കൊവിഡിന്റെ കാലത്ത് വരുന്നത് ആശ്വാസത്തിന്റെ വാർത്തകൾ: വാക്‌സിൻ പരീക്ഷണങ്ങൾ നൽകുന്നത് പ്രതീക്ഷയുടെ പുതിയ കാലം; ഓക്‌സ്‌ഫോർഡ് സർവകലാശാല മൂന്നാം ഘട്ട വാക്‌സിൻ പരീക്ഷണം പുനരാരംഭിച്ചു

തേർഡ് ഐ ഇന്റർനാഷണൽ

ലണ്ടൻ: കൊവിഡ് എന്ന മഹാമാരി ലോകത്തെ മുഴുവൻ വിറപ്പിച്ചു നിർത്തിയിരിക്കുകയാണ്. ഈ മഹാമാരിയെ ചെറുക്കാൻ എന്തു ചെയ്യണമെന്നുള്ള ഉത്തരം ഇനിയും ലോകത്തിനു മുന്നിലില്ല. ആകാശം മുട്ടെ ഉയർന്നു നിന്നിരുന്ന മനുഷ്യരാശി ഇന്ന് ഒരു ചെറു വൈറസിനു മുന്നിൽ വിറച്ചു നിൽക്കുകയാണ്. ഇതിനിടെയാണ് ഈ വൈറസിനെ ചെറുത്തു തോൽപ്പിക്കാനും തുരത്തിയോടിക്കാനുമുള്ള മരുന്നിന്റെ പരീക്ഷണങ്ങൾ ഒരു ഘട്ടത്തിൽ മുന്നേറിയിരുന്നത്. ഇതിനിടെയാണ് മരുന്നു പരീക്ഷണത്തിൽ പാളിച്ചകളുണ്ടായി എന്ന വാർത്ത പുറത്ത് വന്നത്.

എന്നാൽ, ഈ ആശങ്കകൾക്ക് അടിസ്ഥാനമില്ലെന്നതാണ് ഇപ്പോൾ ഏറ്റവും ഒടുവിൽ പുറത്തു വരുന്ന വാർത്തകൾ നൽകുന്ന വിവരം. കോവിഡിനെതിരെ ഏറ്റവും പ്രതീക്ഷ നൽകുന്ന ഓക്‌സ്‌ഫോഡ് വാക്‌സിന്റെ ബ്രിട്ടനിലെ മൂന്നാം ഘട്ട പരീക്ഷണം പുനരാരംഭിച്ചു എന്ന വാർത്ത പുറത്തു വന്നത് ഏറെ പ്രതീക്ഷയോടെയാണ് ലോകം കാണുന്നത്. പരീക്ഷണം തുടരാൻ അനുമതി ലഭിച്ചെന്ന് ബ്രിട്ടീഷ് കമ്പനി അസ്ട്രാസെനക അറിയിച്ചു. യുകെയിൽ വാക്‌സിൻ പരീക്ഷിച്ച അജ്ഞാത രോഗം കണ്ടതിനെ തുടർന്ന് കഴിഞ്ഞ ആഴ്ചയാണ് പരീക്ഷണം നിർത്തിവച്ചത്. എന്നാൽ ഇത് വാക്‌സിന്റെ എന്തെങ്കിലും തകറാറുകൊണ്ടല്ലെന്നാണ് ഇപ്പോൾ തെളിയുന്നത്.

