ഉത്തര കൊറിയ പട്ടിണി രാജ്യമെന്നു പറഞ്ഞു: അഞ്ചു സാമ്പത്തിക ഉദ്യോഗസ്ഥർ തീർന്നു: അഞ്ചു ധനകാര്യ ഉദ്യോഗസ്ഥരെ വെടിവച്ചു കൊന്ന് നായ്ക്കൾക്കു ഭക്ഷണമാക്കി; കിം ജോങ് ഉന്നിന്റെ ക്രൂരത വീണ്ടും

തേർഡ് ഐ ഇന്റർനാഷണൽ

പോംഗ്യോങ്: കൊടും ക്രൂരത കൊണ്ട് ലോകത്തെ വിറപ്പിക്കുന്ന ഭരണാധികാരിയാണ് കിം ജോങ് ഉൻ. പ്രായം ഏറെ ചെറുപ്പമാണെങ്കിലും ക്രൂരതയുടെ കാര്യത്തിൽ ലോകത്ത് മറ്റൊരു ഭരണാധികാരിയും കിമ്മിനൊപ്പം എത്തില്ല. സ്വന്തം അമ്മാവനെയും ബന്ധുക്കളെയും വരെ കൊന്നു കളഞ്ഞ കൊടും ക്രൂരനായ ഭരണാധികാരിയ്‌ക്കെതിരെ ഇപ്പോൾ ഉയരുന്ന ഏറ്റവും വലിയ ആരോപണം കിം അഞ്ചു ധനകാര്യ വകുപ്പ് ഉദ്യോഗസ്ഥരെ കൊലയ്ക്കു കൊടുത്തു എന്നതാണ്. അഞ്ചു പേരെയും വധശിക്ഷയ്ക്കു വിധേയരാക്കിയ ശേഷം, നായ്ക്കൾക്കു ഭക്ഷണമാക്കാൻ നൽകിയെന്നാണ് ഇപ്പോൾ ഉയരുന്ന ആരോപണം.

ദക്ഷിണ കൊറിയൻ മാദ്ധ്യമമായ ഡെയ്ലി എൻ.കെ റിപ്പോർട്ട് ചെയ്തു. കിമ്മിന്റെ സാമ്പത്തിക നയങ്ങൾ ഉത്തര കൊറിയയെ ലോകത്തെ ഏറ്റവും ദരിദ്ര രാജ്യമാക്കി മാറ്റിയെന്ന് പറഞ്ഞതിനാണ് അഞ്ച് പേരെയും ഫയറിംഗ് സ്‌ക്വാഡ് വെടിവച്ച് കൊന്നത്. ഇതിനു ശേഷം ഇവരുടെ ശരീരം ചെറു കഷണങ്ങളായി മുറിച്ച് നായ്ക്കൾക്കു ഭക്ഷണമാക്കാൻ നൽകിയതായും റിപ്പോർട്ടുകളുണ്ട്.

ഒരു ഡിന്നർ പാർട്ടിയ്ക്കിടെ നടന്ന ചർച്ച മേൽ ഉദ്യോഗസ്ഥരുടെ ചെവിയിലെത്തുകയും കിമ്മിന്റെ രഹസ്യ പൊലീസ് ഇവരെ പിടികൂടുകയുമായിരുന്നു. തുടർന്നു ഇവരെ മാസങ്ങളോളമായി തടവിൽ പാർപ്പിച്ചിരിക്കുകയായിരുന്നു. ഇവർക്കെതിരെ രാജ്യദ്രോഹക്കുറ്റമാണ് ചുമത്തിയത്. തുടർന്നു, ഇവരെ ആളൊഴിഞ്ഞ പ്രദേശത്തു കൊണ്ടു പോയി ഫയറിംങ് സ്‌ക്വാഡ് വെടിവച്ചു കൊന്നു. തുടർന്നു രണ്ടാഴ്ചയിലേറെയായി വെള്ളം മാത്രം കൊടുത്തു വളർത്തിയ നായ്ക്കൾക്കു മുന്നിലേയ്ക്കു ഇവരെ തള്ളി വിടുകയായിരുന്നു.

ഉത്തര കൊറിയയിൽ കിം സൈനികമേഖലയിലും സാമ്പത്തിക മേഖലയിലും നടപ്പാക്കി വരുന്ന പരിഷ്‌കരണങ്ങൾ ഉത്തര കൊറിയൻ ജനതയെ ദാരിദ്ര്യത്തിലേക്ക് തള്ളിവിടുന്നതുമായി ബന്ധപ്പെട്ട് ഇവർ ഡിന്നർ പാർട്ടിയിൽ തുറന്ന ചർച്ച നടത്തുകയായിരുന്നു. ഉത്തര കൊറിയ കരകയറണമെങ്കിൽ വിദേശ രാജ്യങ്ങളുമായി സഹകരണം വേണമെന്നും ഇവർ ചൂണ്ടിക്കാട്ടിയിരുന്നു.

അന്വേഷണം ആരംഭിക്കുന്നതിന് മുമ്പ് തന്നെ സംഭവം കിമ്മിന്റെ ചെവിയിലെത്തിയിരുന്നു. ഉദ്യോഗസ്ഥരെ പിടികൂടി തങ്ങൾ ഭരണകൂടത്തെ നിന്ദിച്ച് സംസാരിച്ചതായി ഏറ്റുപറയിപ്പിച്ച ശേഷമാണ് ഇവരെ വധശിക്ഷയ്ക്ക് വിധേയമാക്കിയത്. മരിച്ചവരുടെ കുടുംബാംഗങ്ങളെ ഹാംഗ്യോംഗ്നാം ഡോയിലെ യെഡോകിൽ സ്ഥിതി ചെയ്യുന്ന പൊളിറ്റിക്കൽ ക്യാമ്പിലേക്ക് മാറ്റിയെന്നാണ് സൂചന. ഉത്തര കൊറിയയിലെ രാഷ്ട്രീയ വിമതര പാർപ്പിക്കുന്ന ഈ ക്യാമ്പിലെ അന്തരീക്ഷം വളരെ ഭീകരമാണെന്നാണ് റിപ്പോർട്ട്.