സംസ്ഥാനത്തെ എല്ലാ മെഡിക്കല്‍ കോളേജുകളിലും ഹൗസ് കീപ്പിംഗിന് പ്രത്യേക വിഭാഗം വരുന്നു; തീരുമാനം സുസ്ഥിര ഗുണനിലവാരം മെച്ചപ്പെടുത്തല്‍ പദ്ധതിയുടെ ഭാഗമായി
സ്വന്തം ലേഖിക
തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ മെഡിക്കല്‍ കോളേജുകളിലും ഹൗസ് കീപ്പിംഗിന് പ്രത്യേക വിഭാഗം ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.
മെഡിക്കല്‍ കോളേജുകളില്‍ നടപ്പിലാക്കുന്ന സുസ്ഥിര ഗുണനിലവാരം മെച്ചപ്പെടുത്തല്‍ പദ്ധതിയുടെ ഭാഗമായാണ് തീരുമാനം. ഓരോ ആശുപത്രിയുടേയും അന്തരീക്ഷം വളരെ പ്രധാനമാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ആശുപത്രിയുടെ അകത്തും പുറത്തുമുള്ള ശുചിത്വം, ശുചിമുറികളുടെ ശുചിത്വം, അണുബാധ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, ചെറിയ അറ്റകുറ്റപണികള്‍ കാലതാമസമില്ലാതെ പരിഹരിക്കുക എന്നിവ ഹൗസ് കീപ്പിംഗ് വിഭാഗത്തിന്റെ മേല്‍നോട്ടത്തില്‍ നടത്തണമെന്നും മന്ത്രി നിര്‍ദേശം നല്‍കി.
മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍മാര്‍, സൂപ്രണ്ടുമാര്‍, നോഡല്‍ ഓഫീസര്‍മാര്‍ തുടങ്ങിയവരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. മെഡിക്കല്‍ കോളേജുകളുടെ സുസ്ഥിര ഗുണനിലവാരം മെച്ചപ്പെടുത്തല്‍ പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി.
ആദ്യഘട്ടമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നടപ്പിലാക്കിയ ക്വാളിറ്റി ഇംപ്രൂവ്‌മെന്റ് ഇനിഷേറ്റീവ് പദ്ധതി ആലപ്പുഴ, കോട്ടയം, തൃശൂര്‍, കോഴിക്കോട്, എറണാകുളം മെഡിക്കല്‍ കോളേജുകളിലേക്ക് വ്യാപിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു.
മെഡിക്കല്‍ കോളേജുകളില്‍ ജനസൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുക, ചികിത്സയുടെയും സേവനങ്ങളുടെയും ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് മികച്ച അന്തരീക്ഷം സൃഷ്ടിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ഗുണനിലവാരം മെച്ചപ്പെടുത്താന്‍ പദ്ധതി നടപ്പിലാക്കി വരുന്നത്.