തെരഞ്ഞെടുപ്പിന്റെ പിറ്റേ ദിവസം എം എൽ എ ഓഫീസ് തുറന്ന് ഇ. ശ്രീധരൻ ; ക്രിസ്ത്യൻ വോട്ടുകൾ പിടിക്കാൻ സുരേഷ് ഗോപിക്ക് കഴിഞ്ഞില്ല ; രാജഗോപാലിന്റെ പിൻഗാമി കുമ്മനം തന്നെയുറപ്പിച്ച് നേതൃത്വം ; കഴക്കൂട്ടത്ത് ന്യൂനപക്ഷങ്ങൾ കൈവിട്ടോ എന്നും ഭയം ; ബിജെപിയുടെ ഉള്ള അക്കൗണ്ട് കൂടി നഷ്ടപ്പെടുമെന്നുറപ്പിച്ച് ഇടത് – വലത്‌ മുന്നണികൾ  

സ്വന്തം ലേഖകൻ

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ അഞ്ചിലധികം സീറ്റുകൾ ഉറപ്പിച്ച് ബിജെപി. എന്നാൽ, ശക്തമായ ത്രികോണമല്‍സരം പ്രതീക്ഷിച്ച മണ്ഡലങ്ങളിലെല്ലാം പോളിങ് ശതമാനം കുറഞ്ഞത് ജയസാധ്യതയെ ബാധിക്കുമോയെന്നു നേതൃത്വത്തിന് ആശങ്കയുണ്ട്. മഞ്ചേശ്വത്ത് കഴിഞ്ഞതവണത്തെക്കാള്‍ നേരിയ തോതില്‍ പോളിങ് ഉയര്‍ന്നത് പ്രതീക്ഷക്ക് വക നൽകുന്നുണ്ട്.

 

ബിജെപിയുടെ ഏക സിറ്റിംഗ് സീറ്റായ നേമത്ത് പാര്‍ട്ടി വോട്ടുകള്‍ പിടിക്കാനായി എന്നാണ് ബിജെപിയുടെ വിലയിരുത്തല്‍. ചുരുക്കം ചില മണ്ഡലങ്ങളിലെങ്കിലും പ്രചാരണത്തില്‍ എല്‍.ഡി.എഫ് യു.ഡി.എഫ് മുന്നണികളെക്കാള്‍ മുന്നിലായിരുന്നു ബിജെപി. ശക്തമായ ത്രികോണ മല്‍സരം നടന്ന ഇരുപതുമണ്ഡലങ്ങളില്‍ പോളിങ് ശതമാനം ഉയരുമെന്ന് പ്രതീക്ഷിച്ചെങ്കിലും കാര്യമായ ചലനം ഉണ്ടാക്കിയിട്ടില്ല.

 

ബിജെപി നേതൃത്വം വിജയമുറപ്പിച്ച നേമത്തും മഞ്ചേശ്വരത്തും പാലക്കാടും ബിജെപി ജയിക്കില്ലെന്നാണ് സിപിഎമ്മും കോണ്‍ഗ്രസും വിലയിരുത്തുന്നത്. ന്യൂനപക്ഷ വോട്ടുകൾ നേമത്തും മഞ്ചേശ്വരത്തും പാലക്കാടും കഴക്കൂട്ടം അടക്കമുള്ള മണ്ഡലങ്ങളിലും ബിജെപിയെ കൈവിട്ടു എന്നാണ് വിലയിരുത്തല്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മഞ്ചേശ്വരത്തും പാലക്കാടും യുഡിഎഫ് പ്രതീക്ഷയർപ്പിക്കുമ്പോൾ കഴക്കൂട്ടത്ത് സിപിഎമ്മിനാണ് ആത്മവിശ്വാസം.

 

പാലക്കാട്ട് മത്സരിച്ച ഇ ശ്രീധരൻ എം എൽ എ ഓഫീസ് വരെ തുറന്നു. വികസന നായകനായ ശ്രീധരന്‍ ജയിക്കുമെന്ന പ്രതീക്ഷ ബിജെപിക്കുണ്ടെങ്കിലും കോണ്‍ഗ്രസ് നേതാവ് ഷാഫി പറമ്പില്‍ ശക്തനാണ്. എന്നാൽ, പാലക്കാട്ട് കോണ്‍ഗ്രസ് വോട്ട് തനിക്ക് ലഭിച്ചെന്ന് ശ്രീധരന്‍ പറയുന്നു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെ അടക്കം സഹായം ലഭിച്ചു. മുഖ്യമന്ത്രിയാകാന്‍ പാര്‍ട്ടി പറഞ്ഞാല്‍ തയാറാകും. പിണറായി വിജയനേക്കാള്‍ നല്ല മുഖ്യമന്ത്രിയാകുമെന്നും ബിജെപിക്ക് 34 സീറ്റുകള്‍ വരെ കിട്ടുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