ലോകം എറ്റവും അധികം പ്രതീക്ഷയോടെ കാത്തിരുന്ന ഒന്നായിരുന്ന ഓക്‌സ്‌ഫോഡ് വാക്‌സിൻ. ആദ്യ രണ്ടുഘട്ടങ്ങളും വിജയകരമായി പൂർത്തീകരിച്ച വാക്‌സിന്റെ മൂന്നാഘട്ടത്തിൽ കണ്ട രോഗം ലോകത്തിന്റെ പ്രതീക്ഷകൾ തെറ്റിക്കയായിരുന്നു. പരീക്ഷണത്തിന്റെ ഭാഗമായി 18,000 ത്തോളം സന്നദ്ധപ്രവർത്തകർക്കാണ് വാക്സിൻ കുത്തിവെച്ചത്. ഇതിൽ ഒരാൾക്ക് അജ്ഞാത രോഗം ബാധിച്ചതിനെ തുടർന്നാണ് പരീക്ഷണം താത്കാലികമായി നിർത്തിവെച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വാക്‌സിൻ സ്വീകരിച്ച ഒരാൾക്ക് ആരോഗ്യപ്രശ്‌നം കണ്ടതിനെത്തുടർന്നു പരീക്ഷണം താൽക്കാലികമായി നിർത്തുന്നുവെന്ന് സെപ്റ്റംബർ 9ന് ‘അസ്ട്രാസെനക’ അറിയിച്ചത്. പരീക്ഷണങ്ങളിൽ ഇതു സാധാരണയാണെന്നും സ്വമേധയാ നിർത്തിവച്ചതാണെന്നും ഉൽപാദക കമ്പനിയായ ‘അസ്ട്രാസെനക’ അറിയിച്ചു. ശാരീരിക പ്രശ്‌നങ്ങളുണ്ടായാൽ അതു വാക്‌സീൻ കാരണമല്ല എന്നു സ്ഥിരീകരിക്കുന്നതു വരെ പരീക്ഷണം നിർത്തിവയ്ക്കുകയെന്നത് പതിവാണ്.

‘അസ്ട്രാസെനക ഓക്‌സ്‌ഫെഡ് കൊറോണ വൈറസ് വാക്‌സീന്റെ (ക്ലിനിക്കൽ ട്രയൽ പുനരാരംഭിച്ചു. വാക്‌സീൻ പരീക്ഷണം സുരക്ഷിതമാണെന്ന യുകെയിലെ മെഡിക്കൽ ഹെൽത്ത് റെഗുലേറ്ററി അഥോറിറ്റി (എംഎച്ച്ആർഎ)യുടെ അനുമതി ലഭിച്ചതോടെയാണ് പരീക്ഷണം വീണ്ടും ആരംഭിച്ചത്.’- അസ്ട്രാസെനക ഇറക്കിയ കുറിപ്പിൽ പറയുന്നു. ‘ഇതു സംബന്ധിച്ച സ്വതന്ത്ര അന്വേഷണ പ്രക്രിയ അവസാനിച്ചു. അവലോകന കമ്മിറ്റിയുടേയും യു.കെ. റെഗുലേറ്ററായ എം.എച്ച്.ആർ.എയുടേയും ശുപാർശകളെ തുടർന്ന് രാജ്യത്തുടനീളം വാക്സിൻ പരീക്ഷണം പുനരാരംഭിക്കും’, -ഓക്സ്ഫഡ് സർവകലാശാല പ്രസ്താവനയിൽ അറിയിച്ചു.ഇന്ത്യയിൽ സിറം ഇൻസ്റ്റിറ്റ്യൂട്ടാണ് ഓക്സ്ഫഡ് സർവകലാശാല ഉത്പാദിപ്പിക്കുന്ന വാക്സിന്റെ പരീക്ഷണം നടത്തുന്നത്.

യുകെയിൽ വാക്സിന്റെ ട്രയൽ നിർത്തിവെച്ചതിനെ തുടർന്ന് ഇന്ത്യയിലെ പരീക്ഷണങ്ങളും നിർത്തിവെക്കുന്നതായി സിറം ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചിരുന്നു. ഇനി സിറം ഇൻസ്റ്റിറ്റ്യൂട്ടിനും പരീക്ഷണങ്ങളുമായി മുന്നോട്ട് പോകാവുന്നതാണ്.

ഓക്സ്ഫഡ് വാക്സിൻ സ്വീകരിച്ചയാൾക്ക് എന്താണ് സംഭവിച്ചത് എന്നതിന്റെ കൃത്യമായ വിവരങ്ങൾ ഇനിയും പുറത്തുവരാൻ ഇരിക്കുന്നതേ ഉള്ളൂ. ‘ട്രാൻവേഴ്സ് മൈലൈറ്റീസ്’ എന്ന അവസ്ഥയാണ് ഉണ്ടായതെന്നാണ് റിപ്പോർട്ട്.

