവാദം

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: രണ്ട് മന്ത്രിമാർ പങ്കെടുക്കുന്ന പാലം ഉദ്ഘാടനത്തിനു വന്നില്ലെങ്കിൽ നൂറു രൂപ പിഴ ഈടാക്കുമെന്ന് കുടുംബശ്രീ അംഗങ്ങൾക്ക് പഞ്ചായത്ത് മെമ്പറുടെ ഭീഷണി.

നെടുമങ്ങാട് പഴകുറ്റി പാലം ഉദ്ഘാടനത്തിന് എത്താത്ത കുടുംബശ്രീ അംഗങ്ങളില്‍നിന്ന് 100 രൂപ ഫൈന്‍ ഈടാക്കുമെന്ന് ആനാട് ഗ്രാമപഞ്ചായത്ത് മെമ്പര്‍ ഷീജ തന്റെ വാര്‍ഡിലെ കുടുംബശ്രീ അംഗങ്ങള്‍ക്ക് അയച്ച ഓഡിയോ സന്ദേശമാണ് പുറത്തായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഓഡിയോ സന്ദേശത്തില്‍ പറയുന്നത് ഇങ്ങനെ: “12-ാം തീയതി പഴകുറ്റി പാലത്തിന്റെ ഉദ്ഘാടനമാണ്. വൈകുന്നേരം നാല് മണിക്ക് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യുന്നു. നെടുമങ്ങാടിന്റെ മന്ത്രി ജി ആര്‍ അനിലാണ് അധ്യക്ഷസ്ഥാനം വഹിക്കുന്നത്. രണ്ട് മന്ത്രിമാര്‍ പങ്കെടുക്കുന്ന പരിപാടിയാണ്. നമ്മുടെ വാര്‍ഡിലാണ് ആ പാലം സ്ഥിതി ചെയ്യുന്നത്. വരുന്ന ഞായറാഴ്ച ഒരു കുടുംബശ്രീയും വെക്കേണ്ടതില്ല. ലോണോ മറ്റ് കാര്യങ്ങള്‍ ഉണ്ടെങ്കില്‍ ശനിയാഴ്ച കുടുംബശ്രീ വെക്കുക.

ഞായറാഴ്ച മുഴുവന്‍ കുടുംബശ്രീ അംഗങ്ങളും കൃത്യം നാലരമണിക്ക് പഴകുറ്റിയില്‍ എത്തിച്ചേരേണ്ടതാണ്. കൃത്യമായ കാരണങ്ങള്‍ ഇല്ലാത്ത ഒരാള്‍ പോലും പരിപാടിയില്‍ വരാതിരിക്കരുത്. അഞ്ചരമണിയോടെ നിങ്ങള്‍ക്ക് തിരിച്ചുപോകാം. വരാത്തവരില്‍ നിന്നും ഫൈന്‍ ഈടാക്കുന്നതാണ് 100 രൂപ”.

ഓഡിയോ പുറത്തായതിന് പിന്നാലെ വാര്‍ഡ് മെമ്പര്‍ക്കെതിരെ നിരവധിയാളുകള്‍ രംഗത്തെത്തിയിട്ടുണ്ട്. പാലം ഉദ്ഘാടനത്തിന് എത്താത്ത കുടുംബശ്രീ അംഗങ്ങളോട് എന്തടിസ്ഥാനത്തിലാണ് ഫൈനടിക്കുമെന്ന് പറയുന്നതെന്ന് ഇവര്‍ ചോദിക്കുന്നു. മന്ത്രിമാരുടെ പരിപാടിക്ക് വരുന്നതാണോ തങ്ങളുടെ ജോലി എന്നു കുടുംബശ്രീ അംഗങ്ങളും ചോദിക്കുന്നു.

റോഡ് നവീകരണത്തിന്റെ ഭാഗമായി കിള്ളിയാറിന് കുറുകെയുള്ള പഴകുറ്റി പാലം 2021 ഡിസംബറിലാണ് പൊളിച്ചത്. പഴകുറ്റി മംഗലപുരം റോഡ് നവീകരണത്തിന്റെ ഭാഗമായി ദശാബ്ദങ്ങള്‍ പഴക്കം വരുന്ന കിള്ളിയാറിന് കുറുകെയുള്ള പഴകുറ്റി പാലമാണ് പൊളിച്ചു പണിതത്. ഒരു വര്‍ഷംകൊണ്ട് പാലം പണിയും റോഡ് പുനരുദ്ധാരണവും പൂര്‍ത്തിയാക്കും എന്നാണ് സ്ഥലം എംഎല്‍എയും മന്ത്രിയുമായ ജി ആര്‍ അനില്‍ അറിയിച്ചിരുന്നത്. എന്നാല്‍ അത് നീണ്ടുപോയി. ഇപ്പോഴാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായത്.