 

നേമത്ത് കുമ്മനം രാജശേഖരന്‍ ജയിക്കുമെന്ന് ഉറപ്പിച്ചു പറയുകയാണ് നേതൃത്വവും പ്രവർത്തകരും. ന്യൂനപക്ഷ വോട്ടുകള്‍ കോണ്‍ഗ്രസിനും സിപിഎമ്മിനും വിഭജിച്ചതും മുരളി ഇഫ്കട് കാര്യമായ സ്വാധീനം ഉണ്ടാക്കാഞ്ഞതും കുമ്മനത്തിന് ഗുണം ചെയ്യുമെന്നാണ് വിശ്വാസം. എന്നാല്‍ ന്യൂനപക്ഷങ്ങളില്‍ നല്ലൊരു വിഭാഗം വോട്ടുകള്‍ ശിവന്‍കുട്ടിയില്‍ നിന്നും കൈപ്പത്തിയിലേക്ക് മാറി എന്നാണ് യു ഡി എഫ് പറയുന്നത്.

 

മഞ്ചേശ്വരത്ത് അടിയൊഴുക്കുകള്‍ എങ്ങനെയാകുമെന്ന് ഉറപ്പില്ല. കെ സുരേന്ദ്രന്‍ ജയിക്കേണ്ടത് ബിജെപിയുടെ അനിവാര്യതയാണ്. വിദേശത്തും സംസ്ഥാനത്തിന് പുറത്തും താമസിക്കുന്നവരെ വോട്ടിങ് ദിനം മഞ്ചേശ്വരത്ത് എത്തിച്ച ബിജെപി. ഈ സാഹചര്യത്തിലാണ് പോളിങ് ശതമാനം ഉയര്‍ന്നത്. കഴിഞ്ഞ തവണ 89 വോട്ടിനായിരുന്നു സുരേന്ദ്രന്റെ തോല്‍വി. എന്നാല്‍ കോന്നിയില്‍ സുരേന്ദ്രൻ ജയിച്ചു കയറാൻ അത്ഭുതം നടക്കണം.

 

ശോഭാ സുരേന്ദ്രന്റെ കഴക്കൂട്ടത്തും അനിശ്ചിതത്വമാണ്. കഴക്കൂട്ടത്ത് മുസ്ലിം വോട്ടുകള്‍ സിപിഎം സ്ഥാനാര്‍ത്ഥിയും മന്ത്രിയുമായ കടകംപള്ളി സുരേന്ദ്രന് അനുകൂലമായാല്‍ ശോഭാ സുരേന്ദ്രന് വിജയിക്കാന്‍ കഴിയില്ല.

 

തിരുവനന്തപുരത്തും വട്ടിയൂര്‍ക്കാവിലും അടിയൊഴുക്കുകളിലാണ് ബിജെപിയുടെ പ്രതീക്ഷ. കാട്ടാക്കടയിലും അതിശക്തമായ മത്സരം കാഴ്ച വച്ചു. നേമത്തിന് പുറമേ തിരുവനന്തപുരം, കഴക്കൂട്ടം, വട്ടിയൂര്‍ക്കാവ്, കാട്ടാക്കട മണ്ഡലത്തിലും കണക്കൂ കൂട്ടി ജയ സാധ്യത തേടുകയാണ് ബിജെപി.

 

തൃശൂരില്‍ സുരേഷ് ഗോപി മികച്ച മത്സരം കാഴ്ച വച്ചെങ്കിലും ക്രൈസ്തവ വോട്ടുകള്‍ ബിജെപിക്ക് കിട്ടിയില്ലെന്നാണ് വിലയിരുത്തല്‍. എന്നാല്‍ ഇത്തവണ ബിജെപിക്ക് ആകെയുള്ള നേമം കൂടി നഷ്ടമാകുമെന്നല്ലാതെ ഒന്നും സംഭവിക്കില്ലെന്നാണ് സിപിഎമ്മും കോണ്‍ഗ്രസും പറയുന്നത്.