മാനസികവും ശാരീരികവുമായി തളർന്ന് പോകുന്ന അവസ്ഥ; ആ ദിവസങ്ങളിലെ ക്ഷീണം പറഞ്ഞറിയിക്കാന്‍ ആവില്ല; ഇങ്ങനെയുള്ള ആര്‍ത്തവകാല പ്രശ്നങ്ങള്‍ നിങ്ങള്‍ക്കുമുണ്ടോ..? എങ്കിൽ ഈ ഭക്ഷണങ്ങൾ ഉള്‍പ്പെടുത്തി നോക്കൂ…
സ്വന്തം ലേഖിക
കോട്ടയം: ആര്‍ത്തവകാലത്തെ ക്ഷീണവും വയറുവേദനയും മറ്റും അനുഭവപ്പെടുന്നവരാണ് ഭൂരിഭാഗം സ്ത്രീകളും.
ശരീര വേദനയും പെട്ടെന്ന് ദേഷ്യം വരുന്ന അവസ്ഥയും ഈ സമയത്ത് സാധാരണമാണ്. ചിലര്‍ക്ക് വേദന കുറഞ്ഞ് സാധാരണ രീതിയില്‍ ഈ ദിവങ്ങള്‍ കടന്നുപോകാറുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ആര്‍ത്തവസമയത്ത് മാത്രമല്ല, അതിന് തൊട്ടുമുൻപും ആര്‍ത്തവത്തിന് ശേഷമുള്ള അടുത്ത ദിവസങ്ങളിലും പോഷകസമൃദ്ധമായ ഡയറ്റ് ഉറപ്പാക്കിയാല്‍ ക്ഷീണത്തിനും മറ്റും പരിഹാരമാകുമെന്ന് ആരോഗ്യ വിദഗ്ദ്ധര്‍ പറയുന്നു.
ആര്‍ത്തവത്തിന് തൊട്ട് മുൻപ്
ആര്‍ത്തവം ഉണ്ടാകുന്നതിന് തൊട്ടു മുൻപുള്ള ദിവസങ്ങളില്‍ സ്ത്രീകളുടെ ശരീരത്തില്‍ ഈസ്ട്രജന്‍, പ്രൊജസ്‌ട്രോണ്‍ ഹോര്‍മോണുകളുടെ അളവ് വളരെ കൂടുതലായിരിക്കും. അതിനാല്‍ വയറിനുള്ളില്‍ അസ്വസ്ഥത, ഭക്ഷണത്തോട് കൂടുതല്‍ താത്പര്യം, പെട്ടെന്ന് ദേഷ്യം വരുന്ന സ്വഭാവം, ക്ഷീണം, മൂഡ് സ്വിങ്‌സ് എന്നിവ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.
ഇലക്കറികള്‍, ഫാറ്റി ആസിഡുകള്‍, നാരുകള്‍ എന്നിവ അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കുക. ആപ്പിള്‍, ഓറഞ്ച്, വാഴപ്പഴം, നട്‌സ്, ധാന്യങ്ങള്‍, പയര്‍വര്‍ഗങ്ങള്‍, ഡാര്‍ക്ക് ചോക്ക്‌ലേറ്റ് എന്നിവയെല്ലാം ഈ സമയത്ത് കഴിക്കാം. ധാരാളം വെള്ളം കുടിക്കാനും മറക്കരുത്.
ആര്‍ത്തവകാലത്ത്.
ശരീരത്തിന് കൂടുതല്‍ ഊര്‍ജം നല്‍കുന്നതും വേദന കുറയ്ക്കുന്നതിനും സഹായിക്കുന്ന ഭക്ഷണങ്ങള്‍ വേണം ഈ സമയത്ത് കഴിക്കാന്‍. അയണ്‍, മഗ്നീഷ്യം, ഫാറ്റി ആസിഡ്, ധാന്യങ്ങള്‍, ഡാര്‍ക്ക് ചോക്ക്‌ലേറ്റ്, യോഗര്‍ട്ട് എന്നിവയെല്ലാം ഈ സമയത്ത് കഴിക്കാം. ചൂടുള്ള ഇഞ്ചി ചായയും പെപ്പെര്‍മിന്‍റ് ചായയും കുടിക്കുന്നത് നല്ലതാണ്. ധാരാളം വെള്ളം കുടിക്കാനും നടക്കാനും ശ്രദ്ധിക്കണം. മസാലയും ഉപ്പും കൂടുതലായി അടങ്ങിയ ആഹാരം ഈ സമയത്ത് ഒഴിവാക്കാന്‍ ശ്രദ്ധിക്കാം.
