Spread the love

തിരുവനന്തപുരം: തലസ്ഥാനത്തെ ആനയറ മിനി സിവില്‍ സ്റ്റേഷൻ പരിസരത്ത് നിയമവിരുദ്ധമായി പ്രവർത്തിച്ചുപോന്ന സിപിഎം പാർട്ടി ഓഫീസ് തിരുവനന്തപുരം നഗരസഭ അധികൃതർ ഒഴുപ്പിച്ചു.
കോവിഡ് മഹാമാരിയുടെ സമയത്ത് ഹെല്‍പ്പ് ഡെസ്ക് ആയി താല്‍ക്കാലികമായി ഉപയോഗിച്ചിരുന്ന കെട്ടിടമാണ് പിന്നീട് അനധികൃതമായി പാർട്ടി ഓഫീസാക്കി മാറ്റി കൈയ്യേറിയത്. സിവില്‍ സ്റ്റേഷനോട് ചേർന്നുള്ള പൊതു ഇടവഴി പൂർണ്ണമായും കെട്ടിയടച്ച്‌, അതിന് മുകളില്‍ ഷീറ്റ് മേഞ്ഞായിരുന്നു ഈ പാർട്ടി ഓഫീസ് നിർമ്മിച്ചിരുന്നത്.

video
play-sharp-fill

ഒഴിപ്പിക്കല്‍ നടപടികളുടെ ഭാഗമായി കെട്ടിടത്തില്‍ സ്ഥാപിച്ചിരുന്ന പാർട്ടി കൊടികള്‍, തോരണങ്ങള്‍, ബാനറുകള്‍, നോട്ടീസുകള്‍, അരിവാള്‍ ചുറ്റിക നക്ഷത്ര ചിഹ്നങ്ങള്‍ എന്നിവയെല്ലാം കോർപ്പറേഷൻ അധികൃതർ സംഭവസ്ഥലത്തുനിന്ന് നീക്കം ചെയ്തു. മേല്‍ക്കൂരയിലെ ഷീറ്റുകള്‍ അടക്കം പൊളിച്ചുമാറ്റി ഈ പൊതു ഇടവഴി പഴയപടിയാക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ഇതിനിടെ, കോർപ്പറേഷൻ കെട്ടിടത്തിനുള്ളിലെ മുറിയിലിരുന്ന് ഒരു പ്രാദേശിക സിപിഎം നേതാവ് പരസ്യമായി മദ്യപിക്കുന്ന ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ക്ക് ലഭിച്ചത് പാർട്ടിയെ കൂടുതല്‍ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. ഈ സിവില്‍ സ്റ്റേഷന്റെ നാലാം നിലയും ഇത്തരത്തില്‍ സിപിഎം കൈയ്യേറി പാർട്ടി യോഗങ്ങള്‍ക്കായി ഉപയോഗിക്കുകയാണെന്നും അവിടെനിന്നാണ് ഈ ഓഫീസിലേക്ക് അനധികൃതമായി വൈദ്യുതി എത്തിച്ചിരുന്നതെന്നും ആരോപണമുണ്ട്.

നഗരസഭയുടെ ഉടമസ്ഥതയിലുള്ള ഈ സ്ഥലത്ത് പൊതുജനങ്ങള്‍ക്കായി പുതിയൊരു വികസന പദ്ധതി ആരംഭിക്കാൻ തീരുമാനിച്ചിരുന്നതായി കടകംപള്ളി വാർഡ് കൗണ്‍സിലർ ജയ രാജീവ് വ്യക്തമാക്കി. ഇതിനായി സ്ഥലം ഒഴിഞ്ഞുതരണമെന്ന് ആവശ്യപ്പെട്ട് കോർപ്പറേഷൻ മുൻപ് പലതവണ അറിയിപ്പ് നല്‍കുകയും കെട്ടിടത്തില്‍ ഔദ്യോഗികമായി നോട്ടീസ് പതിക്കുകയും ചെയ്തിരുന്നു. എന്നാല്‍ സിപിഎം നേതൃത്വത്തിന്റെ ഭാഗത്തുനിന്ന് യാതൊരുവിധ പ്രതികരണവും ഉണ്ടാകാത്തതിനെ തുടർന്നാണ് കർശനമായ ഒഴിപ്പിക്കല്‍ നടപടികളിലേക്ക് നഗരസഭയ്ക്ക് കടക്കേണ്ടി വന്നത്. കോവിഡിന് ശേഷം വർഷങ്ങളായി ഈ പ്രദേശം അനധികൃത പാർട്ടി സെന്ററായാണ് പ്രവർത്തിച്ചിരുന്നതെന്നും അവർ ചൂണ്ടിക്കാട്ടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സിവില്‍ സ്റ്റേഷൻ പരിസരത്ത് അടിമുടി വൻ അഴിമതിയാണ് നടക്കുന്നതെന്നും കൗണ്‍സിലർ ആരോപിച്ചു. ഇവിടുത്തെ ഒൻപതോളം കടമുറികള്‍ വെറും ആയിരം രൂപ നിരക്കില്‍ നഗരസഭയില്‍ നിന്നും വാടകയ്‌ക്കെടുത്ത്, പുറത്തുള്ള വ്യാപാരികള്‍ക്ക് പതിനായിരങ്ങള്‍ വാങ്ങി മറിച്ചുനല്‍കുന്ന വലിയൊരു തട്ടിപ്പ് ഇതിന് പിന്നിലുണ്ട്. നിലവിലെ ഈ കച്ചവടക്കാരോട് മുറികള്‍ ഒഴിഞ്ഞുതരാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഈ കടമുറികള്‍ വരും ദിവസങ്ങളില്‍ നഗരസഭ വീണ്ടും സുതാര്യമായി ലേലം ചെയ്യുമെന്നും മേയർ അറിയിച്ചിട്ടുണ്ട്. ഭരണകക്ഷിയുടെ ഓഫീസ് നഗരസഭ തന്നെ നേരിട്ടെത്തി പൊളിച്ചുനീക്കിയത് നഗരത്തില്‍ വലിയ രാഷ്ട്രീയ ചർച്ചകള്‍ക്ക് തിരികൊളുത്തിയിരിക്കുകയാണ്.