സുഷുമ്ന നാഡിയിലെ തന്തുക്കളെ സംരക്ഷിക്കുന്ന ആവരണമായ മൈലിനുണ്ടാകുന്ന വീക്കമാണ് ട്രാൻവേഴ്സ് മൈലറ്റീസ്. ഒരു രോഗാവസ്ഥയിൽ നിന്ന് കരകയറാൻ ശരീരം ശ്രമിക്കുമ്‌ബോഴോ അല്ലെങ്കിൽ ഏതെങ്കിലും തരത്തിലുള്ള അണുബാധയിൽ നിന്ന് മുക്തി നേടാൻ ശ്രമിക്കുമ്പോഴോ ആണ് ഈ അവസ്ഥ കണ്ടെത്താൻ കഴിയുക. ശരീരത്തിലെ ആരോഗ്യകരമായ സെല്ലുകളെയാണ് ട്രാൻവേഴ്സ് മൈലൈറ്റീസ് കൂടുതലായി ആക്രമിക്കുക.

ട്രാൻവേഴ്സ് മൈലൈറ്റീസിന്റെ ലക്ഷണങ്ങൾ പലതരത്തിലാണ്. ശരീരത്തിന്റെ പിൻഭാഗങ്ങളിലോ അരയ്ക്ക് സമീപമായുള്ള ഭാഗങ്ങളിലോ ശക്തമായ വേദന അനുഭവപ്പെടാം. കാലുകൾക്ക് വേദന അനുഭവപ്പെടുത്തത് പ്രധാന ലക്ഷണങ്ങളിലൊന്നാണ്. മൂന്ന് കാരണങ്ങൾ കൊണ്ട് ഈ അവസ്ഥയുണ്ടാകാമെന്ന് ഗവേഷകർ പറയുന്നു. വാക്സിൻ സ്വീകരിച്ചത് മൂലം ശരീരത്തിന്റെ പ്രതിരോധ ശേഷിയിലുണ്ടായ അപ്രതീക്ഷിത മാറ്റം. വാക്സിൻ ശരീരത്തിൽ എത്തിയതോടെ നിർജീവമായിരുന്ന വൈറസുകളിൽ ഏതെങ്കിലും സജീവമായത്. രോഗപ്രതിരോധ സംവിധാനം സ്വന്തം ശരീരത്തെ തന്നെ ആക്രമിക്കുന്ന ഓട്ടോ ഇമ്യൂൺ എന്നിവ ട്രാൻവേഴ്സ് മൈലൈറ്റീസിന്റെ കാരണങ്ങളാണ്.

ഇത് ശരീരത്തെ ബാധിക്കുന്നത് പലതരത്തിലാണ്. തണുപ്പ്, മരവിപ്പ്, ഇക്കളി, വേദനകൾ എന്നിവ തിരിച്ചറിയാൻ കഴിയാതെ വരും. കാലുകളിലെയും കൈകളിലെയും വേദന രൂക്ഷമായേക്കാം. ഈ അവസ്ഥയിലെത്തുന്ന ഭൂരിഭാഗം രോഗികളും ആദ്യത്തെ മൂന്ന് മാസത്തിനുള്ളിൽ സുഖം പ്രാപിക്കും. ചുരുക്കം ചിലയാളുകൾ മാത്രം രണ്ട് വർഷം വരെ ഈ അവസ്ഥയിൽ തുടർന്നേക്കാം. ചില കേസുകളിൽ ഇതിലും കൂടുതൽ വർഷങ്ങളെടുക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഇപ്പോൾ വാക്‌സിൻ പരീക്ഷണം മൂലമല്ല രോഗബാധ ഉണ്ടായതെന്നാണ് കണ്ടെത്തിയിട്ടുള്ളത്. പക്ഷേ ഈ രോഗിയുടെ കൂടുതൽ വിവരങ്ങൾ വരും ദിനങ്ങളിൽ പുറത്തുവരും എന്നാണ് അറിയുന്നത്.