
കേരളത്തിലെ ജൂനിയർ ഡോക്ടർമാരുടെ തൊഴിലില്ലായ്മയിലും കുറഞ്ഞ ശമ്പളത്തിലും ശക്തമായ ഉത്കണ്ഠ രേഖപ്പെടുത്തി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. കൊച്ചിയിൽ ചേർന്ന ഐഎംഎ സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് ഈ വിഷയത്തിൽ നിർണ്ണായക തീരുമാനങ്ങൾ കൈക്കൊണ്ടത്. ലോകത്തിലെ ഏറ്റവും കഠിനമായ കോഴ്സുകളിലൊന്ന് പൂർത്തിയാക്കി ഇറങ്ങുന്ന എംബിബിഎസ് ഡോക്ടർമാർക്ക് ആഴ്ചയിൽ 48 മണിക്കൂർ ജോലി ചെയ്യുന്നതിന് പ്രതിമാസം കുറഞ്ഞത് 80,000 രൂപയെങ്കിലും ശമ്പളം നൽകാൻ സർക്കാർ തയ്യാറാകണമെന്ന് സംഘടന ആവശ്യപ്പെട്ടു.
ഡോക്ടർമാരുടെ മിനിമം വേതനത്തെക്കുറിച്ച് പഠിക്കാൻ കഴിഞ്ഞ സംസ്ഥാന സമിതി നിശ്ചയിച്ച കമ്മിറ്റി തങ്ങളുടെ റിപ്പോർട്ട് യോഗത്തിൽ സമർപ്പിച്ചു. നാലായിരത്തോളം ഡോക്ടർമാർ പങ്കെടുത്ത പഠനത്തിൽ അതീവ ആശങ്കയുണർത്തുന്ന വിവരങ്ങളാണ് പുറത്തു വന്നിട്ടുള്ളത്. സംസ്ഥാനത്തെ 82 ശതമാനം ഡോക്ടർമാർക്കും മാന്യമായ ശമ്പളം ലഭിക്കുന്നില്ല. പ്രതിമാസം 30,000 രൂപയ്ക്ക് താഴെ ശമ്പളത്തിൽ ജോലി ചെയ്യുന്ന നിരവധി ഡോക്ടർമാർ കേരളത്തിലുണ്ട്. കുറഞ്ഞ ശമ്പളവും തൊഴിലില്ലായ്മയും കാരണം 70 ശതമാനം ഡോക്ടർമാരും കേരളം വിട്ട് മറ്റ് സംസ്ഥാനങ്ങളിലേക്കും വിദേശരാജ്യങ്ങളിലേക്കും ജോലി തേടി പോകാൻ ആഗ്രഹിക്കുന്നു എന്നും യോഗത്തിൽ വിലയിരുത്തി.






