
ചികിത്സാ പിഴവ് കാരണം കാഴ്ച്ച നഷ്ടപ്പെട്ട ആറ് വയസ്സുകാരിയുടെ ചികിത്സ സർക്കാരേറ്റെടുക്കും
സ്വന്തംലേഖകൻ
തിരുവനന്തപുരം : തൃശൂർ ജൂബിലി മിഷൻ ഹോസ്പിറ്റലിലെ ചികിത്സാ പിഴവ് കാരണം കാഴ്ച്ച നഷ്ടപ്പെട്ട ആറ് വയസ്സുകാരിയുടെ ചികിത്സ സർക്കാരേറ്റെടുക്കുമെന്ന് മന്ത്രി കെകെ ഷൈലജ. വിഷയത്തിൽ ഇടപെടുന്നതിനായി സോഷ്യൽ സെക്യൂരിറ്റി മിഷൻ എക്സി. ഡയറക്ടർ ഡോ. മുഹമ്മദ് അഷീലിനെ ചുമതലപ്പെടുത്തിയെന്നും മന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.
അപസ്മാര സംബന്ധമായ അസുഖത്തിനാണ് സനമോൾ ജൂബിലി മെഡിക്കൽ കോളേജിൽ എത്തിയത്. അവിടെ ചികിത്സ നടത്തുന്നതിനിടയിൽ ടോക്സിക്ക് എപ്പിഡമോ നെക്രോലൈസിസ് എന്ന രോഗാവസ്ഥ ഉണ്ടായതിനെ തുടർന്നാണ് തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സ തേടിയത്. തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിലെ ചികിത്സാ പിഴവ് കാരണം രണ്ടു മാസമായി സനമോളുടെ കാഴ്ച നഷ്ടപ്പെട്ടിട്ട്. മാർച്ച് 11 ന് രാത്രി സനമോൾ ബോധരഹിതമായി വീണ് ശ്വാസം കിട്ടാതായതിനെ തുടർന്നാണ് തൊട്ടടുത്ത ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. പിന്നീട് ആശുപത്രി അധികൃതർ തന്നെ കുഞ്ഞിനെ ജൂബിലി മിഷനിലേക്ക് മാറ്റാൻ നിർദ്ദേശിക്കുകയായിരുന്നുവെന്ന് കുട്ടിയുടെ അമ്മ പറയുന്നു. ‘ജൂബിലിയിലെത്തിയ കുഞ്ഞിനെ ഫിറ്റ്സാണെന്ന് പറഞ്ഞ് ഫിറ്റ്സിനുള്ള ഇഞ്ചെക്ഷനും മരുന്നുകളും നൽകി. പിന്നീട് നാല് ദിവസം ഈ ചികിത്സ തുടർന്നു. ആറ് മാസം കുഞ്ഞിന് നൽകാൻ ഒരു സിറപ്പും നൽകി. പിന്നീടാണ് കുഞ്ഞിൽ ആരോഗ്യ പ്രശ്നങ്ങൾ കണ്ടെത്തിയത്. കുഞ്ഞിന് കടുത്ത പനിയും മറ്റ് ദേഹാസ്വാസ്ഥ്യങ്ങളും തുടങ്ങി’- അമ്മ പറഞ്ഞു. തുടർന്ന് കുഞ്ഞിനെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ അവർ കുഞ്ഞിനെ ജൂബിലി മിഷനിൽ തന്നെ കൊണ്ടുപോകാൻ നിർദ്ദേശിക്കുകയാിരുന്നു. കുഞ്ഞിന്റെ മുഖത്ത് കണ്ട പാടുകളുടെ അടിസ്ഥാനത്തിൽ ആശുപത്രി അധികൃതർ കുഞ്ഞിന് അഞ്ചാം പനിയാണെന്ന് വിധിക്കുകയും അതിനുള്ള ചികിത്സകൾ ആരംഭിക്കുകയും ചെയ്തു. പിറ്റേ ദിവസം ഉച്ചയോടെ കുഞ്ഞിന്റെ മുഖത്ത് നിറയെ കുമിളകൾ വന്നു. കുട്ടിയുടെ അമ്മയാണ് ഇത് അഞ്ചാം പനി തന്നെയാണോ എന്ന തരത്തിൽ ആദ്യം സംശയം പ്രകടിപ്പിക്കുന്നത്. പിന്നീട് ത്വക് രോഗ വിദഗ്ധനെ കാണിച്ചപ്പോഴാണ് ഫിറ്റ്സ് ഇഞ്ച്ക്ഷൻ നൽകിയതിന്റെ പ്രശ്നമാണെന്ന് പറയുന്നത്. പിന്നീട് സ്ഥിതി വഷളായി. കുഞ്ഞിന്റെ ദേഹത്തെല്ലാം ഈ കുമിളകൾ വ്യാപിച്ചു.പിന്നീടാണ് സനമോളെ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകുന്നത്. കുഞ്ഞിന് ഫിറ്റ്സ് ഉണ്ടായിരുന്നില്ലെന്നും നിമോണിയ കാരണമാണ് കുഞ്ഞിന്റെ ബോധം പോയതെന്നും മെഡിക്കൽ കോളേജിലെ ഡോക്ടർ പറഞ്ഞു. നിലവിൽ കൊയമ്പത്തൂരിലെ ആശുപത്രിയിൽ നേത്രരോഗ വിദഗ്ധന്റെ ചികിത്സയിലാണ് സനമോൾ. സനമോളുടെ കാഴ്ച്ചയ്ക്ക് ഇപ്പോഴും മങ്ങലുണ്ടെന്നും അമ്മ പറയുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

മന്ത്രിയുടെ ഫേസ്ബുക് പോസ്റ്റ്..
സോനമോളുടെ വാർത്ത അറിഞ്ഞതിനെ തുടർന്ന് ഇതിൽ ഇടപെടുന്നതിനായി സോഷ്യൽ സെക്യൂരിറ്റി മിഷൻ എക്സി. ഡയറക്ടർ ഡോ. മുഹമ്മദ് അഷീലിനെ ചുമതലപ്പെടുത്തി. ഡോക്ടർ ഈ കാര്യത്തിൽ വിശദമായി അന്വേഷണം നടത്തി റിപ്പോർട്ട് ചെയ്തു. ശേഷം കുട്ടിയുടെ അച്ചൻ ബാബുവുമായി ഫോണിൽ സംസാരിച്ചു.
തൃശൂർ മെഡിക്കൽ കോളേജ്, കോയമ്പത്തൂർ അരവിന്ദ് കണ്ണാശുപത്രി എന്നിവിടങ്ങളിൽ നിന്നും കുട്ടിയുടെ രോഗവിവരങ്ങൾ ശേഖരിച്ചു.
അപസ്മാര സംബന്ധമായ അസുഖത്തിനാണ് ജൂബിലി മെഡിക്കൽ കോളേജിൽ എത്തിയത്. അവിടെ ചികിത്സ നടത്തുന്നതിനിടയിൽ ടോക്സിക്ക് എപ്പിഡമോ നെക്രോലൈസിസ് എന്ന രോഗാവസ്ഥ ഉണ്ടായതിനെ തുടർന്നാണ് തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സ തേടിയത്.
ശേഷം തൃശൂർ മെഡിക്കൽ കോളേജിലെ ശിശുരോഗ വിഭാഗത്തിന്റെ തലവൻ ഡോ: പുരുഷോത്തമന്റെ നേത്യത്വത്തിൽ നടത്തിയ വിദഗ്ധ പരിശോധനയിൽ നിന്നാണ് കണ്ണിനും രോഗം ബാധിച്ചതിച്ചിട്ടുണ്ടെന്ന് മനസിലാക്കിയത്. ഇതിനെ തുടർന്ന് കോയമ്പത്തൂർ അരവിന്ദ് കണ്ണാശുപത്രിയിലേക്ക് റഫർ ചെയ്യുകയായിരുന്നു.
