Spread the love

തിരുവനന്തപുരം: മാസപ്പടിക്കേസില്‍ പ്രതിപക്ഷ നേതാവ്‌ പിണറായി വിജയന്റെ തിരുവനന്തപുരത്തെ വസതിയില്‍ റെയ്‌ഡ്‌ നടത്തി മടങ്ങിയ ഇ.ഡി ഉദ്യോഗസ്ഥർക്ക് നേരെ നടന്ന അക്രമം സി.പി.എം.

video
play-sharp-fill

ഗൂഢാലോചനയുടെ ഭാഗമാണെന്നു സംശയം. സമര സ്ഥലത്തുണ്ടായിരുന്ന ഒരു ഉയര്‍ന്ന സി.പി.എം. നേതാവിന്‌ വന്ന ഒരൊറ്റ ഫോണ്‍ കോളാണ്‌ സംശയങ്ങള്‍ക്ക്‌ ആധാരമായിരിക്കുന്നത്‌. ഈ ഫോണ്‍ കോളിന്‌ പിന്നാലെയാണ്‌ അക്രമത്തിലേക്ക്‌ കാര്യങ്ങള്‍ നീങ്ങിയതെന്നാണു സൂചന.

പിണറായി വിജയന്റെ വീട്ടിലെ ഇ.ഡി റെയ്‌ഡ്‌ അവസാന ഘട്ടത്തിലേക്ക്‌ കടന്നപ്പോള്‍ സ്‌ഥലത്തുണ്ടായിരുന്ന പാര്‍ട്ടി പ്രവര്‍ത്തകര്‍ ഭൂരിഭാഗവും തിരിച്ചുപോയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രതിഷേധം ശാന്തമായി അവസാനിക്കുമെന്ന പ്രതീതി നിലനില്‍ക്കുമ്പോഴാണ്‌ അവിടെയുണ്ടായിരുന്ന ഒരു മുതിര്‍ന്ന നേതാവിന്റെ മൊബൈല്‍ ഫോണിലേക്ക്‌ ആ കോള്‍ എത്തുന്നത്‌. ഫോണില്‍ സംസാരിച്ചു കഴിഞ്ഞയുടന്‍ ഈ മുതിര്‍ന്ന നേതാവ്‌ കളം മാറ്റിച്ചവിട്ടുകയായിരുന്നു. അദ്ദേഹത്തിന്റെ പെട്ടെന്നുള്ള ഇടപെടല്‍മൂലം പ്രവര്‍ത്തകര്‍ വീണ്ടും റെയ്‌ഡ്‌ നടക്കുന്ന വീടിനു മുന്നില്‍ തടിച്ചുകൂടാന്‍ തുടങ്ങി.

റെയ്‌ഡ്‌ കഴിഞ്ഞ്‌ ഉദ്യോഗസ്‌ഥര്‍ വാഹനങ്ങളിലേക്ക്‌ കയറിയതും നേതാവിന്റെ തണലില്‍നിന്നുകൊണ്ട്‌ പ്രവര്‍ത്തകര്‍ കല്ലേറും അക്രമവും അഴിച്ചുവിടുകയായിരുന്നു. ഇ.ഡി വാഹനത്തിന്റെ ഡ്രൈവര്‍ക്ക്‌ കണ്ണിനു പരുക്കേറ്റു. സാധാരണ ഒരു പ്രതിഷേധം എന്ന നിലയില്‍നിന്നു വലിയ അക്രമത്തിലേക്ക്‌ കാര്യങ്ങള്‍ മാറിയത്‌ മുകളില്‍നിന്നുള്ള കൃത്യമായ നിര്‍ദേശപ്രകാരമാണ്‌ എന്ന നിഗമനത്തിലാണ്‌ കേന്ദ്ര ഏജന്‍സികള്‍.

 

പ്രവര്‍ത്തകരെ തിരിച്ചുവിളിക്കാനും ഇ.ഡിക്ക്‌ നേരെ അതിക്രമം അഴിച്ചുവിടാനും തക്കവണ്ണം സ്വാധീനമുള്ള ആ ഫോണ്‍ കോള്‍ ആരുടേതായിരുന്നു എന്ന അന്വേഷണത്തിലാണ്‌ കേന്ദ്ര ഇന്റലിജന്‍സ്‌ വിഭാഗം.

 

കോടതി ഉത്തരവിന്റെ അടിസ്‌ഥാനത്തില്‍ നടന്ന റെയ്‌ഡിനെ രാഷ്‌ട്രീയ പ്രതികാരമായി ചിത്രീകരിക്കാന്‍ സി.പി.എം ശ്രമിക്കുന്നതിനിടയിലാണ്‌, നിയമപാലകരെയും കേന്ദ്ര ഏജന്‍സികളെയും തെരുവില്‍ വളഞ്ഞിട്ടാക്രമിക്കാന്‍ പാര്‍ട്ടി തലപ്പത്തുനിന്ന്‌ തന്നെ അനുമതി ലഭിച്ചു എന്ന തരത്തിലുള്ള സംശയങ്ങളാണ്‌ ഉയരുന്നത്‌.