മൂന്നാം ക്ലാസുകാരനെ കള്ളനാക്കി അയൽക്കാരൻ ; കുറ്റം സൈക്കിൾ മോഷണം ; കാരണം, സൈക്കിൾ ഇല്ലാത്തത്..!; ഒടുവിൽ കള്ളനെന്ന് മുദ്ര കുത്താൻ സമൂഹത്തിന് വിട്ട് കൊടുക്കാതെ, എട്ടു വയസ്സുകാരനെ ചേർത്ത്പിടിച്ച് പൊലീസും വ്യാപാരിയും; മണ്ണാർക്കാട്ടെ നല്ല പാഠം മാതൃകയാക്കാം 

സ്വന്തം ലേഖകൻ 

പാലക്കാട് : മൂന്നാം ക്ലാസ്സിൽ പഠിക്കുന്ന കുഞ്ഞിനെതിരെ മണ്ണാർക്കാട് പൊലീസ് സ്റ്റേഷനിൽ ഒരു പരാതിയെത്തി. കുറ്റം മോഷണം, കട്ടത് സൈക്കിൾ, കാരണം സൈക്കിൾ ഇല്ലാത്തത്..! പരാതിക്കാരൻ കുട്ടിയുടെ അയൽവാസി തന്നെ.

 

വിഷയത്തിലിടപ്പെട്ട ഷോളയൂർ സർക്കിൾ ഇൻസ്പെക്ടർ വിനോദ് കൃഷ്ണ പ്രശ്നം ഒത്തുതീർപ്പാക്കി സൈക്കിൾ പരാതിക്കാർക്ക് തിരിച്ചു കൊടുത്തു.

 

പക്ഷേ, സൈക്കിൾ ഇല്ലാത്തത് കൊണ്ടാ കട്ടെടുത്ത് ഓടിച്ചത് എന്ന് നിഷ്കളങ്കമായി പറഞ്ഞ മൂന്നാം ക്ലാസുക്കാരൻ്റെ മുഖവും നിസ്സഹായ അവസ്ഥയും സി ഐ വിനോദ് കൃഷ്ണയുടെ കണ്ണ് നിറയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

കാരണം, ആ മൂന്നാം ക്ലാസ്സുകാരന്റെ കണ്ണിൽ തന്റെ ബാല്യം തിരശീലയിൽ എന്ന പോലെ കാണാൻ ആ ഉദ്യോഗസ്ഥന് കഴിഞ്ഞു.

 

പിന്നെ ഒട്ടും താമസിച്ചില്ല. നേരെ ജീപ്പുമെടുത്ത് ഗൂളിക്കടവിലേക്ക്. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പാലക്കാട് ജില്ലാ പ്രസിഡന്റ് കൂടിയായ വി എം ലത്തീഫിൻ്റെ സൈക്കിൾ കടയിൽ നിന്നും സൈക്കിൾ വാങ്ങി.

 

കുശലാന്വേഷണത്തിനിടയിൽ സൈക്കിൾ വാങ്ങുന്നതിൻ്റെ ഉദ്ദേശം സി ഐ ലത്തീഫിനോട് പറഞ്ഞു. കാക്കിക്കുള്ളിലെ നന്മ തിരിച്ചറിഞ്ഞ ലത്തീഫ് പണം വാങ്ങാൻ കൂട്ടാക്കിയില്ല.

 

ഉടൻ തന്നെ ഷോളയൂരെത്തി മൂന്നാംക്ലാസുകാരനെ സൈക്കിളേല്പിച്ചു. കുഞ്ഞു തെറ്റിന് കൊടുത്ത വല്യ നന്മയുള്ള ശിക്ഷ.

 

അട്ടപ്പാടി ഷോളയൂരിലെ മൂന്നാംക്ലാസുക്കാരൻ്റെ കേസ് ഷോളയൂർ പോലിസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ കൈകാര്യം ചെയ്ത രീതി എല്ലാ പോലീസുകാർക്കും മാതൃകയാക്കാവുന്നതാണ്.

 

വഴക്ക് പറഞ്ഞ് ഒരു കുട്ടിക്കള്ളനാക്കി ആ എട്ടു വയസ്സുകാരനെ തിരിച്ച് അയച്ചിരുന്നെങ്കിൽ വർഷങ്ങൾ കഴിഞ്ഞ് ഒരു പെരുംകള്ളനായി അവൻ തിരിച്ചെത്തിയേനെ.

 

കുഞ്ഞുങ്ങളുടെ ചെറിയ തെറ്റിന് കഠിനശിക്ഷ നൽകുന്ന രക്ഷിതാക്കളും സമൂഹവും ഒരുനിമിഷം ചിന്തിക്കുക. അപമാനം ഏൽക്കുന്ന, മുറിപ്പെടുന്ന ഒരു കുഞ്ഞു മനസ്സ് അവർക്കും ഉണ്ട്.