മൂന്നാറിൽ രാത്രി സഫാരിക്കും ട്രക്കിങ്ങിനും നിയന്ത്രണം; വന്യമൃഗശല്യം രൂക്ഷമായ സാഹചര്യത്തിലാണ് നടപടി; വിനോദ സഞ്ചാരികൾ കൂടുതലായെത്തുന്ന സ്ഥലങ്ങളിൽ പ്രത്യേക നിരീക്ഷണം
സ്വന്തം ലേഖകൻ
മൂന്നാർ: ജനവാസമേഖലയിൽ കാട്ടാന ആക്രമണം രൂക്ഷമായതോടെ സാഹചര്യത്തിൽ മൂന്നാറിൽ രാത്രി സഫാരിക്കും ട്രക്കിങ്ങിനും നിയന്ത്രണം ഏർപ്പെടുത്തും. രാത്രി സഫാരിക്കും ട്രക്കിങ്ങിനും രാത്രി എട്ട് മുതൽ രാവിലെ ആറ് വരെ നിയന്ത്രണം ഏർപ്പെടുത്തണമെന്ന് മൂന്നാറിൽ എ രാജ എംഎൽഎയുടെ നേതൃത്വത്തിൽ ചേർന്ന സർവകക്ഷി യോഗം നിർദേശിച്ചു. ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് ഉന്നത ഉദ്യോഗസ്ഥർക്ക് നൽകാൻ തീരുമാനമായി.
ജനവാസ മേഖലകളിലിറങ്ങുന്ന ആക്രമണകാരികളായ ആനകളെ നാടുകടത്തണം. രാത്രികാലങ്ങളിലെ സഫാരിക്കും ട്രക്കിങിനും നിയന്ത്രണമേർപ്പെടുത്തണമെന്നും യോഗത്തിൽ ആവശ്യമുയർന്നു.
മൂന്നാർ, ചിന്നക്കനാൽ, ശാന്തൻപാറ എന്നിവിടങ്ങളിൽ രാപ്പകൽ വ്യത്യാസമില്ലാതെ ആക്രമണകാരികളായ അഞ്ച് ആനകളാണ് സ്വൈരവിഹാരം നടത്തുന്നത്. പൊതുവെ ശാന്തനായിരുന്ന പടയപ്പയും ആക്രമണകാരിയായി. നിരവധി പേരുടെ ജീവനെടുത്ത ചക്കക്കൊമ്പനും മൊട്ടവാലനും അരിക്കൊമ്പനും ജനവാസമേഖലയിലിറങ്ങുന്നത് പതിവായതോടെയാണ് ആനകളെ നാടുകടത്തണമെന്ന ആവശ്യം ശക്തമായത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വന്യമൃഗങ്ങളെ ശല്യപ്പെടുത്തും വിധം ജീപ്പ് ഡ്രൈവർമാരും റിസോർട്ടുകളും നടത്തുന്ന നൈറ്റ് സഫാരിക്കും ട്രക്കിങ്ങിനും നിയന്ത്രണമേർപ്പെടുത്തുമെന്ന് എ രാജ എംഎൽഎ പറഞ്ഞു.വന്യമൃഗശല്യത്തിൽ നഷ്ടം സംഭവിച്ചവർക്ക് അടിയന്തരമായി നഷ്ടപരിഹാം ലഭ്യമാക്കാൻ ഇടപെടൽ നടത്തും.
വിനോദ സഞ്ചാരികൾ കൂടുതലായെത്തുന്ന ആനച്ചാൽ, ചെങ്കുളം, പോതമേട്, ലക്ഷ്മി, മൂന്നാർ എന്നിവിടങ്ങളിൽ പ്രത്യേക നിരീക്ഷണം നടത്താൻ പൊലീസിനും വനം വകുപ്പിനും ദേവികുളം സബ് കലക്ടർ രാഹുൽ കൃഷ്ണ ശർമ നിർദേശം നൽകിയിട്ടുണ്ട്.