ആര്‍ത്തവ കാലത്ത് ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങള്‍ ഇതാ:
പഴങ്ങള്‍ – തണ്ണിമത്തന്‍, വെള്ളരിക്ക എന്നിവ ജലാംശം നിലനിര്‍ത്താന്‍ മികച്ചതാണ്. പഴങ്ങള്‍ പഞ്ചസാരയുടെ ആസക്തി നിയന്ത്രിക്കാന്‍ സഹായിക്കും. ആര്‍ത്തവകാലത്ത് പഴങ്ങള്‍ ധാരാളം കഴിക്കുന്നത് ക്ഷീണം അകറ്റാന്‍ സഹായിക്കുന്നു.
തൈര് – ആര്‍ത്തവകാല ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട പ്രധാന ഭക്ഷണങ്ങളില്‍ ഒന്നാണ് തൈര്. തൈരിലെ കാല്‍സ്യവും പ്രോട്ടീനും മസിലുകളെ സുഖപ്പെടുത്തുകയും പ്രീ മെന്‍സ്ട്രല്‍ സിന്‍ട്രത്തിന് പരിഹാരവുമാകും.
ഇലക്കറികള്‍ – ഇരുമ്പിന്‍റെ അളവ് കുറയുന്നത് സാധാരണമാണ്. ഇത് അമിത ക്ഷീണം, ശരീര വേദന, തലകറക്കം എന്നിവയ്ക്ക് കാരണമാകും. പച്ച നിറത്തിലുള്ള ഇലക്കറികള്‍ ഇരുമ്പിന്‍റെ അളവ് വര്‍ദ്ധിപ്പിക്കും. ചീരയില്‍ ഇരുമ്പ്, മഗ്നീഷ്യം ധാരാളം അടങ്ങിയിട്ടുണ്ട്.
നട്സ് – ഒമേഗ 3 ഫാറ്റി ആസിഡുകള്‍ ധാരാളം അടങ്ങിയ നട്സ് ആര്‍ത്തവകാല ഡയറ്റില്‍ നിന്ന് ഒഴിവാക്കാനാകില്ല. ഇതില്‍ ധാരാളം പ്രോട്ടീനും അടങ്ങിയിട്ടുണ്ട്. അര്‍ത്തവകാലത്തെ ആസക്തി ഇല്ലാതാക്കാനും നട്സ് നല്ലതാണ്.
മത്സ്യം – മത്സ്യത്തില്‍ അടങ്ങിയിട്ടുള്ള ഇരുമ്പ്, പ്രോട്ടീന്‍, ഒമേഗ -3 ഫാറ്റി ആസിഡുകള്‍ എന്നിവ അസ്വസ്ഥകള്‍ കുറയ്ക്കാന്‍ സഹായിക്കും. ഒമേഗ -3 ഫാറ്റി ആസിഡ് വിഷാദം കുറയ്ക്കുന്നതായി പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്.
ആര്‍ത്തവ കാലത്ത് ഡയറ്റില്‍ നിന്ന് ഒഴിവാക്കേണ്ട ഭക്ഷണങ്ങളും ഉണ്ട്:
കാപ്പി – ആര്‍ത്തവ സമയങ്ങളില്‍ കാപ്പി കുടിക്കുന്നത് നല്ലതല്ലെന്ന് ഓര്‍ക്കുക. ഈ സമയത്ത് കാപ്പി കുടിക്കുന്നത് മാനസിക സമ്മര്‍ദ്ദത്തിന് കാരണമാകും. അതിനാല്‍ കാപ്പി പരമാവധി ഒഴിവാക്കാന്‍ ശ്രദ്ധിക്കണം.
എരിവുള്ള ഭക്ഷണങ്ങള്‍ – ആര്‍ത്തവ സമയത്ത് എരിവുള്ള ഭക്ഷണങ്ങളില്‍ അടങ്ങിയിരിക്കുന്ന മസാലകള്‍ ആമാശയത്തെ അസ്വസ്ഥമാക്കുകയും വയറിളക്കം, വയറുവേദന, ഓക്കാനം എന്നിവ ഉണ്ടാക്കുകയും ചെയ്യും.
പഞ്ചസാര – ആര്‍ത്തവസമയത്ത് പഞ്ചസാരയുടെ ഉപയോഗം കുറയ്ക്കുന്നതാണ് നല്ലത്. പഞ്ചസാര എനര്‍ജി ലെവല്‍ ഉയര്‍ത്തുമെങ്കിലും ആര്‍ത്തവ സമയത്ത് പഞ്ചസാര മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകും.
ജങ്ക് ഫുഡ് – ആര്‍ത്തവ സമയത്ത് ജങ്ക് ഫുഡ‍് കഴിക്കുന്നത് വേദന വര്‍ദ്ധിപ്പിക്കും. ഇത് പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകും.