രാജിയല്ലാതെ ഇനിയൊരു വഴിയില്ല; ജലീലിന് കുരുക്കു മുറുക്കി ഇ.ഡിയ്ക്കു പിന്നാലെ എൻ.ഐ.എയും കസ്റ്റംസും എത്തുന്നു; ഖുറാന്റെ മറവിൽ കടത്തിയത് എന്തൊക്കെയന്നു അന്വേഷിച്ചാൽ കുടുങ്ങുന്നത് വമ്പൻമാർ

തേർഡ് ഐ ക്രൈം

കൊച്ചി: സംസ്ഥാനത്തെ ഭരണസിരാകേന്ദ്രങ്ങളെ വരെ പിടിച്ചു കുലുക്കിയുള്ള പ്രതിപക്ഷ പ്രതിഷേധത്തിനിടയിലും കൂളായി നിന്ന മന്ത്രി കെ.ടി ജലീലിനെ കുടുക്കാൻ ഇ.ഡിയ്ക്കു പിന്നാലെ എൻ.ഐ.എയും കസ്റ്റംസും എത്തിയേക്കും. മന്ത്രി ജലീലിനെ ഇ.ഡി വീണ്ടും ചോദ്യം ചെയ്‌തേയ്ക്കുമെന്ന സൂചനയ്ക്കിടയിലാണ് ഇദ്ദേഹത്തെ ചോദ്യം ചെയ്യാൻ എൻ.ഐ.എ അടക്കം ഒരുങ്ങുന്നത്.

മാധ്യമങ്ങളുടെ കണ്ണിൽ പെടാതിരിക്കാൻ എൻഫോഴ്്മെന്റ് ഓഫീസിൽ ചോദ്യം ചെയ്യലിനായി രഹസ്യമായി പോയത് എന്തിനെന്ന ചോദ്യത്തിന് ഇതുവരെയും കൃത്യമായ ഉത്തരം നൽകാൻ ജലീലിനോ സി.പി.എമ്മിനോ സാധിച്ചിട്ടില്ല. ഇത് കൂടാതെ നിരവധി ചോദ്യങ്ങളാണ് മൊഴിയെടുപ്പ് സംബന്ധിച്ചു പൊതുസമൂഹത്തിന് ഇനി ബാക്കിയുള്ളത്.

ഇതിനെല്ലാമുള്ള ഉത്തരങ്ങൾ അടങ്ങുന്ന ചോദ്യം ചെയ്യലിന്റെ വിശദാംശങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. രാവിലെ 10 മുതലുള്ള ചോദ്യം ചെയ്യൽ രണ്ടര മണിക്കൂറോളം നീണ്ടുനിന്നു. ചോദ്യം ചെയ്യല്ലിന് ഹാജരാവാൻ ആവശ്യപ്പെട്ടുള്ള എൻഫോഴ്സ്മെന്റ് നോട്ടീസ് തന്റെ മലപ്പുറത്തെ വിലാസത്തിലാണ് ലഭിച്ചത്. അതിനാലാണ് ഔദ്യോഗിക വാഹനം ഉപേക്ഷിച്ച് ചോദ്യം ചെയ്യലിന് എത്തിയതെന്നാണ് ജലീൽ വിശദീകരിക്കുന്നത്.

തീർത്തും സൗഹാർദപരമായിരുന്നു ചോദ്യം ചെയ്യൽ. മുഖ്യമന്ത്രിയെ അറിയിച്ച ശേഷമാണ് കെ.ടി.ജലീൽ ചോദ്യം ചെയ്യലിന് ഹാജരാവാനായി എൻഫോഴ്സ്മെന്റ് ഓഫീസിലെത്തിയതെന്നാണ് അദ്ദേഹവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കുന്നത്. പിന്നീട് ബന്ധപ്പെട്ട കാര്യങ്ങൾ ജലീൽ മുഖ്യമന്ത്രിയെ നേരിട്ട് വിളിച്ചറിയിച്ചു.

അതേസമയം മതഗ്രന്ഥങ്ങൾ വിതരണം ചെയ്തത് തെറ്റാണെന്ന് താൻ വിശ്വസിക്കുന്നില്ലെന്നാണ് ജലീൽ എൻഫോഴ്മെന്റിനോട് പറഞ്ഞത്. ആർക്കൊക്കെ മതഗ്രന്ഥങ്ങൾ നൽകിയിട്ടുണ്ട് എന്നത് സംബന്ധിച്ച് രേഖകൾ ഉണ്ട്. ആവശ്യമെങ്കിൽ അത് തിരിച്ചെടുക്കാൻ കഴിയുന്നതുമാണെന്ന് ജലീൽ ഇ.ഡിയോട് വ്യക്തമാക്കി.

