മന്ത്രി ജലീലിന്റെ രാജി: തലസ്ഥാനത്ത് പ്രതിഷേധം; സംസ്ഥാനത്ത് ശനിയാഴ്ച ബി.ജെ.പി കരിദിനം; കളക്ടറേറ്റിലേയ്ക്ക് എ.ബി.വി.പി പ്രതിഷേധം രാവിലെ 11 ന്

മന്ത്രി ജലീലിന്റെ രാജി: തലസ്ഥാനത്ത് പ്രതിഷേധം; സംസ്ഥാനത്ത് ശനിയാഴ്ച ബി.ജെ.പി കരിദിനം; കളക്ടറേറ്റിലേയ്ക്ക് എ.ബി.വി.പി പ്രതിഷേധം രാവിലെ 11 ന്

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം: സ്വർണ്ണക്കടത്ത് കേസിൽ സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ആദ്യമായി ഒരു മന്ത്രിയെ എൻഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്തതിൽ പ്രതിഷേധം കത്തുന്നു. മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ സംഘടനകൾ പ്രതിഷേധവുമായി തെരുവിൽ ഇറങ്ങിയിട്ടുണ്ട്. സംസ്ഥാന വ്യാപകമായി ബി.ജെ.പി ശനിയാഴ്ച കരിദിനാചരണം നടത്തും. കരിദിനാചരണത്തിന്റെ ഭാഗമായി രാവിലെ 11 ന് എ.ബി.വി.പി പ്രവർത്തകരുടെ നേതൃത്വത്തിൽ കോട്ടയം കളക്ടറേറ്റിലേയ്ക്കു കളക്ടറേറ്റിലേയ്ക്കു മാർച്ച് നടത്തും.

മന്ത്രി കെ.ടി.ജലീലിന്റെ രാജി ആവശ്യപ്പെട്ട് ബിജെപി സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാർച്ചിന് നേരെ പോലീസ് നടത്തിയ അക്രമത്തിൽ പ്രതിഷേധിച്ച് ബിജെപി കരിദിനം ആചരിക്കും. എല്ലാ ജില്ലാ നിയോജക മണ്ഡലം കേന്ദ്രങ്ങളിൽ ജലീലിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം സംഘടിപ്പിക്കും. ജലീൽ മന്ത്രി സ്ഥാനം രാജിവക്കും വരെ പ്രതിഷേധം ശക്തമാക്കുമെന്ന് സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജലീലിന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി ബിജെപിയും കോൺഗ്രസും ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്. വിവിധ ജില്ലകളിൽ രാത്രി വൈകിയും വലിയ പ്രതിഷേധം ഉയർന്നു. പ്രതിഷേധങ്ങൾക്ക് നേരെ പോലീസ് ലാത്തി വീശിയത് പല സ്ഥലങ്ങളിലും സംഘർഷത്തിലാണ് കലാശിച്ചത്.

അതേസമയം, തീവ്രവാദബന്ധമുള്ള സ്വർണകടത്തുകേസിൽ നേരിട്ട് ബന്ധമുള്ള ഉന്നത വിദ്യാഭ്യാസ മന്ത്രി രാജിവക്കണെന്ന് എബിവിപി ആവശ്യപ്പെട്ടു. കേസുമായുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തിൽ എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് അയച്ച ഈ സാഹചര്യത്തിൽ കെ.ടി ജലീലിനെ പോലെ പലതവണ ഈ കേസുമായി ബന്ധമുണ്ടെന്ന് ആരോപണ വിധേയനായ ഒരു മന്ത്രി കേരളത്തിലെ വിദ്യാഭ്യാസ സമൂഹത്തെ കളങ്കിതമാക്കുകയാണന്നും എബിവിപി വ്യക്തമാക്കി.

സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് സംഘം ചോദ്യം ചെയ്തതിനെ തുടർന്ന് മന്ത്രി കെ.ടി ജലീലിൽ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസും ബി.ജെ.പിയും നടത്തിയ സെക്രട്ടേറിയേറ്റ് മാർച്ചിൽ വെള്ളിയാഴ്ച രാത്രിയിൽ സംഘർഷമുണ്ടായിരുന്നു. പ്രതിഷേധക്കാർക്ക് നേരെ പൊലീസ് ലാത്തിച്ചാർജ് നടത്തുകയും ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു.

ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രന്റെ നേതൃത്വത്തിലെത്തിയ പ്രവർത്തകർ കെ.ടി ജലീലിന്റെ കോലം കത്തിച്ചു. ബാരിക്കേട് തള്ളിമാറ്റാൻ ശ്രമിച്ച യൂത്ത്‌കോൺഗ്രസ് പ്രവർത്തകർക്ക് നേരേ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. തുടർന്ന് പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തുംതള്ളുമുണ്ടായി. ഇതോടെയാണ് പൊലീസ് പ്രതിഷേധക്കാർക്ക് നേരെ ലാത്തിവീശിയത്. ലാത്തിചാർജിനെ തുടർന്ന് നിരവധി പ്രവർത്തകർക്ക് പരിക്കേറ്റിട്ടുണ്ട്. യൂത്ത് കോൺഗ്രസ് പ്രവർത്തകർ സെക്രട്ടേറിയറ്റിന് മുന്നിലെ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.

ജലീൽ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട്ടും യുവമോർച്ച പ്രവർത്തകർ രാത്രിയിൽ പ്രതിഷേധിച്ചു. കോഴിക്കോട് കമ്മീഷണർ ഓഫീസിനു മുന്നിൽ യുവമോർച്ച പ്രവർത്തകർ മന്ത്രിയുടെ കോലം കത്തിച്ചു.