
വാഷിംഗ്ടണ്‍: ഇറാനും അമേരിക്കയും തമ്മില്‍ നടന്ന സമാധാന ചർച്ചകളില്‍ ഉണ്ടായ പുരോഗതിയുടെ പശ്ചാത്തലത്തില്‍ ഇറാന്റെ എണ്ണ കയറ്റുമതിക്കുമേലുള്ള ഉപരോധങ്ങളില്‍ ചിലതില്‍ ഭാഗിക ഇളവ് പ്രഖ്യാപിച്ച് അമേരിക്ക.
അമേരിക്കൻ ട്രഷറി വകുപ്പ് 60 ദിവസത്തേക്കാണ് പ്രത്യേക ഉപരോധ ഇളവ് അനുവദിച്ചിരിക്കുന്നത്. ഇതോടെ ഇറാനിയൻ ക്രൂഡ് ഓയില്‍, പെട്രോകെമിക്കല്‍ ഉല്‍പ്പന്നങ്ങള്‍, മറ്റ് പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ ഉല്‍പ്പാദനം, വിതരണം, വില്‍പ്പന എന്നിവയ്ക്ക് താല്‍ക്കാലിക അനുമതി ലഭിച്ചിരിക്കുകയാണ്. ഈ ഇളവ് ഓഗസ്റ്റ് 21വരെയാണ് പ്രാബല്യത്തിലുണ്ടാവുക.
നിലവില്‍ അമേരിക്ക ഉപരോധം ഏർപ്പെടുത്തിയിരിക്കുന്ന ഉത്തരകൊറിയ, ക്യൂബ, റഷ്യയുടെ അധീനതയിലുള്ള യുക്രെയ്ൻ പ്രദേശങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട ഇടപാടുകള്‍ക്ക് ഈ അനുമതി ബാധകമല്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അമേരിക്കൻ ട്രഷറി സെക്രട്ടറി സ്കോട്ട് ബെസൻ്റാണ് ഇത് സംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്. ഇറാനുമായുള്ള ചർച്ചകള്‍ ഫലപ്രദമായിരുന്നുവെന്നും ധാരണാപത്രത്തിലെ പല വ്യവസ്ഥകളും നടപ്പിലാകുന്ന ഘട്ടത്തിലാണെന്നും സ്കോട്ട് ബെസൻ്റ് വ്യക്തമാക്കി.ഹോർമുസ് കടലിടുക്കിലൂടെ സ്വതന്ത്രവും സുരക്ഷിതവുമായ കപ്പല്‍ ഗതാഗതം ഉറപ്പാക്കാനും ഐഎഇഎ പരിശോധനാ സംഘത്തെ രാജ്യത്തേക്ക് അനുവദിക്കാനും ഇറാൻ സമ്മതിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് 60 ദിവസത്തേക്കുള്ള പ്രത്യേക അനുമതി ട്രഷറി വകുപ്പ് നല്‍കിയിരിക്കുന്നത് എന്നായിരുന്നു സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പില്‍ സ്കോട്ട് ബെസൻ്റ് വ്യക്തമാക്കിയത്.
ഇക്കാര്യത്തില്‍ ഇറാൻ സർക്കാർ ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. അതേസമയം, ഉപരോധ ഇളവിന്റെ പ്രഖ്യാപനത്തിന് പിന്നാലെ അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില വീണ്ടും ഇടിഞ്ഞു. ബ്രെന്റ് ക്രൂഡ് വില 3.5 ശതമാനത്തിലധികം കുറഞ്ഞ് ബാരലിന് 77.7 ഡോളറായി.
ഐക്യരാഷ്ട്രസഭയുടെ ആണവ നിരീക്ഷണ ഏജൻസിയായ ഇന്റർനാഷണല്‍ അറ്റോമിക് എനർജി ഏജൻസി (IAEA)യുടെ പരിശോധനാ സംഘത്തെ വീണ്ടും പരിശോധനയ്ക്ക് അനുവദിക്കാൻ ഇറാൻ സമ്മതിച്ചതായി അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് നെരത്തെ പ്രഖ്യാപിച്ചിരുന്നു. ഐഎഇഎയുമായുള്ള ചർച്ചകള്‍ ഇന്നുതന്നെ ആരംഭിച്ചേക്കാമെന്നും അമേരിക്കൻ വൈസ് പ്രസിഡൻ്റ് വ്യക്തമാക്കിയിരുന്നു. ഐഎഇഎ പരിശോധനാ സംഘം എപ്പോള്‍ ഇറാനിലേക്ക് മടങ്ങിയെത്തുമെന്ന ചോദ്യത്തോടായിരുന്നു ജെ ഡി വാൻസിൻ്റെ പ്രതികരണം.







