കാക്കിയണിഞ്ഞവരെല്ലാം പൊലീസല്ല മിസ്റ്റർ..! പൊലീസിന്റേതിന് സമാനമായ കാക്കിയിട്ട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരുടെ ഗുണ്ടായിസം; കർശന നടപടിയ്‌ക്കൊരുങ്ങി പൊലീസ്

കാക്കിയണിഞ്ഞവരെല്ലാം പൊലീസല്ല മിസ്റ്റർ..! പൊലീസിന്റേതിന് സമാനമായ കാക്കിയിട്ട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരുടെ ഗുണ്ടായിസം; കർശന നടപടിയ്‌ക്കൊരുങ്ങി പൊലീസ്

Spread the love
സ്വന്തം ലേഖകൻ
കോട്ടയം:  മാനദണ്ഡങ്ങളെല്ലാം മറികടന്ന് പൊസീസിന്റേതിന് സമാനമായ കാക്കിയും, യൂണിഫോമും അണിഞ്ഞ് സാധാരണക്കാർക്കു നേരെ കുതിരകയറി മെഡിക്കൽ കോളേജ് ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാർ.
പൊലീസിനെ പോലും വകവയ്ക്കാതെയാണ് മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗത്തിലും, വാർഡുകളിലും സെക്യൂരിറ്റി ജീവനക്കാരുടെ ഗുണ്ടായിസം.
പൊലീസ് യൂണിഫോമിന് സമാനമായ കാക്കി ധരിച്ചിരിക്കുന്നതിനാൽ പലപ്പോഴും ഇവർ പൊലീസാണെന്ന് തെറ്റിധരിക്കുകയാണ് ആളുകൾ. ഇവരാകട്ടെ ഇത് നന്നായി മുതലെടുക്കുകയും ചെയ്യുന്നു.
 കാക്കിയും , പൊലീസിന്റേതിന് സമാനമായ വസ്ത്ര ധാരണവുമായി നിൽക്കുന്ന സെക്യൂരിറ്റി ജീവനക്കാർ സാധാരണക്കാരായ രോഗികളോട് കാട്ടുന്ന ഗുണ്ടായിസത്തിന് പഴി കേൾക്കുന്നത് പൊലീസാണ്.
പൊലീസിന്റെയോ മറ്റ് സമാന സേനകളുടെയോ യൂണിഫോമിന് സമാനമായ യൂണിഫോം മറ്റ് സ്വകാര്യ സെക്യൂരിറ്റി ഏജൻസികൾ ഉപയോഗിക്കരുതെന്നാണ് ചട്ടം.
എന്നാൽ, ഈ ചട്ടം സർക്കാരിന്റെ ഭാഗമായി ആശുപത്രി അധികൃതർ തന്നെ മറികടന്നിരിക്കുകയാണ്.
മാസങ്ങൾക്കു മുൻപ് ആശുപത്രിയിൽ ലോട്ടറി വിൽപ്പനക്കാരി കൊല്ലപ്പെട്ടിരുന്നു.
ഇതിനു ശേഷം പൊലീസ് ആശുപത്രിയിൽ പരിശോധന ശക്തമാക്കിയിരുന്നു. എന്നാൽ, പൊലീസിന്റെ പിടി അയഞ്ഞതോടെ വീണ്ടും ആശുപത്രിയും പരിസവും സാമൂഹ്യ വിരുദ്ധ കേന്ദ്രമായി മാറി.
മെഡിക്കൽ കോളേജ് ആശുപത്രി കേന്ദ്രീകരിച്ച് സാമൂഹ്യ വിരുദ്ധ ശല്യം അതിരൂക്ഷമാണെന്ന് നേരത്തെ തന്നെ പരാതികളുയർന്നിരുന്നു.
എന്നാൽ, ഇവരെ നിയന്ത്രിക്കുന്നതിന് യാതൊരു നടപടിയും എടുക്കാത്ത സെക്യൂരിറ്റി ജീവനക്കാർ മനസ് വിഷമിച്ചെത്തുന്ന രോഗികളോടും കൂട്ടിരിപ്പുകാരോടും മോശമായ ഭാഷയിലാണ് പലപ്പോഴും പെരുമാറുന്നത്.
ഇതു സംബന്ധിച്ചു നിരവധി പരാതികളാണ് മെഡിക്കൽ കോളേജ് ആശുപത്രി അധികൃതർക്കും, പൊലീസിനും രോഗികളും കൂട്ടിരിപ്പുകാരും നൽകിയിരിക്കുന്നത്.
രോഗികൾക്കൊപ്പമുള്ള കൂട്ടിരിപ്പുകാർ ലാബിലേയ്ക്കോ മറ്റോ പുറത്തേയ്ക്ക് പോകാനിറങ്ങുമ്പോൾ പാസ് എടുക്കാൻ മറന്നാൽ, തിരികെ എത്തുമ്പോൾ അസഭ്യവും ഭീഷണിയുമാണ് പലപ്പോഴും നേരിടേണ്ടി വരുന്നത്.
ഈ സാഹചര്യത്തിൽ പൊലീസിന്റെ സമാനമായ കാക്കി മാറ്റി സെക്യൂരിറ്റി ജീവനക്കാർക്ക് പ്രത്യേക യൂണിഫോം നൽകണമെന്നാണ് രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും ആവശ്യം.