അവിടെ നിന്ന് രണ്ട് തവണ കണ്ണിന് ശസ്ത്രക്രിയ നടത്തി. മൂന്നാമത്തെ ശസ്ത്രക്രിയക്കായി ഇന്ന് അഡ്മിറ്റ് ചെയ്യേണ്ടതായിരുന്നു. എന്നാൽ രക്ത പരിശോധനയിൽ അണുബാധ കണ്ടതിനാൽ പെട്ടെന്ന് സർജറി സാധ്യമല്ലെന്ന് കോയമ്പത്തൂർ അരവിന്ദ് ആശുപത്രി അധികൃതർ അറിയിച്ചു. അതിനാൽ തൃശൂർ മെഡിക്കൽ കോളേജുമായി ബന്ധപ്പെട്ട് ചികിത്സ നടത്തുന്നതിനുള്ള ഏർപ്പാട് ഉണ്ടാക്കി.
തൃശൂർ മെഡിക്കൽ കോളേജിലും തുടർന്നും ചികിത്സക്ക് ആവശ്യമായ എസ്റ്റിമേറ്റ് അനുസരിച്ച് കേരള സാമൂഹ്യ സുരക്ഷാ മിഷന്റെ വികെയർ പദ്ധതിയിൽ ഉൾപ്പെടുത്തി ചികിത്സ സർക്കാർ ഏറ്റെടുക്കുന്നതാണ്.
കൂടുതൽ ചികിത്സാ ചിലവ് ആവശ്യമായി വരുന്ന അപൂർവ രോഗങ്ങൾക്കും ഇതു പോലുള്ള രോഗികൾക്കും സർക്കാരിന്റെ പ്ലാൻ ഫണ്ട് തികയാത്തതിനാൽ സുമനസുകൾ നൽകുന്ന സംഭവനയും കമ്പനികളുടെ പൊതു നന്മ ഫണ്ട് ഉപയോഗിച്ചാണ് വി കെയറിൽ ഫണ്ട് സ്വരൂപിക്കുന്നത്.
സുതാര്യത ഇല്ലാതെ സ്വകാര്യ അക്കൗണ്ട് ആരംഭിച്ച് ഓൺലൈനായി ഫണ്ട് പിരിവ് നടത്തുന്ന ചില സംഘടനകളും വ്യക്തികളും നമുക്ക് ചുറ്റും ഉണ്ട്. ഇതിൽ നിന്ന് വ്യത്യസ്തമായി പൂർണമായും സുതാര്യവും, സർക്കാർ നിരീക്ഷണത്തിലും നിയന്ത്രണത്തിലുമുള്ള ഫണ്ട് കളക്ഷനാണ് വി കെയറിൽ നടക്കുന്നത്. ഇപ്പോൾ പരിമിതമായ ഫണ്ട് മാത്രമേ വി കെയറിൽ ഉള്ളൂ. ഈ സർക്കാർ വന്നതിന് ശേഷം എണ്ണൂറിലധികം പേർക്ക് വി കെയർ വഴി സഹായം നൽകിയിട്ടുണ്ട്. കൂടുതൽ വിശദാംശങ്ങൾ ഈ ലിങ്കിൽ ലഭ്യമാണ് ( http://donation.socialsecuritymission.gov.in )
സോനമോളുടെ അസുഖം എത്രയും വേഗം സുഖപ്പെടുത്താൻ ഉള്ള നടപടികളാണ് സർക്കാർ എടുത്തിട്ടുള്ളത്. സോനമോളുടെ വിഷയം ശ്രദ്ധയിൽപ്പെടുത്തിയ എല്ലാ സുമനസുകളേയും നന്ദിയറിയിക്കുന്നു.
സർക്കാർ ഒപ്പമുണ്ട്.