യുഎഇ കോൺസുലേറ്റ് നൽകിയത് നിരസിക്കുന്നത് ശരിയല്ല എന്ന് തോന്നിയതു കൊണ്ടാണ് മതഗ്രന്ഥങ്ങൾ താൻ ഏറ്റുവാങ്ങിയത്, മത ഗ്രന്ഥങ്ങൾ എവിടെയും വിതരണം ചെയ്തിട്ടില്ല. കോവിഡായതിനാൽ അതേപടി സൂക്ഷിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ വഴിവിട്ട് ഒന്നും ചെയ്തിട്ടില്ല. ഏതന്വേഷണവും നേരിടാൻ തയാറാണെന്നും മന്ത്രി പറഞ്ഞതായാണ് വിവരം.

സ്വപ്ന അടക്കം ഉള്ളവരോടുള്ള ബന്ധം ഔദ്യോഗികം മാത്രമാണ്. വ്യക്തിപരമായ കാര്യങ്ങൾക്ക് ഇത്തരം ബന്ധങ്ങൾ ഉപയോഗിച്ചിട്ടില്ല. കോൺസുലേറ്റ് സെക്രട്ടറി എന്ന നിലയിലാണ് പരിചയം. വഖഫ് മന്ത്രിയെന്ന നിലയിൽ കോൺസുലേറ്റുമായി മികച്ച ബന്ധം പുലർത്തിയിരുന്നു. കോൺസൽ ജനറലിനെ ബന്ധപ്പെട്ടിരുന്നത് സ്വപ്ന വഴിയാണ്. സ്വപ്നയുടെ മറ്റു ഇടപാടുകൾ തനിക്ക് അറിയില്ലായിരുന്നു. കോൺസൽ ജനറലുമായുള്ള ബന്ധത്തിൽ അസ്വാഭാവികതയില്ല. പ്രോട്ടോക്കോൾ ലംഘനത്തെക്കുറിച്ച് തനിക്ക് അറിവില്ലായിരുന്നു എന്നും ജലീൽ അന്വേഷണ സംഘത്തോട് പറഞ്ഞു.

ജലീലിന്റെ ആസ്തിബാധ്യതകളും എൻഫോഴ്സ്മെന്റ് ആരാഞ്ഞു. താൻ സമ്ബന്നനല്ല. തന്റെ പത്തൊൻപതര സെന്റ് സ്ഥലവും വീടും ഉണ്ടെന്ന് മന്ത്രി ഉദ്യോഗസ്ഥരെ അറിയിച്ചു. അഞ്ച് ലക്ഷം രൂപയുടെ ലോണും തന്റെ പേരിലുണ്ട്. ഇതിൽ ഒന്നര ലക്ഷം രൂപ ഇനിയും അടച്ചു തീർക്കാനുണ്ട്. ഭാര്യയുടെ പേരിൽ 13 ലക്ഷം രൂപയുടെ നിക്ഷേപമുണ്ട്. തന്റെ പേരിൽ മൂന്നു ലക്ഷം രൂപയും ഉണ്ട്. രണ്ടും ട്രഷറി അക്കൗണ്ടിലാണുള്ളത്. വസ്തുവിന്റെ ആധാരവും ട്രഷറി നിക്ഷേപം സംബന്ധിച്ച രേഖകളും എൻഫോഴ്സ്മെന്റ് ആവശ്യപ്രകാരം ഹാജരാക്കാമെന്ന് മന്ത്രി ഉദ്യോഗസ്ഥരെ അറിയിച്ചു.

എന്നാൽ, എൻഫോഴ്മെന്റിന്റെ പക്കലുള്ള വിവരങ്ങളും മന്ത്രി ജലീൽ പറഞ്ഞവയുമായി പൊരുത്തക്കേടുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. അതുകൊണ്ട് തന്നെ ജലീലിന് ക്ലീൻ ചിറ്റ് നൽകാൻ ഇഡി തയ്യാറല്ല. മന്ത്രിയെ വീണ്ടും ചോദ്യം ചെയ്യാനും തീരുമാനിച്ചതായാണ് സൂചന.