video
play-sharp-fill

സ്വത്തുക്കൾ മരവിപ്പിച്ചു, ഒപ്പം യാത്രാ വിലക്കും; മസൂദ് അസറിനെതിരെ നടപടിയുമായി പാകിസ്ഥാൻ.

സ്വത്തുക്കൾ മരവിപ്പിച്ചു, ഒപ്പം യാത്രാ വിലക്കും; മസൂദ് അസറിനെതിരെ നടപടിയുമായി പാകിസ്ഥാൻ.

Spread the love

സ്വന്തം ലേഖകൻ

ഇസ്‌ലാമാബാദ്: പാക് ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദിൻറെ തലവൻ മസൂദ് അസറിന്റെ സ്വത്തുക്കൾ പാകിസ്ഥാൻ മരവിപ്പിച്ചു. മസൂദ് അസറിന് യാത്ര വിലക്ക് ഏർപ്പെടുത്തിയതായും പാകിസ്ഥാൻ പുറത്തിറക്കിയ ഔദ്യോഗിക ഉത്തരവിൽ പറയുന്നു. മസൂദ് അസറിനെ ആഗോള ഭീകരനായി ഐക്യരാഷ്ട്രസഭ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പാകിസ്ഥാന്റെ നടപടി.ആയുധങ്ങളും വെടിക്കോപ്പുകളും വിൽക്കുന്നതിൽനിന്നും വാങ്ങുന്നതിൽനിന്നും വിലക്കേർപ്പെടുത്തിയിട്ടുണ്ട്. മസൂദ് അസ്ഹറിനെതിരെ ഉടൻ ഉപരോധങ്ങൾ ഏർപ്പെടുത്തുമെന്ന് പാകിസ്ഥാൻ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. വിദേശ യാത്രകൾക്കുള്ള വിലക്ക്, സ്വത്ത് മരവിപ്പിക്കൽ, ആയുധ കൈമാറ്റത്തിലെ വിലക്ക് എന്നിവയാണ് ഇതുമായി ബന്ധപ്പെട്ട് നടപ്പിലാക്കുകയെന്നും പാകിസ്ഥാൻ വിദേശകാര്യ വക്താവ് മുഹമ്മദ് ഫൈസൽ വ്യക്തമാക്കിയിരുന്നു. പാകിസ്ഥാനുമായി അടുത്ത നയതന്ത്ര ബന്ധം തുടർന്ന് പോരുന്ന ചൈന, മസൂദ് അസ്ഹറിനെ കരിമ്ബട്ടികയിൽ ഉൾപ്പെടുത്തുന്നതിലെ എതിർപ്പ് പിൻവലിച്ചതിന് പിന്നാലെയാണ് യുഎൻ സുരക്ഷാ കൗൺസിലിന്റെ 1267 സാങ്ഷൻ സമിതി മസൂദിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ചത്. മുൻപ് നാല് തവണ മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള നീക്കത്തെ യു എൻ സുരക്ഷാ കൗൺസിലിലുള്ള തങ്ങളുടെ വീറ്റോ അധികാരം ഉപയോഗിച്ച് ചൈന തടഞ്ഞിരുന്നു.കശ്മീരിലെ പുൽവാമയിൽ 40 സിആർപിഎഫ് ജവാൻമാർ കൊല്ലപ്പെടാനിടയായ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ജെയ്‌ഷെ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന ആവശ്യം ഇന്ത്യ കടുപ്പിച്ചത്.
അതേസമയം, മസൂദ് അസറിന്റെ സ്വത്തുക്കൾ ഫ്രാൻസും മരവിപ്പിച്ചിട്ടുണ്ട്. അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണെന്ന ആവശ്യത്തിനെതിരെ യു എൻ സുരക്ഷാ സമിതിയിൽ ചൈന വീറ്റോ അധികാരം പ്രയോഗിച്ചതിനെ തുടർന്നായിരുന്നു ഫ്രാൻസിന്റെ നടപടി.